Skip to main content

ഭരണഘടനാ സാക്ഷരതാ സന്ദേശയാത്രയ്ക്ക് സ്വീകരണം ഭരണഘടന സംവിധാനം കാത്തുസൂക്ഷിക്കേണ്ടത് പൊതുജനങ്ങള്‍:  -മന്ത്രി കെ. കൃഷ്ണന്‍കുട്ടി

 

ജനാധിപത്യത്തിന്‍റെ ഉടമകള്‍ ജനങ്ങളാണെന്നും ഭരണഘടനാ തത്ത്വങ്ങളും സംവിധാനങ്ങളും കാത്തുസൂക്ഷിക്കേണ്ടത് പൊതുജനങ്ങളാണെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കേരള നിയമസഭയും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടനാ സാക്ഷരതാ-ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള ഭരണഘടനാ സാക്ഷരതാ സന്ദേശയാത്രയ്ക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിലെ സാധാരണ ജനവിഭാഗങ്ങള്‍ക്ക് ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കാനും പൗരന്മാര്‍ക്ക് ഭരണഘടന അനുവദിക്കുന്ന അവകാശം-ലിംഗ സമത്വം എന്നിവയില്‍ അവബോധം നല്‍കുകയുമാണ് ഭരണഘടനാ സന്ദേശയാത്രയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 
നിരക്ഷരര്‍ കൂടുതലുള്ള ജില്ലയാണ് പാലക്കാടെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ ജനാധിപത്യ പാര്‍ലമെന്‍ററി സമ്പ്രദായത്തിലൂടെ ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങള്‍ സംബന്ധിച്ച് താഴെ തട്ടിലുള്ളവര്‍ക്ക് അറിവ് പകര്‍ന്ന് നല്‍കേണ്ടത് അനിവാര്യമാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി പറഞ്ഞു. തുടര്‍ന്ന് സന്ദേശയാത്രയ്ക്ക് ആലത്തൂര്‍ ദേശീയ മൈതാനത്ത് കെ. ഡി പ്രസേനന്‍ എം.എല്‍.എ സ്വീകരണം നല്‍കി. പരിപാടിയില്‍ ജില്ലാ സാക്ഷരതാ മിഷന്‍റെ ഉപഹാരം മന്ത്രി കെ.കൃഷ്ണന്‍കുട്ടി സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ കൂടിയായ ജാഥ കാപ്റ്റന്‍ ഡോ. പി എസ്. ശ്രീകലയ്ക്ക് കൈമാറി. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സന്‍ പ്രമീള ശ്രീധരന്‍, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി.സദാശിവന്‍, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ കരീം, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സാക്ഷരത പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു. ജനുവരി 26ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന സന്ദേശയാത്ര സംസ്ഥാനത്തെ 52 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തുന്നത്.

date