Skip to main content

ആരോഗ്യമേഖലയിലെ പുരോഗതി മുന്നോട്ടുകൊണ്ടുപോകാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനാകും -മുഖ്യമന്ത്രി പിണറായി വിജയൻ

 

* 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി' ഉദ്ഘാടനം ചെയ്തു

 

ആരോഗ്യമേഖലയിലെ പുരോഗതി ഇനിയും മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാനത്തിന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകളിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യരംഗത്തെ ഗവേഷണോൻമുഖമായ മുന്നോട്ടുപോക്കിന്റെ പ്രതീകമായി ഈ സ്ഥാപനം മാറുമെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തിൽ തിരുവനന്തപുരം തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കുന്ന 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി'യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടിൽ ഇല്ലാതായ രോഗങ്ങൾ തിരിച്ചുവരികയും ചിലഘട്ടങ്ങളിൽ പകർച്ചവ്യാധികൾ കടന്നാക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരമൊരു സ്ഥാപനം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് ഇതുസംബന്ധിച്ച നിർദേശം വന്നപ്പോൾ അംഗീകരിച്ചത്. വൈറോളജി രംഗത്തെ രോഗനിർണയത്തിനും ഗവേഷണത്തിനും സംസ്ഥാനത്തിന് മാത്രമല്ല, അഖിലേന്ത്യാതലത്തിൽ തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഗുണകരമാകും. ഗ്ളോബൽ വൈറസ് നെറ്റ്വർക്കുമായുള്ള ബന്ധവും സ്ഥാപനത്തിന് ഗുണകരമാണ്.

പശ്ചാത്തലവികസനത്തിന് നാം ഏറെ പ്രാധാന്യമാണ് കൊടുക്കുന്നത്. അതോടൊപ്പം തന്നെ ചില പകർച്ചവ്യാധികൾ നമ്മെ ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്തിടെ നിപാ രോഗം വന്നതും അതു കൈകാര്യം ചെയ്ത രീതിയും ലോകശ്രദ്ധ നേടിയതാണ്. നമ്മുടെ രാജ്യത്തും അന്താരാഷ്ട്രതലത്തിലും ബന്ധപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാണ് കാര്യങ്ങൾ നീക്കുന്നത്. നല്ല സഹകരണമാണ് ഇക്കാര്യത്തിൽ ലഭിക്കുന്നതും സ്ഥാപനത്തിന്റെ പ്രസക്തിയും ആധികാരികതയും വർധിപ്പിക്കുന്നുണ്ട്.

ആരോഗ്യമേഖലയിലെ വികസനം ഏറ്റവും പ്രധാനമായാണ് സർക്കാർ കാണുന്നത്. ഇത്തരം സ്ഥാപനം വരുന്നത് ആരോഗ്യരംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കും. ഇതിൽനിന്നുണ്ടാകുന്ന തൊഴിലിനപ്പുറം സാമൂഹ്യമായ പ്രസക്തി വളരെ വിലപ്പെട്ടതാണ്. അതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. ഇത്തരം സ്ഥാപനങ്ങൾ ശാസ്ത്രരംഗത്ത് നമ്മൂടെ നാട്ടിൽ കൂടുതലായി ഉണ്ടാകേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങൾ വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നില എല്ലാ ഭാഗത്തുനിന്നുമുണ്ടാകണം. നമ്മുടെ നാട്ടിന്റെ ഉയർച്ച കണക്കിലെടുത്താണ് മലയാളികളായ ഡോ. എം.വി. പിള്ളയും ഡോ. ശാരങധരനും ഈ ആശയം മുന്നോട്ടുവെച്ചത്. അതുൾക്കൊണ്ടാണ് സർക്കാർ തുടർനടപടികളുമായി മുന്നോട്ടുപോയത്. സ്ഥാപനം കൂടുതൽ വിപുലപ്പെടുത്തുന്നതിനും അവരുടെ സേവനം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്തെ പുരോഗതിക്കും നാടിന്റെ പൊതുവേയുള്ള വളർച്ചയ്ക്കും പകർച്ചവ്യാധികൾ പോലുള്ള പ്രശ്നങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതു പരിഹരിക്കാനാവുംവിധം ഗൗരവമായ ഇടപെടലിന്റെ ഭാഗമായാണ് ഈ സ്ഥാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. ലോകോത്തര ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തിനാകെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, ഡോ. എ. സമ്പത്ത് എം.പി, യു.എസ്.എ തോമസ് ജെഫർസൺ യൂണിവേഴ്സിറ്റിയിലെ ഡോ. എം.വി പിള്ള, ഗ്ളോബൽ വൈറസ് നെറ്റ്വർക്ക് പ്രസിഡൻറ് ഡോ. ക്രിസ്റ്റിയൻ ബ്രെഷോ, ഡബ്ളിൻ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഡോ. വില്യം ഹാൾ, ബാൾട്ടിമോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി ഡയക്ടർ ഡോ. ശ്യാംസുന്ദർ കൊട്ടിലിൽ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ചടങ്ങിനെത്താൻ കഴിയാതിരുന്ന 

