Skip to main content
ജില്ലയിലെ തീരദേശവാസികള്‍, മത്സ്യതൊഴിലാളി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഭരണപരിഷ്‌ക്കാര കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ കമ്മീഷന്‍ മെംബര്‍ സെക്രട്ടറി ഷീല തോമസ്, കമ്മീഷന്‍ അംഗങ്ങളായ നീല ഗംഗാധരന്‍, സി.പി. നായര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ എന്നിവര്‍.

മത്സ്യബന്ധന മേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മീഷനെ നിയമിക്കണം: ഭരണ പരിഷ്‌കാര കമ്മീഷന്‍

മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാനും പ്രായോഗിക മാര്‍ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താനും പ്രത്യേക കമ്മീഷനെ നിയമിക്കണമെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ജില്ലയിലെ തീരദേശവാസികള്‍, മത്സ്യതൊഴിലാളി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി 'പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അടുത്തേക്ക്' എന്ന വിഷയത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍. മത്സ്യബന്ധനമേഖല ശക്തിപ്പെടുത്തുന്നതിനും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പിന്തുണയ്ക്കുന്നതിനുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും മത്സ്യതൊഴിലാളി മേഖലയും ഭരണസംവിധാനത്തിനുമിടയില്‍ വിടവ് നില്‍ക്കുന്നുവെന്ന ആക്ഷേപം പരിശോധിക്കാനും പരിഹാരം നിര്‍ദേശിക്കുന്നതിനുമാണ് കമ്മീഷന്‍ യോഗം വിളിച്ചു ചേര്‍ത്തത്. പരമ്പരാഗത മത്സ്യമേഖലയെ തകര്‍ക്കുന്ന തരത്തില്‍ സമ്പന്നര്‍ കടന്നു വന്ന് വലിയ മത്സ്യ വിപണന കേന്ദ്രങ്ങള്‍ തുറക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യാതൊരു മാനദണ്ഢവുമില്ലാതെ ലൈസന്‍സ് അനുവദിക്കുകയും ചെയ്യുന്നത് മൂലം പാവപ്പെട്ട തൊഴിലാളികള്‍ പട്ടിണിയിലുമാവുന്ന ഭീതിതമായ സാഹചര്യം ജില്ലയിലുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കടല്‍ക്ഷോഭമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായം ലഭ്യമാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ബോട്ടുകളില്ല. അടിയന്തിര സാഹചര്യങ്ങള്‍ക്കായി കണ്ണൂര്‍ ജില്ലയിലെ റെസ്‌ക്യൂ ബോട്ടിനെ ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്ന്  പ്രതിനിധികള്‍ പറഞ്ഞു. 
ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ തീരദേശ പോലീസിന്റെ ബോട്ടുകള്‍ പ്രയോജനപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരം നല്‍കണമെന്നും ഇതിന്റെ ചെലവുകള്‍ വഹിക്കാന്‍ ഫിഷറീസ് വകുപ്പ് തയ്യാറാകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കൂടാതെ സംസ്ഥാനത്തെ എല്ലാ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലും റെസ്‌ക്യൂ ബോട്ടുകള്‍ അനുവദിക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. രാത്രിയുടെ മറവില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയുടെ തീരദേശ മേഖലയിലേക്ക് വരുന്ന വലിയ മത്സ്യബന്ധന യാനങ്ങള്‍ ഇവിടത്തെ തൊഴിലാളികള്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ പരിഹാര മാര്‍ഗങ്ങള്‍ കാണണം. കാസര്‍കോട്, മഞ്ചേശ്വരം ഹാര്‍ബറുകളുടെ അശാസ്ത്രീയ നിര്‍മ്മാണം തൊഴിലാളികള്‍ക്ക് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അടിയന്തര പരിഹാരം കാണണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. 
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ചിലര്‍ക്ക് ഇനിയും കിട്ടിയില്ലെന്ന പരാതികള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ഫിഷറീസ് വകുപ്പിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. സുനാമി കോളനികളിലെ വീടുകള്‍ അനുവദിക്കുന്നതില്‍ വീഴ്ച വരുന്നുണ്ടെന്ന പരാതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ജനുവരി 29ന് സുനാമി ഭവനപദ്ധതിയിലെ അലോട്ട്‌മെന്റ് പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു യോഗത്തെ അറിയിച്ചു. ജില്ലയിലെ ചിലയിടങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നതിന് കാരണം അശാസ്ത്രീയവും നിയമവിരുദ്ധവുമായ കടല്‍ മണല്‍ ഖനനം ചെയ്യുന്നത് മൂലമാണെന്നും ഇത് തടയാന്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. കമ്മീഷന്‍ അംഗങ്ങളായ സി.പി. നായര്‍, നീല ഗംഗാധരന്‍, കമ്മീഷന്‍ മെംബര്‍ സെക്രട്ടറി ഷീല തോമസ്, കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, എഡിഎം എന്‍ ദേവിദാസ്, കമ്മീഷന്‍ അഡി. സെക്രട്ടറി സി.ജി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date