Skip to main content
മൈനോറിറ്റി കമ്മീഷന്‍

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ... ലോണ്‍ ഇന്‍ഷ്വര്‍ ചെയ്യാതെ വഞ്ചിച്ചെന്നു പരാതി, 

കാക്കനാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആലുവ ബ്രാഞ്ചില്‍ നിന്ന് എട്ട് ലക്ഷം രൂപ വായ്പ നല്‍കിയ ശേഷം ലോണ്‍ ഇന്‍ഷ്വര്‍ ചെയ്യുന്നതിന് തുക സ്വീകരിക്കുകയും പിന്നീട് വായ്പയെടുത്ത വ്യക്തി മരണപ്പെട്ടപ്പോള്‍ ഇന്‍ഷുറന്‍സ് തുക തിരികെ നല്‍കുകയും വായ്പാ തുക ഈടാക്കുന്നതിന് ജപ്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ പി.കെ. ഹനീഫ. 2015 ലാണ് ആലുവ സ്വദേശിയായ മജീദ് എസ്ബിഐയില്‍ നിന്ന് വായ്പയ്ക്ക് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് 2016 ജനവരി 17 ന് ലോണ്‍ ഇന്‍ഷ്വര്‍ ചെയ്യുന്നതിന് എസ്ബിഐ ലൈഫ് എന്ന കമ്പനി 29,633 രൂപ ഈടാക്കിയതായി പരാതിയില്‍ പറയുന്നു. 

ഇതേവര്‍ഷം മാര്‍ച്ച് 24 നാണ് മജീദ് മരിച്ചത്. ഇക്കാര്യം ബാങ്കിനെ അറിയിക്കുകയും വായ്പ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നതിനാല്‍ ബാധ്യതയില്ലെന്ന് കുടുംബത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ 2016 മെയ് 18 ന് ഇന്‍ഷുറന്‍സായി ഈടാക്കിയ 29,633 രൂപ തിരികെ അക്കൗണ്ടിലേക്ക് നല്‍കി. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് വായ്പ ഈടാക്കുന്നതിന് ജപ്തി നടപടികള്‍ ആരംഭിക്കുന്നതായും മജീദ് വൈദ്യപരിശോധനയ്ക്ക് ഹാജരാകാതിരുന്നതിനാല്‍ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നുമുള്ള വിവരം എസ്ബിഐ ലൈഫ് വ്യക്തമാക്കുന്നത്. എന്നാല്‍ വൈദ്യ പരിശോധനയ്ക്ക് ഹാജരാകുന്നതിന് നിര്‍ദേശിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നും ഇതിന് സമയം അനുവദിച്ചിരിക്കുകയാണെന്നും കമ്മീഷന്‍ പറഞ്ഞു. ഹാജരാക്കാന്‍ കഴിയാത്ത പക്ഷം വായ്പ തുകയുടെ ബാധ്യത എസ്ബിഐ ലൈഫ് ഏറ്റെടുക്കേണ്ടി വരുമെന്ന് എസ്ബിഐ ലൈഫ് ആലുവ ബ്രാഞ്ച് മാനേജരെ കമ്മീഷന്‍ അറിയിച്ചു. 

കൃത്യമായ ആധാരം പ്രകാരം വാങ്ങിയ ഭൂമിക്ക് കരം അടയ്ക്കാന്‍ കഴിയുന്നില്ലെന്ന വെളിയത്തുനാട് സ്വദേശിയുടെ പരാതിയില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറോട് വിശദമായ അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടു. 1987 ല്‍ വാങ്ങിയ 2.7 സെന്റ് സ്ഥലത്തിന് റീസര്‍വേയ്ക്ക് ശേഷം അര സെന്റിന് മാത്രമേ കരം സ്വീകരിക്കുന്നുള്ളൂ. ബാക്കി സ്ഥലത്തിന്റെ രേഖകള്‍ എവിടെയുമില്ലാത്തതാണ് കാരണം. ഈ ഭൂമി ഉടമസ്ഥതാവകാശം സംബന്ധിച്ച് സര്‍വേ സൂപ്രണ്ടിനോ ആലുവ എല്‍ആര്‍ തഹസില്‍ദാര്‍ക്കോ അറിവില്ല. ഇതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്താനായിട്ടില്ല. 

