Skip to main content

അമൃത് ശുദ്ധജല വിതരണ പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ അമൃത് ശുദ്ധജല വിതരണ പദ്ധതിക്കായി പൊതുമരാമത്ത്, ദേശീയപാതാ റോഡുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. 

പൊതുമരാമത്ത് റോഡായ തോട്ടട-കിഴുന്നപ്പാറ റോഡില്‍ 2 റീച്ചുകളിലായി 4.5 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ഉടന്‍ നല്‍കാന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയറെ യോഗം ചുമതലപ്പെടുത്തി. നിലവില്‍ 6 പൊതുമരാമത്ത് റോഡുകളില്‍ കട്ടിംഗിന് അനുമതി നല്‍കിയിട്ടുണ്ട്. ഇവയില്‍ പെപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഫെബ്രുവരി 15 നകം പൂര്‍ത്തീകരിക്കണം. പുഴാതി, പള്ളിക്കുന്ന്, എടക്കാട്, എളയാവൂര്‍ സോണുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി മേയ് മാസത്തോടുകൂടി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ ധാരണയായി. 114.47 കോടി രൂപയുടെ 12 കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ചുമതല കേരളാ ജലഅതോറിറ്റിക്കാണ്. ദേശീയ പാതയില്‍ ചൊവ്വ ഗേറ്റ് മുതല്‍ നടാല്‍ ഗേറ്റ് വരെയും പളളിക്കുന്ന് മുതല്‍ തെഴുക്കീല്‍ പീടിക വരെയും 11 കിലോമീറ്ററില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 41 കിലോമീറ്റര്‍ പിഡബ്ല്യു റോഡുകളിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നു പോകുന്നത്.

യോഗത്തില്‍ മേയര്‍ ഇ പി ലത, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, കേരള ജലതോറിറ്റി എം.ഡി. എ കൗശികന്‍, പിഡബ്ല്യുഡി ഡെപ്യൂട്ടി

ചീഫ് എഞ്ചിനിയര്‍ ബിന്ദു എന്‍, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ കെ.വി.സജീവന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ കെ ജിഷാകുമാരി,  പി രത്‌നകുമാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി പി രാധാകൃഷ്ണന്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ആര്‍ ഹരീന്ദ്ര നാഥ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ പി ദിലീപ് എന്നിവര്‍ പങ്കെടുത്തു. 

 

date