Skip to main content

ഏഴിക്കാട് കോളനിയുടെ പുനര്‍നിര്‍മാണം :നടപടികള്‍ അന്തിമഘട്ടത്തില്‍

 

പ്രളയം വരുത്തിയ സര്‍വനാശത്തിന്റെ നേര്‍ചിത്രമായിരുന്നു ആറന്മുളയിലെ ഏഴിക്കാട് കോളനി. കേരളത്തിലെ രണ്ടാമത്തെ വലിയ പട്ടികജാതി കോളനിയാണ് ഏഴിക്കാട്. രണ്ടായിരത്തിലധികം ആളുകളാണ് ഇവിടെ കരകയറാന്‍ വഴിയില്ലാതെ ദുരിതക്കയത്തിലകപ്പെട്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കാന്‍ ഇവര്‍ ഒരുങ്ങുകയാണ്. കോളനിയിലെ 51 വീടുകളാണ് പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്ന് പോയത്. 75 ശതമാനം നാശം സംഭവിച്ച 17 വീടുകളും, 74 ശതമാനം നാശം സംഭവിച്ച 77 വീടുകളും, 59  ശതമാനം നാശം സംഭവിച്ച 201 വീടുകളും, 29  ശതമാനം നാശം സംഭവിച്ച 175 വീടുകളും, 15  ശതമാനം നാശം സംഭവിച്ച 135 വീടുകളും ഇവിടെയുണ്ട്.  ഏഴിക്കാട് കോളനിയെ പുനര്‍നിര്‍മിക്കുന്നതിനായി സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് മറ്റ് സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. 

സര്‍ക്കാര്‍ നേരിട്ട് എട്ട് വീടുകളും സഹകരണവകുപ്പ് ഒരു വീടും ഫ്രീമാസന്‍ കമ്പനി 10 വീടും, മുത്തൂറ്റ് ഗ്രൂപ്പ് ഒരു വീടും ഡോ.എംഎസ് സുനിലിന്റെ നേതൃത്വത്തില്‍ രണ്ട് വീടുകളും, കൊല്ലം സഹൃദയ ക്ലബ്ബ് ഒരു വീടും ശതാനന്ദ ആശ്രമം മൂന്നു വീടുകളും, പണിതുനല്‍കുകയാണ്. റെഡ്ക്രോസിന്റെ നേതൃത്വത്തില്‍ 19 വീടുകള്‍ക്കുള്ള പ്രൊപ്പോസല്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കി കഴിഞ്ഞു.  ഒരു വീടിന് നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

15 ശതമാനം നശിച്ച വീടുകള്‍ക്ക് 10000 രൂപയും 29 ശതമാനം നാശം സംഭവിച്ച വീടുകള്‍ക്ക് 60000 രൂപയും 59  ശതമാനം നാശം സംഭവിച്ച വീടുകള്‍ക്ക് ഒന്നേകാല്‍ ലക്ഷവും 74 ശതമാനം വരെ നശിച്ചവര്‍ക്ക് രണ്ടരലക്ഷം വരെയാണ് നല്‍കുന്നത്.

                   (പിഎന്‍പി 243/19)

date