Skip to main content

'പുതിയ കാലം- പുതിയ നിര്‍മാണം': ജില്ലയില്‍ മൂന്ന് റോഡുകള്‍ നവീകരണം പൂര്‍ത്തിയായി ഗതാഗതത്തിന് തയ്യാര്‍ രണ്ടു റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ തുടങ്ങി

 

ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ നവീകരണം പൂര്‍ത്തിയാക്കിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനവും രണ്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനവും പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. കോങ്ങാട്, ഒറ്റപ്പാലം, പട്ടാമ്പി നിയോജകമണ്ഡലങ്ങളില്‍ നവീകരിച്ച കോങ്ങാട്-കാഞ്ഞിക്കുളം റോഡ്, കടമ്പഴിപ്പുറം- ചിരട്ടിമല- വേങ്ങശ്ശേരി പാത, വല്ലപ്പുഴ -മുളയങ്കാവ് റോഡുകളാണ് മന്ത്രി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഏറെ ശോചനീയവസ്ഥയിലായ റോഡുകള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ 'പുതിയ കാലം- പുതിയ നിര്‍മാണം' എന്ന ആശയം രൂപവത്ക്കരിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ കോങ്ങാട്- കാഞ്ഞിക്കുളം ഒരു ദേശീയപാതയെയും സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്നതോടൊപ്പം മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോവുന്നുണ്ട്. നിലവിലുള്ള റോഡിനെ അഞ്ച് മീറ്ററായി ഉയര്‍ത്തി കെ.പി.ആര്‍.പി സ്കൂള്‍ മുതല്‍ കാഞ്ഞിക്കുളം വരെ ബി.എം-ബി.സി ചെയ്ത് 3.10 കോടി ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കൂടാതെ ആറു കലുങ്കുകളും പാര്‍ശ്വഭിത്തിയും മഴവെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്ത് അഴുക്കുചാലും നിര്‍മിച്ചിട്ടുണ്ട്. കോങ്ങാട് കെ.പി.ആര്‍.പി സ്കൂളിന് സമീപം നടന്ന പരിപാടിയില്‍ കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനായി.
ഒറ്റപ്പാലം മണ്ഡലത്തില്‍ അഞ്ച് കോടി ചെലവില്‍ നവീകരിച്ച കടമ്പഴിപ്പുറം- ചിരട്ടിമല- വേങ്ങശ്ശേരി പാത, പട്ടാമ്പി മണ്ഡലത്തില്‍ മൂന്നു കോടി ചെലവില്‍ നവീകരിച്ച വല്ലപ്പുഴ- മുളയങ്കാവ് റോഡ് എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം കായോട്ടുകാവ് മൈതാനിയില്‍ നടന്ന പരിപാടിയില്‍ പി. ഉണ്ണി എം.എല്‍.എയും വല്ലപ്പുഴ യാറം സെന്‍ററില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയും അധ്യക്ഷനായി. കടമ്പഴിപ്പുറത്ത് അഞ്ചു കിലോമീറ്റര്‍ റോഡില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓവുചാലുകളും കലുങ്കുകളും സംരക്ഷണഭിത്തിയുടെ നിര്‍മാണവും വല്ലപ്പുഴയില്‍ നാല് കിലോമീറ്റര്‍ നീളത്തില്‍ പുതിയ കലുങ്കുകള്‍- കോണ്‍ക്രീറ്റ് ഡ്രൈനേജ് നിര്‍മാണം, റോഡ് മാര്‍ക്കിങ്, സ്റ്റഡ് ബോര്‍ഡ് തുടങ്ങിയ സുരക്ഷാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. 

date