Skip to main content

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍  പരാതി പരിഹാര സമിതികള്‍ ജാഗ്രത പുലര്‍ത്തണം                                                             വനിതാ കമ്മീഷന്‍ 

 

      

    തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളില്‍ പരാതികള്‍ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച പരാതി പരിഹാര സമിതികള്‍ നീതി ലഭ്യമാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് മജീദ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി രൂപവത്കരിച്ച സമിതികള്‍ പലതും നിഷ്‌ക്രീയമാണ്. ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് ഇത് തടസ്സമാകുന്നു. മാനേജ്‌മെന്റുകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുളള കമ്മറ്റികളാണ് പല സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇത്തരം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പരാതികള്‍ പോലീസിന്റെ പരിഗണയിലാണെന്നും പറഞ്ഞു കൈയ്യൊഴിയുന്ന പ്രവണതയും ചില പരാതി പരിഹാര സമിതികള്‍ സ്വീകരിക്കുന്നുണ്ട്. ഇത് തെറ്റായ നടപടിയാണ്. വ്യത്യസ്ത കേസുകളായി കമ്മീഷനു മുന്നില്‍  വന്ന മൂന്ന് പരാതികളിലും സ്ഥാപനങ്ങളില്‍ കമ്മറ്റി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് കണ്ടെത്തിയത്. ഇവരില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരോട് മാന്യമായി പെരുമാറാനും പരസ്പര ബഹുമാനം നല്‍കാനും സാധിക്കണം. സ്ഥാപനങ്ങളില്‍ സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുത്താന്‍ മാനേജ്‌മെന്റ ശ്രദ്ധചെലുത്തണമെന്നും എം.സി ജോസഫൈന്‍  പറഞ്ഞു.

 

     അദാലത്തില്‍ 47 കേസുകളാണ് വനിതാകമ്മീഷന്റെ മുമ്പാകെ വന്നത്. പതിനെട്ട് കേസുകള്‍ തീര്‍പ്പാക്കി. ഒരെണ്ണത്തില്‍ പ്രത്യേകം അന്വേഷണവും ഒരെണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടാനും കമ്മീന്‍ തീരുമാനിച്ചു. വിവിധ കാരണത്താല്‍ 27 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.വനിതാകമ്മീഷന്‍ അംദം ഡോ.ഷാഹിദാ കമാല്‍, അഡ്വക്കറ്റ്മാരായ മിനി മാത്യൂസ്, ടി.എസ് കവിത, വി.കെ പ്രിയ എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.

 

date