Skip to main content
കണ്ണൂര്‍ ഗാന്ധി ഗ്രാമസൗഭ്യാഗ്യയില്‍ ഫെബ്രുവരി ആറു വരെ നടക്കുന്ന ഗാന്ധി സ്മൃതി ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കുന്നു.

30 ശതമാനം റിബേറ്റുമായി  ഗാന്ധി സ്മൃതി ഖാദി മേള ആരംഭിച്ചു

ഗാന്ധിജിയുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ഖാദി ബോര്‍ഡും പയ്യന്നൂര്‍ ഖാദി കേന്ദ്രവും സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി ഖാദി മേള ആരംഭിച്ചു. മേളയുടെ ജില്ലാതല ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു.

ഗാന്ധിജിയുടെ താല്പര്യമായിരുന്നു വിദേശി വസ്ത്രങ്ങള്‍ ജനങ്ങള്‍ ഉപേക്ഷിച്ച് സ്വദേശി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക എന്നത്. ഇത്തരത്തില്‍ ഗാന്ധിജിയുടെ ആഗ്രഹങ്ങളും ദര്‍ശനങ്ങളും നടപ്പിലാക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഖാദി ഒരു പ്രധാന സമരായുധമായിരുന്നു. ആ പ്രാധാന്യം ഉള്‍ക്കൊണ്ട് ജനങ്ങള്‍ ഖാദിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ആറ്  വരെ കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയിലാണ് മേള. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഖാദി കോട്ടണ്‍, മസ്ലിന്‍, കാവി മുണ്ടുകള്‍, ഖാദി റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഗുണമേന്‍മയുള്ള കിടക്ക, തലയിണ, തേന്‍, എള്ളെണ്ണ, സോപ്പ്, പ്രകൃതിദത്തമായ പട്ടുനൂലില്‍ നെയ്തെടുക്കുന്ന പയ്യന്നൂര്‍ പട്ടുസാരികള്‍ തുടങ്ങിയവ മേളയില്‍ ലഭിക്കും. ഗാന്ധി സ്മൃതി ഖാദി മേളയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പുതുതലമുറയെ ഖാദിയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ എസ്.എന്‍.കോളേജ്, കൃഷ്ണമേനോന്‍ വനിതാ കോളേജ്, പയ്യന്നൂര്‍ കോളേജ്, കണ്ണൂര്‍ കലക്ടറേറ്റ് എന്നിവിടങ്ങളില്‍ പ്രദര്‍ശനവും വിപണനവും നടത്തും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍,  ഖാദിബോര്‍ഡ് അംഗം കെ ധനന്‍ജയന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, കെ ടി ഡി സി അംഗം യു ബാബു ഗോപിനാഥ്, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, പ്രൊജക്ട് ഓഫീസര്‍ എന്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

date