Skip to main content
കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിരണം കാട്ടുനിലം സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളി ഹാളില്‍ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിക്കുന്നു.

നാളീകേരത്തിന്‍റെ  മൂല്യവര്‍ധിത ഉത്പന്ന സാധ്യത കര്‍ഷകര്‍ ഉപയോഗപ്പെടുത്തണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍

     നാളീകേരത്തില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വലിയ സാധ്യത വന്‍വ്യവസായികള്‍ കൈയടക്കും മുന്‍പ് കേരളത്തിലെ കൃഷിക്കാര്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്ന് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.  കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിരണം കാട്ടുനിലം സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  നാളീകേരത്തില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കും. സാങ്കേതികവിദ്യ ചെലവേറിയതായതിനാല്‍  കര്‍ഷകര്‍ക്ക് നേരിട്ട് വാങ്ങുന്നതിന് സാധിക്കില്ല.ഇതിനാവശ്യമായ ബജറ്റ് പ്രൊവിഷന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി വിവിധ പദ്ധതികളും വകുപ്പുകളും തമ്മില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 
    പച്ചക്കറി വിലയുടെ കാര്യത്തില്‍  ഇടപെടാന്‍  കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സാധാരണയില്‍നിന്നു വ്യത്യസ്തമായി പച്ചക്കറി വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി ജനതകിറ്റ് പുറത്തിറക്കാന്‍ ഹോര്‍ട്ടികോര്‍പ്പിന് നിര്‍ദേശം നല്‍കി. ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി 50 രൂപയുടേയും 100 രൂപയുടേയും കിറ്റുകളാക്കി ലഭ്യമാക്കും. രണ്ടു ദിവസത്തനകം ഇത് ആരംഭിക്കും.  
    തെങ്ങു കൃഷിക്കായി 10 വര്‍ഷത്തെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതിനായി ആലോചിക്കുന്നത്. തെങ്ങു നട്ടാല്‍ നാളീകേരം ലഭിച്ചു തുടങ്ങുന്നതിന് 10 വര്‍ഷത്തോളം എടുക്കും. ഇതിന്‍റെ ഭാഗമായി ഉത്പാദനക്ഷമതയില്ലാത്ത തെങ്ങ് വെട്ടിമാറ്റി പകരം ഉത്പാദന ക്ഷമതയുള്ള തെങ്ങ് നടും. പൊക്കം കുറഞ്ഞതും ഗുണമേډയുള്ളതുമായ തെങ്ങായിരിക്കും നടുക. ഇതിനാവശ്യമായ നടപടികള്‍ നടന്നു വരുകയാണ്.  ഏറ്റവും നല്ല തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് വ്യാപകമായി ഉത്പാദിപ്പിക്കുന്നതിന് മൂന്നു വര്‍ഷമെങ്കിലും വേണ്ടി വരും. പത്തുവര്‍ഷം കൊണ്ട്  ഒരു കോടിയോളം തെങ്ങിന്‍ തൈകള്‍  വച്ചു പിടിപ്പിക്കുകയാണ് ലക്ഷ്യം. ഒരു ഗ്രാമത്തിലെ നാളീകേരം ഉത്പാദിപ്പിക്കുന്ന ചെറുകിട കര്‍ഷകര്‍ ചേര്‍ന്ന് ഫാര്‍മേഴ്സ്  പ്രോഡ്യൂസേഴ്സ്  കമ്പനിയായി മാറണം. ഇവര്‍ നാളീകേരം സംഭരിച്ച് വൈവിധ്യമുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കണം. കര്‍ഷകരുടെ തന്നെ ചെറിയ സംരംഭങ്ങള്‍  വ്യാപകമായി ആരംഭിക്കാന്‍ കഴിയണം. നാളീകേരം കര്‍ഷകനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വന്‍കിട കമ്പനികളും നിര്‍മിച്ചാല്‍ കര്‍ഷകര്‍ക്ക്  ഗുണഫലം ഉണ്ടാകില്ല. റബറിന്‍റെ വിലയും ടയറിന്‍റെ വിലയുമാണ് ഇതിന് ഉദാഹരണം. 
    ഡല്‍ഹിയില്‍ നടന്ന വ്യാപാര കൂടിക്കാഴ്ചയില്‍ ഒരാഴ്ചയില്‍ 40 മെട്രിക് ടണ്‍  നാളീകേര പാല്‍ വേണമെന്ന് ജര്‍മ്മനിയിലെ ഒരു കമ്പനി ആവശ്യപ്പെട്ടു. നല്ല വില തരാന്‍ അവര്‍  തയാറാണ്. പക്ഷേ, ആ രീതിയില്‍ നാളികേര പാല്‍ സംസ്കരിക്കാന്‍  കഴിയുന്ന കമ്പനികളോ, സാങ്കേതികവിദ്യയോ കേരളത്തിലില്ല. ഈ സാധ്യതകള്‍ കണക്കിലെടുത്ത് 64  പരിപാടികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍  കേര വര്‍ഷത്തിന്‍റെ ഭാഗമായുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. ഡിസംബര്‍ 27ന് കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് നടക്കാന്‍ പോകുന്ന വൈഗയെന്ന പരിപാടിയില്‍  നാളീകേരം ഉത്പാദിപ്പിക്കുന്ന 20 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധډാരെ ക്ഷണിച്ചിട്ടുണ്ട്. നാളീകേര മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ഈ രാജ്യങ്ങളില്‍  വികസിപ്പിച്ചിട്ടുള്ള സാങ്കേതിക വിദ്യയും ഉത്പന്നങ്ങളെയും അറിയുകയാണ് ലക്ഷ്യം. കേര കര്‍ഷകരെയും സംരംഭകരെയും ഇതില്‍ പങ്കെടുപ്പിക്കും. ചെറുതും വലുതുമായ നാളീകേര അധിഷ്ഠിതമായ വ്യവസായ സംരംഭകരെ സൃഷിക്കുകയാണ് ലക്ഷ്യം. 
