Skip to main content

നവീകരിച്ച കടമ്പഴിപ്പുറം- ചിരട്ടിമല- വേങ്ങശ്ശേരി പാത തുറന്നു റോഡ് വികസനത്തിന്‍റെ പേരിലുള്ള ടോള്‍പിരിവ് നിര്‍ത്തലാക്കും -മന്ത്രി ജി.സുധാകരന്‍ 

 

റോഡ് വികസനത്തിന്‍റെ പേരില്‍ ജനങ്ങളില്‍നിന്നും പിരിക്കുന്ന ടോള്‍ സര്‍ക്കാര്‍ വേണ്ടെന്നു വെയ്ക്കുകയാണെന്നും ഇതിനകം 24 ടോളുകള്‍ സംസ്ഥാനത്ത് നിര്‍ത്തിയതായും പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. നവീകരിച്ച കടമ്പഴിപ്പുറം- ചിരട്ടിമല- വേങ്ങശ്ശേരി പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ഇനി ആറ് ടോള്‍ ബൂത്തുകള്‍ കൂടി നിര്‍ത്താനുണ്ട്. ജനങ്ങള്‍ക്ക് എതിരായ ടോള്‍പിരിവ് നിര്‍ത്തലാക്കിയത് മൂലം 1500 കോടിയോളം വേണ്ടെന്നു വെച്ചതായും ദേശീയപാത അതോറിറ്റിയോട് ടോള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കായോട്ട്കാവ് മൈതാനത്ത് നടന്ന പരിപാടിയില്‍ ഒറ്റപ്പാലം എം.എല്‍.എ. പി. ഉണ്ണി അധ്യക്ഷനായി.
അഞ്ചുകോടി നിര്‍മാണച്ചെലവ് വകയിരുത്തിയ കടമ്പഴിപ്പുറം- വേങ്ങശ്ശേരി പാത 4.01 കോടിക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയത് കരാര്‍ മേഖലയിലെ വലിയ മാറ്റമാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കരാറുകാര്‍ നിര്‍മാണതുക എസ്റ്റിമേറ്റില്‍ നിന്നും കൂട്ടിയെടുക്കുന്ന പ്രവണത ഉപേക്ഷിച്ചതായും കരാറുകാര്‍ക്ക് സമയബന്ധിതമായി സര്‍ക്കാര്‍ തുക നല്‍കുന്നതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ കഴിയുന്നതായും മന്ത്രി പറഞ്ഞു. റബ്ബര്‍, പ്ലാസ്റ്റിക് വേസ്റ്റ്, കയര്‍ ഭൂവസ്ത്രം തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു നിര്‍മാണരീതി സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഗുണനിലവാരം ഉറപ്പുവരുത്തി ഒരു മണ്ഡലത്തില്‍ ഡിസൈന്‍ ചെയ്ത ഒരു റോഡെങ്കിലും നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും ഒറ്റപ്പാലം മണ്ഡലത്തില്‍ 300 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അനുവദിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. അംബുജാക്ഷി,  പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.ജി. വിശ്വ പ്രകാശ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. അരവിന്ദാക്ഷന്‍,  ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ശിവരാമന്‍, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ജി. ലത,  ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ യു. രാജഗോപാല്‍, ശ്രീജ, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

date