Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം; 

സെലക്ഷന്‍ ട്രയല്‍ നാളെ

ജി വി രാജ സ്പോര്‍ട്സ് സ്‌കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ സ്‌കൂളിലും പ്രവേശനത്തിനുള്ള ജില്ലാതല സെലക്ഷന്‍ നാളെ(ജനുവരി 22) നടക്കും. രാവിലെ എട്ടു മണി മുതല്‍ കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍. ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വണ്‍/വിഎച്ച്എസ്ഇ ക്ലാസുകളിലേക്കാണ് പ്രവേശനം.

അത്ലറ്റിക്സ്, ബാസ്‌കറ്റ് ബോള്‍, ഫുട്ബോള്‍, വോളിബോള്‍, തയ്ക്കൊണ്ടോ, റസ്ലിംഗ്, ഹോക്കി, വെയ്റ്റ്ലിഫ്റ്റിംഗ്, ബോക്സിങ്, ജൂഡോ എന്നീ ഇനങ്ങളില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുക്കുക. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജനന തീയതി തെളിയിക്കുന്ന രേഖയും ഫോട്ടോയും ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ www.sportskerala.orgല്‍ ലഭിക്കും. ഫോണ്‍: 0471 2326644

 

അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള കോഴ്‌സിന് പ്രായപരിധിയില്ല.  അപേക്ഷയും വിശദ വിവരങ്ങളും  kerala.gov.in/www.srccc.in ല്‍ ലഭിക്കും.  അവസാന തീയതി: ജനുവരി 31. 

 

എംപ്ലോയ്‌മെന്റ് സീനിയോറിറ്റി പുനസ്ഥാപിക്കാം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരായി സീനിയോറിറ്റി പുനസ്ഥാപിക്കാവുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

 

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത അംഗത്വമുള്ള തൊഴിലാളികളുടെ എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള 2018-19 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  2018-19 വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ്/സെന്‍ട്രല്‍ സ്‌കൂളുകളില്‍ എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിച്ച് വാര്‍ഷിക പരീക്ഷയില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്.  പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 10 നകം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം.  ഫോണ്‍: 0497 2705197.  

 

പൊലീസ് പരാതി അതോറിറ്റി സിറ്റിങ്ങ് മാറ്റി

നാളെ(ജനുവരി 22)  കലക്ടറേറ്റില്‍ നടത്താനിരുന്ന പൊലീസ് പരാതി അതോറിറ്റി സിറ്റിങ്ങ് ജനുവരി 24 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

 

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം 

വിധവകളുടെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മക്കളുടെ ട്യൂഷന്‍ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ്സ്ഫീസ് എന്നിവക്ക് സാമ്പത്തിക സഹായം നല്‍കുന്ന പടവുകള്‍ എന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

     മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവരും, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ/സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള കോളേജുകള്‍ എന്നിവയില്‍ പഠിക്കുന്നവരുമായിരിക്കണം.  കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.   മറ്റ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍, അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍, ആശാവര്‍ക്കര്‍മാര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല.  പഠിക്കുന്ന സ്ഥാപനത്തിലെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയുടെ രസീതിയുടെ അസ്സല്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

         നിശ്ചിത മാതൃകയിലുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസുകളിലും കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസിലും, http://wcd.kerala.gov.in/ ലും ലഭിക്കും.  അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം തൊട്ടടുത്ത ശിശുവികസന ഓഫീസുകളില്‍ ജനുവരി 28 വരെ സ്വീകരിക്കും.

 

മോട്ടോര്‍ തൊഴിലാളി സേവനങ്ങള്‍ ഓണ്‍ലൈനില്‍

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും അംശദായം അടക്കുന്നതിനായി ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തി.  മോട്ടോര്‍ വാഹന വകുപ്പിന്റെയും ക്ഷേമനിധി ബോര്‍ഡിന്റെയും വെബ്‌സൈറ്റുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വാഹന നികുതി അടക്കുമ്പോള്‍ ക്ഷേമനിധി രസീത് ഹാജരാക്കേണ്ടതില്ല.   അംഗങ്ങള്‍ക്ക് വിഹിതം അടക്കുവാനായി അക്ഷയ/ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിലൂടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നാണ്.  കൂടാതെ ഇ ഡിസ്ട്രിക്ട്  ഓണ്‍ലൈന്‍ പേമെന്റ് വഴിയും അടക്കാവുന്നതാണ്.  ഇതിനായി www.kmtwwfb.org എന്ന വെബ്‌സൈറ്റില്‍ കയറി ഇ പേ വഴി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/ഇന്‍ര്‍നെറ്റ് ബാങ്കിംഗ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിലേക്ക് ഉടമ/തൊഴിലാളി അംശദായം അടക്കാം.

