Skip to main content

കരിയർ രൂപപ്പെടുത്താൻ ഇനി മോഡൽ കരിയർ സെന്റർ ഉദ്ഘാടനം ഇന്ന് (ജനുവരി 23)

 

യുവാക്കൾക്ക് കരിയർ രൂപപ്പെടുത്താനും യോഗ്യതയ്ക്കും അഭിരുചിയ്ക്കുമനുസരിച്ച് തൊഴിൽ ലഭിക്കാനും സഹായിക്കുന്ന മോഡൽ കരിയർ സെന്റർ തലസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നു. തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പി. എം. ജിയിലെ സ്റ്റുഡന്റ്‌സ് സെന്ററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ഭാഗമായാണ് കേന്ദ്രം പ്രവർത്തിക്കുക. രാജ്യത്ത് ആരംഭിക്കുന്ന 100 മോഡൽ കരിയർ സെന്ററിൽ ഒന്നാണിത്. കേന്ദ്ര സർക്കാരിന്റെ ദേശീയ കരിയർ സർവീസ്, കേരള സർവകലാശാല എന്നിവരുടെ സഹകരണത്തോടെയാണ് തൊഴിൽ വകുപ്പ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 

വിദ്യാർത്ഥികളുടെ താത്പര്യം ശാസ്ത്രീയമായി അപഗ്രഥിച്ച് ഉന്നത പഠന കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ കേന്ദ്രം സഹായിക്കും. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ നേടാനാവശ്യമായ മത്‌സരപരീക്ഷാ പരിശീലനവും ലഭ്യമാക്കും. സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ യോഗ്യതയോടു കൂടിയ ജീവനക്കാരെ ഒരുക്കാനും മോഡൽ കരിയർ സെന്റർ സംവിധാനമൊരുക്കും. തൊഴിലാളികളുടെ നൈപുണ്യശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ടാവും. 

മികച്ച കരിയർ തിരഞ്ഞെടുക്കുന്നതിന് വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും കൗൺസലിംഗ് നൽകും. തങ്ങളുടെ ശേഷിക്കനുസരിച്ച് ലഭിക്കുന്ന മികച്ച ജോലികളെ പരിചയപ്പെടുത്തും. ഇതിനായി പ്രത്യേക കൗൺസിലിംഗ് മുറികൾ കേന്ദ്രത്തിലുണ്ട്. മികച്ച കമ്പ്യൂട്ടർ ലാബാണ് മറ്റൊരു പ്രത്യേകത. 20 കമ്പ്യൂട്ടറുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തൊഴിലന്വേഷകർക്ക് ഇവിടത്തെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പ്രൊഫൈലുകളിൽ മാറ്റം വരുത്താനും ജോലിക്ക് അപേക്ഷ സമർപ്പിക്കാനുമാവും. 

മോഡൽ കരിയർ സെന്റർ തൊഴിൽ മന്ത്രി ടി. പി. രാമകൃഷ്ണൻ ഇന്ന് (ജനുവരി 23) രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.

പി.എൻ.എക്സ്. 254/19

date