Skip to main content

നവീകരിച്ച പൈങ്ങോട്ടൂര്‍ മിനി സ്റ്റേഡിയം കായിക പ്രേമികള്‍ക്കായി തുറന്നു

 

ചേലേമ്പ്ര പൈങ്ങോട്ടൂരില്‍ നവീകരിച്ച മിനി സ്റ്റേഡിയം കായിക പ്രേമികള്‍ക്കായി തുറന്നുകൊടുത്തു. ഉത്സവാന്തരീക്ഷത്തില്‍ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് അധ്യക്ഷനായി. കാലിക്കറ്റ് സര്‍വ്വകലാശാല കായിക വകുപ്പ് മേധാവി ഡോ. വി.പി സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയായി.  ചടങ്ങില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.കെ സൈതലവി, കെ.കെ ഗംഗാധരന്‍ നായര്‍, കെ.പി ഷാഹിന, സി.പി ഷബീറലി, സി ഹസ്സന്‍, കെ.കെ സുഹറ എന്നിവരെ ആദരിച്ചു. പി അബ്ദുല്‍ ഹമീദ് എം.എല്‍.എ അനുവദിച്ച 30 ലക്ഷം ചെലവഴിച്ചാണ് 25000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള സ്റ്റേഡിയം നവീകരിച്ചത്. വയലില്‍ ആയിരത്തോളം ലോഡ് മണ്ണിട്ട് നികത്തിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം ഗാലറിയും മൂന്ന് ഭാഗത്ത് ഫെന്‍സിംഗും ഒരുക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുള്ളിലാണ് സ്റ്റേഡിയം പ്രവൃത്തി പൂര്‍ത്തീകരിച്ചത്. സാംസ്‌കാരിക ഘോഷ യാത്രയ്ക്ക് ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ്. തുടര്‍ന്ന് സൗഹൃദ ഫുട്ബോള്‍ മത്സരവും കലാ സന്ധ്യയും അരങ്ങേറി.

ജില്ലാ പഞ്ചായത്തംഗങ്ങളായ എ.കെ അബ്ദുറഹ്മാന്‍, സെറീന ഹസീബ്, രോഹില്‍ നാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജമീല മുഹമ്മദ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി അമീര്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സി.അബ്ദുല്‍ അസീസ്, ഉദയകുമാരി, സി.ശിവദാസന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജമീല മാന്ത്ര മ്മല്‍, അപ്പുട്ടി, അക്കരപ്പാടന്‍ ജമീല, കെ.പി കുഞ്ഞിമുട്ടി, കെ.ദാമോദരന്‍,  വി.പി ഉമ്മര്‍ ഫാറൂഖ്, ഇക്ബാല്‍, പഞ്ചായത്ത് സെക്രട്ടറി സി.സന്തോഷ്, എഫ്.സി ചേലേമ്പ്ര പ്രതിനിധി എം.കെ സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു.

 

date