Skip to main content

പ്രഥമ സംസ്ഥാന ജൈവവൈവിദ്യ കോണ്‍ഗ്രസിന്  ഗവ.ബ്രണ്ണന്‍ കോളേജ് വേദിയാകും

 

സംസ്ഥാന ജൈവവൈവിദ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന പ്രഥമ സംസ്ഥാന ജൈവവൈവിദ്യ കോണ്‍ഗ്രസിന് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് വേദിയാകും. ജനുവരി 26 മുതല്‍ 28 വരെയാണ് പരിപാടി. കോണ്‍ഗ്രസ് ജനുവരി 27ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജൈവവൈവിദ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ എസ് സി ജോഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യത്തിന്റെ പുനരുജ്ജീവനവും എന്നതാണ്  ജൈവവൈവിദ്യ കോണ്‍ഗ്രസിന്റെ പ്രധാന പ്രമേയം. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജൈവ വൈവിദ്യ പരിപാലന സമിതികള്‍, കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 26ന് ദേശീയ, സംസ്ഥാന തലങ്ങളിലെ മികച്ച ജൈവവൈവിധ്യ മാതൃകകളുടെ അവതരണം, 27ന് ഉദ്ഘാടനം, ജൈവ വൈവിദ്യ പരിപാലന സമിതികളുടെ സംഗമം എന്നിവയും അവസാന ദിനമായ 27ന് കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ വിഷയാവതരണവും തുടര്‍ന്ന് ശാസ്ത്രജ്ഞരുമായി മുഖാമുഖവും സംഘടിപ്പിക്കും. 

പിആര്‍ഡി ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ വി ഗോവിന്ദന്‍, ഗവ.ബ്രണ്ണന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എം ചന്ദ്രബാനു, എം ടി സനേഷ് എന്നിവര്‍ പങ്കെടുത്തു. 

 

date