കേരളത്തിലെ കയര്‍  വ്യവസായത്തിന് ആവശ്യമായ ചകിരി നാര് കിട്ടാനില്ല. ഇതിനു പരിഹാരമായി തൊണ്ട്  സംസ്കരിക്കുന്നതിനുള്ള സംവിധാനം എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കും. തൊണ്ടില്‍ നിന്നു ലഭിക്കുന്ന ചകിരി നാരും ചകിരി ചോറും ചിരട്ടയില്‍ നിന്നു ലഭിക്കുന്ന ചാര്‍ക്കോള്‍, നാളീകേരത്തില്‍ നിന്നും ഇളനീരില്‍ നിന്നും ലഭിക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് വലിയ സാധ്യതയുണ്ട്. തമിഴ്നാട് 500 കോടി രൂപയാണ് ചകിരി ചോറ് കയറ്റുമതി ചെയ്തു വരുമാനം നേടുന്നത്. 25 രൂപ വിലയുള്ള നാളീകേരം മൂല്യവര്‍ധിത ഉത്പന്നമായി മാറുമ്പോള്‍ 300 രൂപയോളം ലഭിക്കും. 
    നമ്മുടെ നാട്ടില്‍ നാളീകേരത്തില്‍ നിന്ന് വെളിച്ചെണ്ണയല്ലാതെ മറ്റൊരു ഉത്പന്നവും ഉണ്ടാക്കുന്നില്ല. പക്ഷേ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക പോലുള്ള രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന നാളീകേരത്തിന്‍റെ 25-30 ശതമാനത്തോളം മ്യൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് വിനിയോഗിക്കുകയാണ്. മുപ്പതോളം മ്യൂല്യവര്‍ധിത ഉത്പന്നങ്ങളാണ് നാളീകേരത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, കേരളത്തില്‍  ഉത്പാദിപ്പിക്കുന്ന നാളീകേരത്തിന്‍റെ രണ്ട് ശതമാനം പോലും മൂല്യവര്‍ധിത ഉത്പാദനത്തിനായി മാറ്റാന്‍ നമുക്ക് സാധിച്ചിട്ടില്ല. നാളീകേരത്തില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യത നമ്മള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടില്ല. ഇതുമൂലമാണ് നാളീകേരത്തിന്‍റെ വിലയിടിവ് കര്‍ഷകനെ നേരിട്ട് ബാധിക്കുന്നത്. നാളീകേരത്തിന്‍റെ ഉത്പാദന ക്ഷമത  വര്‍ധിപ്പിക്കുന്നതിനൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കും. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നാളീകേരത്തിന്‍റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക്  വലിയ ആവശ്യകതയുണ്ട്. വെര്‍ജിന്‍ കോക്കനട്ട് ഓയിലാണ് വിദേശികള്‍ ഇപ്പോള്‍ ഭക്ഷണത്തിന്‍റെ ഭാഗമായി ഉപയോഗിക്കുന്നത്. ലോകത്തിലെ നാളീകേര മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ 50 ശതമാനം ഇറക്കുമതി ചെയ്യുന്നത് അമേരിക്കയാണ്.
    രാജ്യത്ത് ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന സ്ഥലം കേരളമാണ്. പക്ഷേ, ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ കേരളം വളരെ പുറകിലാണ്. കേരളത്തില്‍ ഒരു ഹെക്ടറില്‍ നിന്നും ലഭ്യമാകുന്നത് 7900 മുതല്‍  8500 വരെ നാളികേരമാണ്. എന്നാല്‍, തമിഴ്നാട്ടിലും, ആന്ധ്രയിലും കര്‍ണാടകയിലും ഹെക്ടറിന് 9900 മുതല്‍ 14,000 വരെ നാളീകേരം ലഭിക്കുന്നുണ്ട്. തെങ്ങ് കൃഷിയില്‍ നിന്നും കര്‍ഷകര്‍  പിډാറിയതും തെങ്ങിനുള്ള  പരിചരണം കുറഞ്ഞതും ഗുരുതരമായ രോഗബാധയും ഉത്പാദനക്ഷമത കുറഞ്ഞതിന് കാരണമാണ്. വേണ്ടത്ര ലാഭം കിട്ടാത്ത സ്ഥിതിയിലാണ് തെങ്ങ് കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങുന്ന സാഹചര്യം ഉണ്ടായത്. കൂലിച്ചെലവ് വര്‍ധിച്ചതും തെങ്ങ് കയറാന്‍ ആളില്ലാത്തതും തെങ്ങ് കൃഷിയെ ബാധിച്ചു.  ഇതിനെല്ലാം പരിഹാരം കണ്ട് കര്‍ഷകര്‍ക്ക്  പുതിയ ഉണര്‍വേകാനാണ് കേര വര്‍ഷാചരണം നടത്തുന്നത്. 
