Skip to main content

ജില്ലയിലെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളുടേയും  വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി

 

അടൂര്‍ നഗരസഭയുടെ 2019-20 വാര്‍ഷികപദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം. ഇതോടുകൂടി ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടേയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗമാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. അടൂര്‍ നഗരസഭയുടെ 126797248 രൂപ അടങ്കല്‍ വരുന്ന 186 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, റാന്നി ബ്ലോക്ക് പഞ്ചായത്ത്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ 2018-19 വാര്‍ഷികപദ്ധതി ഭേദഗതിക്കും യോഗം അംഗീകാരം നല്‍കി.

പ്രളയാനന്തര നവകേരളസൃഷ്ടിയുടെ ഭാഗമായി ജില്ലയില്‍ നിന്ന് ഏറ്റെടുത്ത് നടപ്പിലാക്കേണ്ട പദ്ധതികളുടെ വിശദവിവരം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരം, തദ്ദേശഭരണസ്ഥാപനങ്ങള്‍ തയാറാക്കിയ 23 പദ്ധതികള്‍ ആസൂത്രണസമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇതില്‍ നിന്ന് ആസൂത്രണസമിതി അംഗങ്ങള്‍ തിരഞ്ഞെടുത്ത പത്ത് പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായി ആസൂത്രണസമിതി തീരുമാനിച്ചു. 

ഇലന്തൂര്‍ ബ്ലോക്കില്‍ ഡയറി ലാബ് നിര്‍മാണവും പാലിന്റേയും പാലുത്പന്നങ്ങളുടേയും കാലിത്തീറ്റകളുടേയും ഗുണമേന്മ പരിശോധന ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി നാല്‍പ്പത് ലക്ഷം രൂപയുടെ പദ്ധതിയും, പറക്കോട് ബ്ലോക്കിലെ കൊടുമണ്‍ പഞ്ചായത്തില്‍ നെല്ല് സംഭരണകേന്ദ്രത്തിന്റെ നിര്‍മാണത്തിനായി 25 ലക്ഷം രൂപയുടെ പദ്ധതിയും, കടമ്പനാട് ചക്കൂച്ചിറ എല്ലാത്തോട് വശം കെട്ടി സംരക്ഷിക്കുന്നതിനായി 48 ലക്ഷം രൂപയുടെ പദ്ധതിയും, അടൂര്‍ നഗരസഭയില്‍ പാബേജ്കുളം-ഓള്‍ സെയിന്റ്സ് കല്ലുവിളപ്പടി-പാരിജാതവാടി റോഡ് നവീകരണത്തിനായി 22.5 ലക്ഷം രൂപയുടെ പദ്ധതിയും, പന്തളം നഗരസഭയില്‍ അച്ചന്‍കോവിലാറില്‍ തടയണ നിര്‍മിക്കുന്നതിനുള്ള പദ്ധതിയും,  പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ ചന്ദനകുന്ന്, കല്ലടയില്‍ പുറത്തുണ്ട്, ആയത്തില്‍ എന്നീ കുളങ്ങളുടെ സംരക്ഷണത്തിനായി 16 ലക്ഷം രൂപയുടെ പദ്ധതിയും,  തുമ്പമണ്‍ പഞ്ചായത്തിലെ അമ്പലക്കടവ് പാലം മുതല്‍ കടക്കാട് തോട് വരെയുള്ള ഭാഗത്തെ മണ്ണ് സംരക്ഷണത്തിനായി അഞ്ച് കോടി രൂപയുടെ പദ്ധതിയും, 

കോന്നി ബ്ലോക്കിലെ തണ്ണിത്തോട് പഞ്ചായത്തില്‍ ടൂറിസം പദ്ധതിക്കായി മണ്ണീറ വെള്ളച്ചാട്ടസംരക്ഷണത്തിന് ഒരുകോടി രൂപയുടെ പദ്ധതിയും, മല്ലപ്പള്ളി ബ്ലോക്കിലെ തകര്‍ന്ന പുറംബണ്ടുകളുടേയും നദീതീരങ്ങളുടെ പുനര്‍നിര്‍മാണത്തിനായി 45 ലക്ഷം രൂപയുടെ പദ്ധതിയും ഉള്‍പ്പെടുത്തി ആകെ 8.16 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുന്നത്. യോഗത്തില്‍ ഡി.പി.സി അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                         (പിഎന്‍പി 256/19)

date