Skip to main content

രോഗനിർണയത്തിലും ഗവേഷണത്തിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് മികവ് തെളിയിക്കാനാകുമെന്ന് അന്താരാഷ്ട്ര വിദഗ്ധർ

 

തിരുവനന്തപുരം ബയോ ലൈഫ് സയൻസ് പാർക്കിൽ ആരംഭിക്കുന്ന 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി'ക്ക് രോഗനിർണയത്തിലും ഗവേഷണത്തിലും അന്താരാഷ്ട്രതലത്തിൽ വരുംകാലങ്ങളിൽ മികവുതെളിയിക്കാനാവുമെന്ന് അന്താരാഷ്ട്ര വൈറോളജി വിദഗ്ധർ. 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി'യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തിനെത്തിയവരാണ് ഈ പ്രമുഖർ.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 'ഗ്ളോബൽ വൈറസ് നെറ്റ്വർക്കി'ന്റെ ഭാഗമായി പ്രവർത്തിക്കാനാകുന്നത് ലോകോത്തര ഗവേഷണഫലങ്ങളും ശാസ്ത്രരംഗത്തെ പുതുചലനങ്ങളുമായി കൃത്യമായ ബന്ധം ലഭിക്കാൻ സഹായമാകുമെന്ന് ഗ്ളോബൽ വൈറസ് നെറ്റ്വർക്ക് പ്രസിഡൻറ് ഡോ. ക്രിസ്റ്റിയൻ ബ്രെഷോ അഭിപ്രായപ്പെട്ടു. നിലവിൽ 44 സെൻററുകളാണ് നെറ്റ്വർക്കിനുള്ളത്. ഇതിന്റെ ഭാഗമാകുകയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടും. ഇന്ത്യൻ കാലാവസ്ഥയിലെ വൈറൽ രോഗങ്ങളും ആക്രമണം സംബന്ധിച്ച് കൃത്യമായ രോഗനിർണയത്തിനും പ്രതിരോധത്തിനും കൂടുതൽ ഗവേഷണങ്ങൾക്കും ഇത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ഘട്ടങ്ങളിൽ വളരുമ്പോൾ വൈറൽ രോഗങ്ങൾ പടർന്നുപിടിക്കുന്നത് തടയാനാകുംവിധം പ്രതിരോധത്തിനും പുതുഗവേഷകരെ വളർത്തിയെടുക്കാനും ഇൻസ്റ്റിറ്റ്യൂട്ട് സഹായമാകുമെന്ന് ഡബ്ളിൻ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഡോ. വില്യം ഹാൾ അഭിപായപ്പെട്ടു. 

പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ട് രോഗനിർണയത്തിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് രോഗനിർണയത്തിനും ഗവേണത്തിനും പ്രാമുഖ്യം നൽകുന്നതായി തോമസ് ജെഫർസൺ യൂണിവേഴ്സിറ്റിയിലെ ഡോ. എം.വി പിള്ള പറഞ്ഞു. സ്ഥാപനത്തിന്റെ ആശയം നൽകിയ പ്രമുഖരിൽ ഒരാളാണ് അദ്ദേഹം. 

വിവിധഘട്ടങ്ങളായി വർച്ച നേടുമ്പോൾ രോഗനിർണയം, ഗവേഷണം, അക്കാദമിക കോഴ്സുകൾ തുടങ്ങിയക്ക് പുറമേ ഏഴുവർഷത്തിനപ്പുറം വാക്സിൻ നിർമാണത്തിനുള്ള ശേഷിയും ഇൻസ്റ്റിറ്റ്യൂട്ടിന് വളർത്തിയെടുക്കാനാകും. വിവിധഘട്ടങ്ങളായി സ്പേസ് സയൻസ് രംഗത്ത് ഐ.എസ്.ആർ.ഒ വളർന്ന് നാസയ്ക്കൊപ്പം കിടപിടിക്കുന്ന നിലയിലായതുപോലെ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി'ക്കും വൈറോളജി രംഗത്ത് ലോകനിലവാരത്തിലെത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

പി.എൻ.എക്സ്. 505/19

date