     നാളീകേര കര്‍ഷകര്‍ക്ക് മാന്യമായ വില ലഭിക്കുന്നുവെന്നത്  ആശ്വാസകരമാണ്. പക്ഷേ, പലപ്പോഴും നാളികേരത്തിന്‍റെ വില സുസ്ഥിരമായി നില്‍ക്കാറില്ല. കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാതെ വരുമ്പോഴാണ് കൃഷി വകുപ്പ് വിപണിയില്‍ ഇടപെടുന്നത്. ഇതു പലര്‍ക്കും മനസിലാകാത്ത കാര്യമാണ്. നാളീകേരത്തിന്‍റെ വില 25 രൂപയില്‍ കുറയുമ്പോഴാണ് കൃഷി  വകുപ്പ് ഇടപെടുക. അത് 25 രൂപയാക്കി കൃഷി വകുപ്പ് നിലനിര്‍ത്തും. നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ 14 രൂപ 50 പൈസയാണ് വില നല്‍കുന്നത്. എന്നാല്‍, നെല്ലിന് സംസ്ഥാന സര്‍ക്കാര്‍ 23 രൂപ 60 പൈസ നല്‍കുന്നുണ്ട്. 
    സംസ്ഥാനത്തെ 44 ഗ്രാമപഞ്ചായത്തുകളില്‍ കേരഗ്രാമം പദ്ധതി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷം നമ്മുടെ നെല്ല് നമ്മുടെ അന്നം എന്ന മുദ്രാവാക്യത്തിന്‍റെ അടിസ്ഥാനത്തില്‍ നെല്ലിന്‍റെ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. ഈവര്‍ഷം കേര വര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരകേരളം സമൃദ്ധ കേരളം എന്നതാണ് മുദ്രാവാക്യം. നെല്ലും തെങ്ങും കേരളത്തിന്‍റെ പ്രധാനപ്പെട്ട കാര്‍ഷിക വിളകളാണ്.  നെല്ല് വര്‍ഷത്തിന്‍റെ ഭാഗമായി കര്‍ഷകരെ നെല്‍കൃഷിയിലേക്ക് മടക്കി കൊണ്ടുവരുന്നതിന് വലിയ പരിശ്രമമാണ് ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 15,000 ഏക്കര്‍ തരിശു നിലങ്ങളില്‍ നമുക്ക് നെല്‍കൃഷി ആരംഭിക്കാന്‍  സാധിച്ചു. കഴിഞ്ഞ വര്‍ഷം ചെയ്തതിനേക്കാള്‍  ഇരട്ടിയിലധികം സ്ഥലത്തേക്ക് ഈ വര്‍ഷം നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. ആറډുള പാടശേഖരത്തില്‍ കഴിഞ്ഞ വര്‍ഷം 102 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്തത്. ഇത്തവണ ഇതിനു പുറമേ 250 ഹെക്ടര്‍ സ്ഥലത്താണ് പുതുതായി നെല്‍കൃഷി ചെയ്യുന്നത്. കൃഷിവകുപ്പിന്‍റെ ഈവര്‍ഷത്തെ ലക്ഷ്യം നെല്‍കൃഷിക്കൊപ്പം തെങ്ങ് കൃഷിയുമായും ബന്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 
    കാര്‍ഷിക പദ്ധതികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കര്‍ഷകര്‍ക്ക് കഴിയണമെന്ന് യോഗത്തില്‍  അധ്യക്ഷത  വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി മാത്യു  ടി.  തോമസ് പറഞ്ഞു. കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വും മുന്നേറ്റവും സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടുണ്ട്. കൃഷി-ജലസേചന വകുപ്പുകള്‍  സംസ്ഥാന തലത്തില്‍ ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തേ ഇത് ഉണ്ടായിരുന്നില്ല. കൃഷിക്ക് ജലസേചന വകുപ്പിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് സംസ്ഥാന തലത്തില്‍ ആലോചിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാന ജലസേചന പദ്ധതി തയാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചെന്നും മന്ത്രി പറഞ്ഞു.
    സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍, നിരണം ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റ് ലത പ്രസാദ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമ ചെറിയാന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് വിക്ടര്‍ ടി.  തോമസ്, സിപിഎം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി.  ആന്‍റണി, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.കെ.ജി.രതീഷ്,  ജനതാദള്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് പ്രൊഫ. അലക്സാണ്ടര്‍   കെ. സാമുവല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ജോയിസി കെ. കോശി, നിരണം കൃഷി ഓഫീസര്‍ മനു നരേന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.                                (പിഎന്‍പി 3300/17)

date