Skip to main content
കുടുംബശ്രീ ജെന്‍ഡര്‍ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച സ്വയംപഠ\{പക്രിയ പഠന സഹായിയുടെ പ്രകാശനം മന്ത്രി എം.എം. മണി നിര്‍വഹിക്കുന്നു.

ലിംഗസമത്വം: കുടുംബശ്രീ പഠനപ്രക്രിയക്ക് ജില്ലയില്‍ തുടക്കമായി

സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി കുടുംബശ്രീയുടെ 'ലിംഗ പദവി: സമത്വവും നീതിയും' എന്ന പ്രമേയത്തിലുള്ള നാലാംഘട്ട സ്വയംപഠന പ്രക്രിയക്ക് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ ജെന്‍ഡര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ നടപ്പിലാക്കി വരുന്ന പഠന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിര്‍വഹിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷനായി. ചടങ്ങില്‍ പഠനപ്രക്രിയ പഠന സഹായി പുസ്തക പ്രകാശനം മന്ത്രി നിര്‍വഹിച്ചു. കൂടാതെ കുടുംബശ്രീ ഗ്രാമകിരണം നിര്‍മ്മിക്കുന്ന സോളാര്‍ ഔട്ട്‌ഡോര്‍ ലൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു.  
സ്ത്രീപദവി സ്വയംപഠന പ്രക്രിയ സ്ത്രീകളുടെ അവകാശങ്ങളും അവസരങ്ങളും തിരിച്ചറിയുന്നതിനുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനമാണ്. സ്വയംപഠനത്തിന്റെ ഭാഗമായി സ്ത്രീയും ആരോഗ്യവും, സ്ത്രീയും തൊഴിലും, സ്ത്രീയും സഞ്ചാരസ്വാതന്ത്ര്യവും എന്നീ മൊഡ്യൂളുകള്‍ അയല്‍ക്കൂട്ടങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. നാലാം മൊഡ്യൂളില്‍ ലിംഗ സമത്വവുമായി ബന്ധപ്പെട്ട പാഠങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പാഠഭാഗങ്ങള്‍ ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ അവതരിപ്പിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് അയല്‍ക്കൂട്ട പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും. ലിംഗസമത്വം പുരുഷമേധാവിത്വം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ആഴത്തിലറിയാനും വിമര്‍ശനാത്മകമായി ചുറ്റുപാടിനെ നോക്കിക്കാണാനും സ്ത്രീകളെ പ്രാപ്തരാക്കുന്നതിനും പഠനപ്രക്രിയ സഹായിക്കും. പ്രശസ്ത വിദ്യാഭ്യാസ ചിന്തകന്‍ പൗലോ ഫ്രിയറുടെ 'പ്രശ്‌നമുന്നയിക്കല്‍' സമീപനമാണ് ഈ പരിശീലനം പിന്തുടരുന്നത്.  അധ്യാപന രീതിയിലല്ലാതെ സംവാദങ്ങള്‍ നടത്തിയും ചോദ്യങ്ങള്‍ ചോദിച്ച് മറ്റുള്ളവരെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് പദ്ധതി ചിട്ടപ്പെടുത്തിയിട്ടുള്ളത്. 
     ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ സുഫൈജ അബൂബക്കര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഷംസുദ്ദീന്‍ തെക്കില്‍, ഗീത ബാലകൃഷ്ണന്‍, സി.എം. ശാസിയ, കുടുംബശ്രീ എഡിഎംസി ഡി. ഹരിദാസ്, പഞ്ചായത്ത് അംഗങ്ങളായ മാധവന്‍ നായര്‍, എന്‍.വി. ബാലന്‍, രേണുക ഭാസ്‌കരന്‍, കുടുംബശ്രീ പഞ്ചായത്ത് ചെയര്‍പേഴ്‌സന്‍ മുംതാസ് അബൂബക്കര്‍, മെംബര്‍ സെക്രട്ടറി എം. ബാബു, ജില്ലാ പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍) ആരതി മേനോന്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, സിഡിഎസ് അംഗങ്ങള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ദേളിയില്‍ നിന്നും പഞ്ചായത്ത് ഓഫീസ് പരിസരത്തേക്ക് വാദ്യമേള അകമ്പടിയോടെ ഘോഷയാത്ര നടത്തി.

 

date