Skip to main content

പ്രളയത്തെ അതിജീവിച്ച കര്‍ഷകര്‍ക്ക് താങ്ങായി ഗ്രാമപൂര്‍ണ്ണിമ ഇക്കോഷോപ്പ്

 

പ്രളയത്തെ അതിജീവിച്ച കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് താങ്ങായി ഗ്രാമപൂര്‍ണ്ണിമ ഇക്കോഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ജൈവക്ലസ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ കൃഷിഭവന് സമീപത്ത് ആരംഭിച്ച ഇക്കോഷോപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ നിര്‍വഹിച്ചു. നാടന്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, വിത്തിനങ്ങള്‍, പച്ചക്കറി തൈകള്‍, ജൈവ വളങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ ഉത്പാദനോപാദികളും മിതമായ നിരക്കില്‍ ഇക്കോഷോപ്പിലൂടെ ലഭിക്കുന്നതാണ്. കൂടാതെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ പത്ത് വരെ ഇക്കോഷോപ്പിലൂടെ വിറ്റഴിക്കാനും അവസരമുണ്ട്. 

പ്രളയം ഏറെ ബാധിച്ച പഞ്ചായത്തിലെ കാര്‍ഷികമേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സമയോചിതമായ ഇടപെടലിലൂടെയാണ് കാര്‍ഷികവിളകളുടെ പുനരുജ്ജീവനം സാധ്യമായത്. കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരവും, പ്രളയശേഷം കൃഷിയിടങ്ങളില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാനും, പുതിയ കൃഷിയ്ക്ക് ആവശ്യമായ വിത്തുകളും നടീല്‍വസ്തുക്കളും വളങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാനും പഞ്ചായത്തിനും കൃഷിവകുപ്പിനും സാധിച്ചു. ഇങ്ങനെ ഉത്പാദിപ്പിച്ച കാര്‍ഷിക വസ്തുക്കളാണ് ഇക്കോഷോപ്പില്‍ എത്തിച്ചിരിക്കുന്നത്. പ്രളയശേഷം, ഇത്രയും കാര്‍ഷികവിളകള്‍ ഇക്കോഷോപ്പില്‍ എത്തിക്കാന്‍ സാധിച്ചതില്‍ കര്‍ഷകര്‍ക്കും സന്തോഷം. രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാരില്‍ നിന്നും ഇക്കോഷോപ്പിന്റെ നിര്‍മിതിയ്ക്കായി ലഭിച്ചത്. ആദ്യം തയാറാക്കിയ ഇക്കോഷോപ്പ് പ്രളയത്തിന്റെ ബാക്കിപത്രമായി പൂര്‍ണമായും നശിച്ചിരുന്നു. പിന്നീട് കൃഷിഭവന് സമീപത്ത് ആരംഭിച്ചതാണ് ഗ്രാമപൂര്‍ണ്ണിമ ഇക്കോഷോപ്പ്. 

ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രകാശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറി മാത്യു സാം ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി. ഈശോ, പഞ്ചായത്ത് അംഗങ്ങളായ ക്രിസ്റ്റഫര്‍ദാസ്, ലതാ ചെറിയാന്‍, സാറാമ്മ ഷാജന്‍, ആനി ജോസഫ്, ഗ്രാമപൂര്‍ണ്ണിമ ഇക്കോഷോപ്പ് സെക്രട്ടറി ഫിലിപ്പ് എബ്രഹാം, പ്രസിഡന്റ് ജിതേഷ് നക്രംകുളത്ത്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ജെ ജോര്‍ജ് ബോബി, കൃഷി ഓഫീസര്‍ എസ്. കവിത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

          (പിഎന്‍പി 248/19)

date