Skip to main content

രക്ഷിതാക്കളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഉപകരണങ്ങളായി കുട്ടികളെ കാണരുത് - സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

രക്ഷിതാക്കളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഉപകരണങ്ങളായി കുട്ടികളെ കാണരുതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും വനിതാ-ശിശു വികസന വകുപ്പും സംയുക്തമായി ത്രിതല പഞ്ചായത്തുകളിലെ ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി സംഘടിപ്പിച്ച ജില്ലാതല ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനി എം.ഇ.എസ് കോളേജ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ്  അധ്യക്ഷനായി.
തന്റെ മക്കള്‍ എങ്ങനെ ജീവിക്കണമെന്നത് രക്ഷിതാക്കളുടെ സ്വപ്നത്തിന്റെ അടിസ്ഥാനത്തിലാവരുത്. എന്നിലെ എല്ലാ തി•കളുടെയും അവസാനം തന്റെ മക്കളിലൂടെ ന•യായി മാറണമെന്നാണ് പല രക്ഷിതാക്കളുടെയും ആഗ്രഹം. കുട്ടിത്തത്തിന്റെ ആത്മാവിഷ്‌കാരം ബാല്യത്തിന്റെ സ്വതന്ത്രതയാണ്. സ്വന്തം മക്കളെക്കുറിച്ച് പ്രതീക്ഷയുള്ളവരാണ് നമ്മളോരോരുത്തരും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വികാസത്തിനുമായി വീടും സ്ഥലവും വരെ വില്‍പ്പന നടത്തി വാടക വീടുകളിലേക്ക് മാറിതാമസിക്കുന്ന കാഴ്ച ലോകത്ത് ഇവിടെ മാത്രമേ കാണൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നമ്മുടെ പ്രതീക്ഷകളെ കുട്ടിയുടെ ആഗ്രഹമാക്കി രൂപപ്പെടുത്താനുള്ള ശേഷിയാണ് നാം ആര്‍ജിച്ചെടുക്കേണ്ടതെന്നും സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തി. ബാല്യത്തിന്റെ സംരക്ഷണം ജനാധിപത്യത്തിന്റെ വികാസത്തിന്റെ കൂടി ലക്ഷണമാണെന്നും ശില്‍പ്പശാലയിലൂടെ ലഭിച്ച ആശയങ്ങള്‍ ഉപയോഗപ്പെടുത്തി തങ്ങളുടേതായ സ്വതന്ത്രമായ ആശയങ്ങള്‍ ബാലാവകാശ സംരക്ഷണ രംഗത്ത് കൊണ്ട് വരണമെന്ന് ത്രിതല പഞ്ചായത്ത് അംഗങ്ങളോട് സ്പീക്കര്‍ പറഞ്ഞു. ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ഒരു ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ ഡോ. എം.പി ആന്റണി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ പൊന്നാനി, പെരുമ്പടപ്പ്, കുറ്റിപ്പുറം, തിരൂര്‍ ബ്ലോക്കുകളിലെ 22 ഗ്രാമ പഞ്ചായത്തുകളിലെ ബാല സംരക്ഷണ കമ്മിറ്റി അംഗങ്ങള്‍ വളാഞ്ചേരി, പൊന്നാനി, തിരൂര്‍ നഗരസഭ അംഗങ്ങള്‍ എന്നിവര്‍ക്കാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. 'ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ ശാക്തീകരണം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ സമീപനം' എന്ന വിഷയത്തില്‍ ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് സംസാരിച്ചു. ബാലസംരക്ഷണ സംവിധാനങ്ങളും സേവനങ്ങളും ബാലനീതി നിയമം/ സംയോജിത ശിശു സംരക്ഷണ പദ്ധതിയായ ഐ.സി.പി.എസിന്റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലിയും സംസാരിച്ചു. 'കുട്ടികളുടെ അവകാശ സംരക്ഷണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ' എന്ന വിഷയത്തില്‍ ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത സംസാരിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം എം.പി ആന്റണി മാതൃകാ പദ്ധതി അവതരണത്തിന്റെയും ഗ്രൂപ്പ് ചര്‍ച്ചയുടെയും മോഡറേറ്ററായി.
പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദില്‍ഷ മുല്ലശ്ശേരി, വളാഞ്ചേരി നഗരസഭ ചെയര്‍ പേഴ്സണ്‍ സി.കെ റുഫീന, തിരൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ബാവ എന്നിവര്‍ സംസാരിച്ചു.  

date