Skip to main content

288 കോടി രൂപയുടെ ആലപ്പുഴ നഗരറോഡ് പദ്ധതി  ഈ മാസം തുടങ്ങും

ആലപ്പുഴ: 288 കോടിരൂപ ചെലവഴിച്ച് ആലപ്പുഴ നഗരത്തിന്റെ  മുഖച്ഛായ  മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ആലപ്പുഴ നഗരറോഡ് നിർമാണ പദ്ധതി ഉടൻ ആരംഭിക്കുന്നു. പദ്ധതികളുടെ ജോലികൾ ഈ മാസം ആരംഭിക്കാൻ കഴിയുമെന്ന് കളക്‌ട്രേറ്റിൽ ചേർന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറും പദ്ധതിയുടെ സ്‌പെഷൽ ഓഫീസറുമായ എൻ.പത്മകുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ജില്ലാ കളക്ടർ എസ്.സുഹാസിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. 46.71 കിലോമീറ്റർ വരുന്ന നഗരത്തിലെ പ്രധാനപ്പെട്ട 22 പിഡബ്ല്യുഡി റോഡുകളാണ് അത്യാധുനിക രീതിയിൽ നഗര റോഡ് നിർമാണ  പദ്ധതിപ്രകാരം നിർമിക്കുക.  ഇതിൽ പ്രധാനപ്പെട്ട ഒമ്പതുറോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കും. സംസ്ഥാന റോഡ് ഫണ്ട് ബോർഡ് ആണ് റോഡ് നിർമാണത്തിന് നേതൃത്വം നൽകുക.  പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരനും ധനമന്ത്രി ടി.എം.തോമസ് ഐസക്കും മുൻകൈയ്യെടുത്താണ് പദ്ധതി ആലപ്പുഴയിൽ നടപ്പാക്കുന്നത്. നിർമാണ പ്രവർത്തികൾ കാലതാമസം വരാതെ നടത്തുന്നതിന് കേരള റോഡ് ഫണ്ട് ബോർഡിന്റെ ഒരു ഓഫീസ് തിരുവമ്പാടിയിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരൻ നേരത്തെ നിർവഹിച്ചിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബൃഹത്തായ റോഡ് നിർമാണ പദ്ധതിയാണ് ഇതുവഴി ആലപ്പുഴയ്ക്ക് ലഭിക്കുന്നത്. ആന്വിറ്റി മോഡലിൽ നടപ്പാക്കുന്ന പദ്ധതിയിൽ നിർമ്മിക്കുന്ന റോഡുകൾക്ക്  13 വർഷത്തെ മെയിന്റനൻസ് കാലാവധിയും ഉണ്ട്. രണ്ടുവർഷമാണ് നിർമാണ കാലാവധി. നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും പദ്ധതിയിൽ ഉൾപ്പെടുമെന്നതാണ് ഇതിന്റെ പ്രത്യേകത.

 

ഉപതിരഞ്ഞെടുപ്പ്; പ്രാദേശിക അവധി

 

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ആലപ്പുഴ നഗരസഭയിലെ ജില്ലാ കോടതി വാർഡ്(15), കായംകുളം നഗരസഭയിലെ എരുവ വാർഡ്(12), കൈനകരി ഗ്രാമപഞ്ചായത്തിലെ ഭജനമഠം വാർഡ്(5), കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം വാർഡ്(12) എന്നിവിടങ്ങളിൽ ഫെബ്രുവരി 14ന് തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.ഈ വാർഡുകളുടെ പരിധിയിൽ വരുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 13,14 തിയതികളിലും ഈ മണ്ഡലങ്ങളിൽ/വാർഡിൽ പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 14 നും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. കൂടാതെ സ്വീകരണ-വിതരണ -വോട്ടെണ്ണൽ കേന്ദ്രങ്ങളായ ആലപ്പുഴ നഗരസഭ, കായംകുളം നഗരസഭ, കൈനകരി ഗ്രാമപഞ്ചായത്ത്ഓഫീസ്, കരുവാറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് ഫെബ്രുവരി 13,14 തിയതികളിലും വോട്ടെണ്ണൽ ദിവസമായ 15ന് ഉച്ച വരെയും അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. 

 

date