Skip to main content

ജലസംരക്ഷണത്തില്‍ ജില്ലയെ ലോകോത്തര നിലവാരത്തില്‍ എത്തിക്കും : മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍

ജലസംരക്ഷണത്തില്‍ ജില്ലയെ ലോകോത്തര നിലവാരത്തില്‍ എത്തിക്കുമെന്ന്‌ കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍. ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം കെ. കരുണാകരന്‍ സ്‌മാരക ടൗണ്‍ഹാളില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസുകളെ തകര്‍ക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ സമൂഹം ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണം. ജലത്തിന്റെ ധൂര്‍ത്തും അശാസ്‌ത്രീയ ഉപയോഗവും വലിയ പ്രതിസന്ധിയിലേക്കാണ്‌ കേരളത്തെ എത്തിക്കുക. സാമൂഹിക വികസന സൂചികയില്‍ മുന്നിലുള്ള സംസ്ഥാനം ജല സാക്ഷരതയില്‍ വളരെ പിന്നിലാണ്‌ എന്നത്‌ ഖേദകരമാണ്‌. ജലത്തിന്‍െ്‌റ വിവേചനരഹിതമായ ഉപയോഗം കാര്‍ഷിക മേഖലയേയും ജൈവവൈവിധ്യത്തേയും തകര്‍ക്കും. ജലത്തിന്‍െ്‌റയും ജലസ്രോതസുകളുടേയും സംരക്ഷണം എല്ലാവരുടേയും ഉത്തരവാദിത്വമാണ്‌. ജലസുരക്ഷ ജീവസുരക്ഷ പദ്ധതി സമഗ്രമായ പ്രകൃതി സംരക്ഷണം ലക്ഷ്യമിടുന്ന പദ്ധതിയാണ്‌. പ്രകൃതി സംരക്ഷിക്കാതെ നാടിന്‍െ്‌റ സുസ്ഥിരമായ വികസനം സാധ്യമാകില്ല. പാടം നികത്തുന്നതിനെതിരെ സംസാരിക്കുന്നവര്‍ വികസനവിരോധികളായി മുദ്രകുത്തപ്പെടുന്നത്‌ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശേഷിക്കുന്ന കൃഷിഭൂമി തരിശിടുന്നത്‌ നമ്മുടെ ഭാവിയെ തകര്‍ക്കും. പ്രകൃതി സംരക്ഷണത്തില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും വലിയ പങ്കാണുള്ളത്‌. പാടം നികത്തുന്നതിനെതിരായും പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരായും ഉദ്യോഗസ്ഥര്‍ കൂടുതല്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ച്ച ചെയ്യുന്നത്‌ സര്‍ക്കാര്‍ അംഗീകരിക്കില്ല. കേരളം പ്രളയം ഉള്‍പ്പടെ വലിയ പരിസ്ഥിതി ദുരന്തങ്ങളെയാണ്‌ സമീപകാലത്ത്‌ നേരിട്ടത്‌. ഇതില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍കൊള്ളണം. ജല സംരക്ഷണം ഉള്‍പ്പടെയുള്ള കാര്യത്തില്‍ പുതിയ തലമുറയ്‌ക്ക്‌ വലിയ പങ്കുവഹിക്കാനുണ്ടെന്നും അവര്‍ അത്‌ മികച്ചരീതിയില്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജലരക്ഷ-ജീവരക്ഷ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനവും ഹൃസ്വചിത്ര യൂടൂബ്‌ റിലീസും മന്ത്രി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ടി.വി. അനുപമ, ജില്ലാ പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ മഞ്‌ജുള അരുണന്‍, ജെന്നി ജോസഫ്‌, പദ്‌മിനി എം, തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍്‌റ്‌ ഡോ. സുഭാഷിണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അസോസിയേഷന്‍ പ്രസിഡന്‍്‌റ്‌ വി.എ. മനോജ്‌കുമാര്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ടി.എസ്‌. മജീദ്‌, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ടി.ആര്‍. മായ, ഡി.പി.സി. സര്‍ക്കാര്‍ പ്രതിനിധി ഡോ. എം.എന്‍. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍്‌റ്‌ എന്‍.കെ. ഉദയപ്രകാശ്‌ സ്വാഗതവും ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി.ഡി. സിന്ധു നന്ദിയും പറഞ്ഞു. 

date