Skip to main content

പെപ്പര്‍ പദ്ധതിയിലൂടെ സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് ഹബ്ബായി പൊന്നാനി മാറും -സ്പീക്കര്‍

 

പെപ്പര്‍ പദ്ധതിയിലൂടെ പൊന്നാനി മണ്ഡലം സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് ഹബ്ബായി മാറുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആരംഭിക്കുന്ന പൊന്നാനി പെപ്പര്‍ പദ്ധതിയുടെയും ഏകദിന ശില്‍പശാലയുടെയും ഉദ്ഘാടനം  പൊന്നാനി റൗബ്ബ റസിഡന്‍സി ഹോട്ടലില്‍ വെച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രകളെ അറിവുകളാക്കി മാറ്റുകയാണ് ടൂറിസത്തിന്റെ ലക്ഷ്യം. വൈവിധ്യങ്ങളുടെ അനുഭവമാണ് യാത്ര. പെപ്പര്‍ പദ്ധതിയോടനുബന്ധിച്ച് ടൂറിസം ഗ്രാമസഭകള്‍ സംഘടിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

ടൂറിസം സാധ്യതകളുള്ള പ്രദേശങ്ങളെ കണ്ടെത്തി  ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് പെപ്പര്‍. ടൂറിസം മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കു കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതിയില്‍ പൊന്നാനി മണ്ഡലത്തിലെ എല്ലാ ടൂറിസം സാധ്യതകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൊന്നാനി മണ്ഡലത്തിലെ വിവിധ  ടൂറിസം സാധ്യതകളും ജനങ്ങളുടെ കഴിവും കരവിരുതുകളും പാരമ്പര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഹെറിറ്റേജ് , മല്‍സ്യബന്ധനം, കയര്‍ സംസ്‌കരണം , കളിമണ്‍ പാത്ര നിര്‍മ്മാണം, കായല്‍ സവാരി ,കടല്‍ അറിവുകള്‍, പൊന്നാനി പലഹാരങ്ങള്‍ ഭക്ഷണം, ഖവ്വാലി, ഗസല്‍ സംഗീത ധാരകള്‍, പൈതൃക ഭവന ങ്ങളിലെ താമസം, പുഞ്ചക്കോള്‍ മേഖലയിലെ കൃഷി പരിചയം, പരിസ്ഥിതി പഠനം തുടങ്ങി സാധാരണ ജനങ്ങളുടെ ജീവിതവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുക.

ശില്‍പശാലയില്‍ പെപ്പര്‍ ടൂറിസം പദ്ധതിയും പൊന്നാനിയിലെ ടൂറിസം സാധ്യതകളും എന്ന വിഷയത്തില്‍ ഉത്തരവാദിത്ത ടൂറിസം  മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് ക്ലാസ്സ് എടുത്തു. സ്പെഷ്യല്‍ ടൂറിസം ഗ്രാമസഭ എന്ന വിഷയത്തില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിജി  സേവ്യറും കണ്ണൂര്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സിബിന്‍ പി പോള്‍ ടൂറിസം റിസോഴ്‌സ് മാപ്പിംഗ് എന്ന വിഷയത്തിലും സംസാരിച്ചു.

ചടങ്ങില്‍  പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ചടങ്ങില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം ആറ്റുണ്ണി തങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി. സത്യന്‍, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ജയകുമാരന്‍ നായര്‍, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ബിജി സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.  

 

date