Skip to main content

ഓഖി: കേന്ദ്രത്തോട് സ്‌പെഷ്യല്‍ പാക്കേജ് ആവശ്യപ്പെടാന്‍ സര്‍വകക്ഷിയോഗം  തീരുമാനം 

*സംസ്ഥാനത്ത് ഓഖി ദുരിതാശ്വാസ സഹായ നിധി രൂപീകരിക്കും

**തീരദേശ പോലീസ് സേനയില്‍ മത്സ്യത്തൊഴിലാളി മേഖലയില്‍നിന്ന് 200 പേരെ നിയമിക്കും

    ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് വന്‍നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ ദുരിതാശ്വാസത്തിന് സുനാമി പുനരധിവാസ പാക്കേജിനു തുല്യമായ സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 20 ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്തണമെന്ന സര്‍വകക്ഷിയോഗത്തിന്റെ അഭ്യര്‍ത്ഥന പരിശോധിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പറഞ്ഞു. ഓഖി ദുരിതാശ്വാസത്തിന് സംസ്ഥാനത്ത് സഹായനിധി രൂപീകരിക്കും. ഈ നിധിയിലേക്ക് സംസ്ഥാനത്തെ എല്ലാ ജീവനക്കാരും ഒരു ദിവസത്തെ വേതനമെങ്കിലും സംഭവന നല്‍കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വ്യക്തികളും പരമാവധി സംഭാവന നല്‍കണമെന്നും സര്‍വകക്ഷി യോഗം അഭ്യര്‍ത്ഥിച്ചു.   

    ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കും. മത്സ്യഫെഡിലും മത്സ്യബന്ധന വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലും മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളെ തൊഴിലിനു പരിഗണിക്കും. തീരദേശ പോലീസ് സേനയില്‍ മത്സ്യത്തൊഴിലാളി മേഖലയില്‍നിന്നുള്ള 200 പേരെ നിയമിക്കും. ഇതില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. 

     ദുരന്തത്തിന്റെ ആഘാതമനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളായ കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് പദ്ധതികള്‍ നടപ്പാക്കും. ട്രോമാ കെയര്‍, കൗണ്‍സലിംഗ്, വാര്‍ഷിക പരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവ നല്‍കും. ദുരന്തത്തില്‍ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം സര്‍ക്കാര്‍ നല്‍കും. കടല്‍ക്ഷോഭം മൂലം കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്  ഏഴുദിവസത്തേക്ക് 2000 രൂപ അനുവദിക്കും.

    കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ചുഴലിക്കാറ്റു മുന്നറിയിപ്പ് മാനദണ്ഡപ്രകാരമുള്ള ഒരു മുന്നറിയിപ്പും സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. ഈ മാനദണ്ഡ പ്രകാരം നാലു ഘട്ടങ്ങളിലാണ് മുന്നറിയിപ്പ് ലഭിക്കേണ്ടത്.  28നും 29നും ലഭിച്ച സന്ദേശങ്ങളില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള നിര്‍ദേശം മാത്രമാണുള്ളത്.  30-ാം തീയതി രാവിലെ 8.30നു നല്‍കിയ സന്ദേശത്തില്‍ മാത്രമാണ് ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാവുമെന്നും ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ് സാധ്യത ആദ്യമായി സൂചിപ്പിക്കുകയും ചെയ്തത്. അപ്പോഴും കേരളത്തിന് ജാഗ്രതാ മുന്നറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. 30 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയെന്ന സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചയുടന്‍ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളേയും ഏകോപിപ്പിച്ചുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രതിരോധ വിഭാഗങ്ങള്‍, കോസ്റ്റ്ഗാര്‍ഡ് എന്നിവയുമായി യോജിച്ച് ഏകോപനത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.  നടപടികളില്‍ വീഴ്ച പറ്റിയതായി സര്‍ക്കാരിന് അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

    ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ 19 പേരെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. 96 പേരെ കാണാനുണ്ട് . ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.  സര്‍വകക്ഷിയോഗത്തിന്റെ തുടര്‍ച്ചയായി തീരപ്രദേശത്തെ തൊഴിലാളി  സംഘടനകളുമായും സാമൂഹിക സംഘടനകളുമായും ദുരിതാശ്വാസ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജെ. മെഴ്‌സിക്കുട്ടി അമ്മ, ടി.എം. തോമസ് ഐസക്, കടകംപളളി സുരേന്ദ്രന്‍, എ.കെ. ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പളളി, കെ.കെ. ശൈലജ ടീച്ചര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.എല്‍.എമാരായ ഒ. രാജഗോപാല്‍, എ.കെ. ശശീന്ദ്രന്‍, പി.ജെ. ജോസഫ്, കോവൂര്‍ കുഞ്ഞുമോന്‍,  കോടിയേരി ബാലകൃഷ്ണന്‍ (സി.പി.ഐ.എം), എം.എം.ഹസന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കാനം രാജേന്ദ്രന്‍ (സി.പി.ഐ), ജമീല പ്രകാശം (ജെ.ഡി.എസ്), തമ്പാനൂര്‍ മോഹനന്‍ (നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സ്), എസ്. ബലദേവ് (ആര്‍.എസ്.പി -എല്‍), ജോണി നെല്ലൂര്‍ (കേരള കോണ്‍ഗ്രസ് ജെ), പോള്‍ ജോസഫ് (കേരള കോണ്‍ഗ്രസ് -ബി), വര്‍ഗീസ് ജോര്‍ജ് (ജനദാദള്‍ -യു), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് -എസ്), കെ.എസ്. ഹംസ(മുസ്ലീം ലീഗ്), ബേബി മൈനാഗപ്പളളി (ജനപക്ഷം), മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോ ഓര്‍ഡിനേഷന്‍) വി.എസ്. സെന്തില്‍ , (ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി) രാജീവ് സദാനന്ദന്‍,  ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.5262/17

date