Skip to main content

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കായി  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

സാമൂഹ്യനീതി-വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ പരിപാടി നടത്തി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് സി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റിട്ട. ലഫ്.ജനറല്‍ വിനോദ് നായനാര്‍ അധ്യക്ഷത വഹിച്ചു.

സര്‍ക്കാര്‍ നല്‍കുന്ന മിക്ക സൗജന്യ സേവനങ്ങളെയും കുറിച്ച് ഭിന്നശേഷിക്കാരുടെ രക്ഷാകര്‍ത്താക്കള്‍ക്ക് അവബോധമില്ലാത്തത് കൊണ്ടാണ് അര്‍ഹരായ ആളുകള്‍ക്ക് ആനുകൂല്യം ലഭിക്കാത്തതെന്ന് അസി. കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. അങ്കണവാടികളിലെ അധ്യാപകര്‍ക്ക് അവരുടെ പരിധിയില്‍പെടുന്ന സ്ഥലങ്ങളിലെ ഭിന്നശേഷിയുള്ളവരെക്കുറിച്ചും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യത്തെപ്പറ്റിയും വിവരം ഉണ്ടായിരിക്കും. അതിനാല്‍ അങ്കണവാടിയിലെ അധ്യാപകര്‍ മുഖേന ഇത്തരം കുട്ടികള്‍ക്ക് ആനുകൂല്യം ലഭിക്കാനുള്ള അവസരം ഉണ്ടാക്കണം എന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യനീതി-വനിതാ ശിശുവികസന വകുപ്പ് മുഖേന ഭിന്നശേഷിയുള്ളവവര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളെയും ആനുകൂല്യങ്ങളെയും കുറിച്ച് രക്ഷിതാക്കള്‍ക്ക് അവബോധം നല്‍കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരെ സംരക്ഷിക്കാനും അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും രക്ഷാകര്‍ത്താക്കള്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് എടുക്കേണ്ടതിനെക്കുറിച്ചും സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്റര്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡി ജേക്കബ്, ലീഗല്‍ അഡൈ്വസര്‍ അഡ്വ. ജമീല്‍ അഹമ്മദ്, എം പി കരുണാകരന്‍ എന്നിവര്‍ ക്ലാസെടുത്തു. 

പ്രത്യേക പരിഗണന ആവശ്യമായ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സൗജന്യ സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയയെയും അവയുടെ സേവനങ്ങളെക്കുറിച്ചും വ്യക്തമായ ക്ലാസുകളാണ് പരിപാടിയില്‍ രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. ഇന്ത്യയിലെവിടെയുമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ ഇതര ആശുപത്രികളിലും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സൗജന്യ സേവനം നല്‍കുന്ന പദ്ധതിയാണ് നിരാമയ. ഇതിലൂടെ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള പ്രീമിയം ഇന്‍ഷുറന്‍സ് തുക കേരളസര്‍ക്കാര്‍ നാഷണല്‍ ട്രസ്റ്റിന്റെ സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്റര്‍ വഴി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യമായി ലഭിക്കുന്നു. പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാനുകൂല്യമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ രാജീവന്‍, ആര്‍ പി വിനോദ് എന്നിവര്‍  സംസാരിച്ചു.

 

date