 

വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തന്നട, മായാബസാര്‍, ഇല്ലത്തുവളപ്പ്, ഹാജി മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജനുവരി 22) രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലപ്പട്ടം, കുപ്പം, മലപ്പട്ടം സെന്റര്‍, അടിച്ചേരി, അരീച്ചാല്‍, കൊവുന്തല, പടപ്പക്കരി, മുനമ്പ് കടവ്  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജനുവരി 22) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിഴുത്തള്ളി, കെഡബ്ല്യുഎ, എസ്എന്‍ കോളേജ്, ഓവുപാലം, സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, രാജന്‍ പീടിക, കാഞ്ഞിര സ്വരാജ്, ദിനേശ് കറി പൗഡര്‍, ജെടിഎസ്, ആപ്‌കോ, എയര്‍ട്ടെല്‍ തോട്ടട, വനിതാ ഐടിഐ എന്നിവിടങ്ങളില്‍ നാളെ(ജനുവരി 22) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടണ്‍സ് റോഡ്, ചുങ്കം, വെല്‍ഫയര്‍ സ്‌കൂള്‍, ലിജിമ എന്നിവിടങ്ങളില്‍ നാളെ(ജനുവരി 22) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ധര്‍മ്മശാല, കുഴിച്ചാല്‍, സ്‌നേക്ക് പാര്‍ക്ക്, തവളപ്പാറ, കോള്‍മൊട്ട, സര്‍വ്വീസ് സ്‌റ്റേഷന്‍, എഞ്ചിനീയറിംഗ് കോളേജ്, എലൈറ്റ് കമ്പനി എന്നിവിടങ്ങളില്‍ നാളെ(ജനുവരി 22) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പോയിസന്‍ കുന്ന്, കൂടാളി, താറ്റ്യോട്, താറ്റ്യോട് അമ്പലം, കോയ്യോടന്‍ചാല്‍, കുംഭം, കൂടാളി പിഎച്ച്‌സി, കൂടാളി പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ നാളെ(ജനുവരി 22) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

'അമ്മയ്‌ക്കൊരിടം'; ഉദ്ഘാടനം നാള

ജില്ലാ പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയായ 'അമ്മയ്‌ക്കൊരിടം' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്(ജനുവരി 22) ന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ ആശുപത്രിയില്‍ പി കെ ശ്രീമതി ടീച്ചര്‍ എം പി നിര്‍വഹിക്കും.  60 ലക്ഷ രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്.

 

സ്റ്റൈപന്റ് വിതരണം;  വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം

2018-19 അധ്യയന വര്‍ഷം ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രണ്ടാംഘട്ടം പ്രതിമാസ സ്റ്റൈപന്റ് വിതരണത്തിനായി സ്ഥാപന മേധാവികള്‍ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍, അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ് സഹിതം ജനുവരി 21 ന് മുമ്പ് ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം.  അതോടൊപ്പം സ്ഥാപന മേധാവിയുടെ അക്കൗണ്ട് വഴി വിതരണം ചെയ്ത ഒന്നാം ഘട്ട ആനുകൂല്യത്തിന്റെ അക്വിറ്റന്‍സും സമര്‍പ്പിക്കേണ്ടതാണ്.  ഫോണ്‍: 0497 2700357.

 

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്; ഇന്റര്‍വ്യൂ 25 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജനുവരി 25ന് 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു.

ഒഴിവുകള്‍: മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്‌സ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, പ്രൊഡക്ഷന്‍ എഡിറ്റര്‍(ബിരുദം/ബിരുദാനന്തര ബിരുദം), ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്(പ്ലസ് ടു/ബിരുദം).

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും   പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497  2707610.

 

 എന്‍ട്രന്‍സ് പരിശീലനം

പ്ലസ്ടു സയന്‍സിന് പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഒരു മാസത്തെ നീറ്റ്/എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ് പരിശീലനം.  താല്‍പര്യമുള്ളവര്‍ പ്ലസ് വണ്‍ പരീക്ഷയിലും പ്ലസ് ടു ഇതുവരെയുള്ള പരീക്ഷകളിലും വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, രക്ഷിതാക്കളുടെ സമ്മതപത്രം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം ജനുവരി 31 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഐ ടി ഡി പി ഓഫീസില്‍ എത്തിക്കണം.  ഫോണ്‍: 0497 2700357.

 

മഴവില്ല്: സ്വാഗതസംഘം 24 ന്

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള സമഗ്രശിക്ഷ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍നടക്കുന്ന മഴവില്ല്-2019 ജില്ലാതല ഇന്‍ക്ലുസീവ് കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം 24 ന് ഉച്ചക്ക് 2.30 ന് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍ ചേരും. ജനുവരി 28, 29 തീയതികളിലാണ് കലോല്‍സവം. 

 

ആംബുലന്‍സുകള്‍ വാങ്ങാന്‍ ഇ ടെണ്ടര്‍

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എഎല്‍എസ് ആംബുലന്‍സ്, കീഴ്ഘടക സ്ഥാപനങ്ങളിലേക്ക് മൂന്ന് ആംബുലന്‍സുകള്‍ എന്നിവ വാങ്ങുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസ് ഇ ടെണ്ടര്‍ (ബി1/19095/2018) ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2700194.

 

ഒറ്റത്തവണ തീര്‍പ്പാക്കല്‍

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കണ്‍സോര്‍ഷ്യം ബാങ്ക് ക്രെഡിറ്റ്(സിബിസി) പദ്ധതിയില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവില്‍ കുടിശ്ശികയായവര്‍ക്ക് പിഴപലിശ ഇല്ലാതെ വായ്പ അടച്ചുതീര്‍ക്കാന്‍ ഫെബ്രുവരി 14 വരെ അവസരം നല്‍കുന്നു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ഇത്. ഫോണ്‍ 0497 2700057.

date