പ്ലസ് ടു വിദ്യാര്‍ഥിയായ പതിനാറുകാരനെ ഫോര്‍ട്ടുകൊച്ചി പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ കമ്മീഷന്‍ വാദം കേട്ടു. പരാതിക്കാരന്റെ വാദം കേട്ട കമ്മീഷന്‍ എസ്‌ഐയെ അടുത്ത സിറ്റിംഗില്‍ വിസ്തരിക്കുമെന്ന് അറിയിച്ചു. 

മൂലങ്കുഴി ബീച്ച് റോഡില്‍ അറക്കല്‍ വീട്ടില്‍ ഡേവിഡ് ആണ് തന്റെ മകന്‍ എഡ്വിന്‍ ഡേവിഡിനെ അകാരണമായി പോലിസ് മര്‍ദിച്ചെന്ന് കമ്മീഷനു മുന്നില്‍ പരാതി നല്‍കിയത്. കൂട്ടുകാരോടൊപ്പം നസ്‌റത്ത് ആശ്വാസ് ഭവനു സമീപം സംസാരിച്ച് നില്‍ക്കുമ്പോള്‍ ജീപ്പില്‍ വന്ന എസ്ഐ വിരട്ടിയോടിച്ചുവെന്നും ഇതിനു ശേഷം തന്റെ മകന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ പോലീസ് തിരികെ വന്ന് മകനെ മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.  

ജീപ്പില്‍ നിന്നിറങ്ങിയ എസ്ഐ സൈക്കിളില്‍ ഇരുന്ന എഡ്വിനെ കഴുത്തിന് പിടിച്ച് തള്ളുകയും മറിഞ്ഞ് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പിന്നീട് ജീപ്പില്‍ കയറ്റി കൈകള്‍ പിടിച്ചു തിരിച്ചെന്നും പിതാവ് പരാതിയില്‍ പറയുന്നു. തനിക്ക് പരീക്ഷയാണെന്ന് പറഞ്ഞെങ്കിലും എസ്‌ഐ വിട്ടില്ല. പിന്‍സീറ്റിലിരുന്ന കോണ്‍സ്റ്റബിളും മര്‍ദിച്ചു. സ്റ്റേഷനില്‍ എത്തിയ ശേഷവും മര്‍ദിച്ചതായും മൊബൈലില്‍ കുട്ടിയുടെ ഫോട്ടോയെടുക്കുകയും നടന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ഭാവി തകര്‍ത്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ശേഷം കുട്ടിയുടെ പിതാവ് വന്നപ്പോള്‍ പിതാവിനെ ഉപദേശിച്ച് കുട്ടിയെ കൂടെ വിട്ടു. വീട്ടില്‍ എത്തിയ ശേഷം കുട്ടി അസ്വസ്ഥത പ്രകടമാക്കിയതോടെ കരുവേലിപ്പടി മഹാരാജാസ് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒന്‍പതു ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞു. മാനസികമായി വലിയ വിഷമമാണ് തന്റെ മകന്‍ അനുഭവിച്ചതെന്നും പിതാവ് പരാതിയില്‍ പറയുന്നു.  

കളക്ടറേറ്റ് പ്ലാനിംഗ് ഹാളില്‍ നടന്ന സിറ്റിംഗില്‍ 19 പരാതികളാണ് പരിഗണിച്ചത്. അഞ്ച് പരാതികള്‍ നേരിട്ട് സ്വീകരിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ സമാന അധികാരത്തോടെയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്നും അധ്യക്ഷന്‍ പി.കെ. ഹനീഫ പറഞ്ഞു.

date