Skip to main content

രക്തസാക്ഷ്യം പരിപാടിയ്ക്ക് ഇന്ന് സമാപനം

 

മഹാത്മ ഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കത്ത് സംഘടിപ്പിക്കുന്ന രക്തസാക്ഷ്യം പരിപാടി ഇന്ന് (ജനുവരി 20) സമാപിക്കും. സമാപനസമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ്  ആവിഷ്‌കരിച്ചിരിക്കുന്നത്. വൈകിട്ട് 3ന് വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ നിന്നും ബോട്ടുജെട്ടി മൈതാനിയിലേക്ക് ഗാന്ധി സ്മൃതി ഘോഷയാത്രയും 3.30ന് വയലാര്‍ ഗാനസന്ധ്യയും നടക്കും. സമാപന സമ്മേളനം ബോട്ടുജെട്ടി മൈതാനത്ത് വൈകിട്ട് 5ന്  തുറമുഖ -പുരാരേഖ - പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. വൈക്കം വിശ്വന്‍, ബിനോയ് വിശ്വം  എം.പി, എം എല്‍ എ മാരായ കെ.സി ജോസഫ്, അഡ്വ.എ.എം ആരിഫ്, മലയാളം മിഷന്‍ ഡയറക്ടര്‍ സുജാ സൂസന്‍ ജോര്‍ജ്, അഡ്വ.പി.കെ ഹരികുമാര്‍, മുന്‍ എംഎല്‍എ കെ.അജിത്ത്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കലാമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം വൈക്കം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിക്കും. സാംസ്‌ക്കാരിക ഉന്നത സമിതി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി സ്വാഗതവും കെ.കെ ശശികുമാര്‍ നന്ദിയും പറയും. തുടര്‍ന്ന് വൈകിട്ട് 7.30 മുതല്‍ വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണ സംഗീത നിശയും നടക്കും.

ജനുവരി 17നാണ് നാലു ദിവസം നീണ്ടു നില്‍ക്കുന്ന രക്തസാക്ഷ്യം പരിപാടി ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനം പട്ടികജാതി- പട്ടികവര്‍ഗക്ഷേമ -നിയമ- സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍  സ്മാരകത്തില്‍ നിന്നും വൈക്കം സത്യാഗ്രഹസ്മാരക ത്തിലേക്കുള്ള ബൈക്ക് റാലിയ്ക്കും ഗാന്ധി പ്രതിമയിലെ പുഷ്പാര്‍ച്ചനയ്ക്കും ശേഷമാണ് ഉദ്ഘാടന സമ്മേളനം  നടന്നത്. വൈക്കം സത്യാഗ്രഹ ഹാളില്‍ വിവിധ വകുപ്പുകളുടെ പ്രദര്‍ശനമേളയും സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ, പൈതൃക ഗ്രാമം, ആര്‍ക്കൈവ്‌സ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് എന്നിങ്ങനെ വിവിധ വകുപ്പുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇതോടൊപ്പം ജനുവരി 18ന് യു. പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി കലാമത്സരങ്ങളും സംഘടിപ്പിച്ചു. പിന്നീട് നടന്ന സാഹിത്യസമ്മേളനത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യാതിഥിയായിരുന്നു.  

date