ബാൾട്ടിമോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയിലെ ഡോ. റോബർട്ട് ഗാലോ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു.

കെ.എസ്.ഐ.ഡി.സി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ. സുരേഷ് ദാസ്, പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബാ ബീഗം, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സുമ, ജില്ലാ പഞ്ചായത്തംഗം ബി.ലളിതാംബിക തുടങ്ങിയവർ സംബന്ധിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലക് റിപ്പോർട്ട് അവതരിപ്പിച്ചു.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.എസ്. പ്രദീപ്കുമാർ സ്വാഗതവും അഡൈ്വസർ പ്രൊഫ. ജി.എം. നായർ നന്ദിയും പറഞ്ഞു. 

ഉദ്ഘാടനചടങ്ങിനെത്തുടർന്ന് ചടങ്ങിനെത്തിയ അന്താരാഷ്ട്ര വിദഗ്ധരും ശാസ്ത്രജ്ഞരും പങ്കെടുത്ത ഇൻറർനാഷണൽ വൈറോളജി ഡിസ്‌കഷൻ മീറ്റും സംഘടിപ്പിച്ചു.

80,000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള നൂതന സൗകര്യങ്ങളുള്ള ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരമാണ് നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ 25,000 ചതുരശ്രഅടിയിൽ ഒരുങ്ങുന്ന പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിനുള്ള 25,000 ചതുരശ്ര അടി കെട്ടിടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് നിർമ്മിച്ചത്. അതിവിശാലമായ, അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള 80,000 ചതുരശ്ര അടി പ്രധാന സമുച്ചയത്തിന്റെ നിർമാണചുമതല കെ.എസ്.ഐ.ഡി.സി മുഖേന എൽ.എൽ.എൽ ലൈറ്റ്സിനാണ് നൽകിയിരിക്കുന്നത്. ഈ സമുച്ചയം ആഗസ്റ്റോടെ പൂർത്തിയാകും. 

ആദ്യഘട്ടത്തിൽ പൂർത്തിയായ 25,000 ചതുരശ്രഅടി മന്ദിരത്തിന്റെ പ്രവർത്തനം ഈ മാസം തന്നെ പൂർണതോതിലാകും.

അന്താരാഷ്ട്രതലത്തിൽ 'ഗ്ളോബൽ വൈറസ് നെറ്റ്വർക്കി'ന്റെ ഭാഗമായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ടിന് ശാസ്ത്ര ഗവേഷണരംഗത്തെ നൂതന പരിഷ്‌കാരങ്ങളും വിവരങ്ങളും ഗവേഷണഫലങ്ങളും ലഭ്യമാകും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ഇൻസ്റ്റിറ്റ്യൂട്ട് 'ഗ്ളോബൽ വൈറസ് നെറ്റ്വർക്കി'ന്റെ ഭാഗമാകുന്നത്.

പി.എൻ.എക്സ്. 503/19

date