Skip to main content

ആരോഗ്യ ജാഗ്രത; വാർഡ്തല സമിതികൾ ശക്തിപ്പെടുത്തും ജില്ലാതല ഉദ്ഘാടനം 14 ന്

 

പകർച്ചവ്യധികളുടെ വ്യാപനം തടയുന്നതിന് വാർഡ്തല സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ജില്ലാ കലക്ടർ മീർ മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ ജാഗ്രത യോഗം തീരുമാനിച്ചു. സമിതികളുടെ ഇടപെടൽ സജീവമാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ ക്യാമ്പയിനുകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രളയത്തിന് ശേഷം ജലജന്യ രോഗങ്ങൾ വർധിച്ചിട്ടുണ്ട്. ശുദ്ധ ജലത്തിന്റെ ലഭ്യതക്കുറവും കൊതുക് സാന്ദ്രതയിലുള്ള ക്രമാതീതമായ വർധനയും ഇതിന് കാരണമായി. പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ നൽകുന്ന നിർദേശങ്ങൾ പാലിക്കാതിരിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടെന്നും  യോഗം വിലയിരുത്തി. 

പകർച്ചവ്യാധി നിയന്ത്രണം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ആരോഗ്യജാഗ്രത ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല  ഉദ്ഘാടനം ഫെബ്രുവരി 14 ന് നടക്കും. ജില്ലാ ആസൂത്രണ സമിതി ഹാളിൽ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസം നീണ്ട്‌നിൽക്കുന്ന ആരോഗ്യ സന്ദേശ യാത്രയുടെ ഫ്ളാഗ് ഓഫ് കർമ്മവും കലക്ടറേറ്റ് കോമ്പൗണ്ട് ശുചീകരണ ക്യാമ്പയിനും 14 ന് നടക്കും. 

ഡെങ്കു കേസുകളാണ് കഴിഞ്ഞ വർഷങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട മരണ സംഖ്യയും വർധിച്ചിട്ടുണ്ട്. എലിപ്പനിയാണ് രണ്ടാം സ്ഥാനത്ത്. എച്ച് 1 എൻ 1 ന്റെ വ്യാപനവും വർധിച്ചിട്ടുണ്ട്. എച്ച് 1 എൻ 1 ബാധിച്ച് ഒരാൾ ഈ വർഷം മരിച്ചെന്നും ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. മാലിന്യ സംസ്‌കരണത്തിലുള്ള അപാകതകൾ, കാലാവസ്ഥയിലെ മാറ്റങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തെ പരിസര ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, നഗരത്തിലെ അനിയന്ത്രിതമായ നിർമ്മാണ പ്രവൃത്തികൾ എന്നിവയും പകർച്ച വ്യാധികൾ വ്യാപിക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. 

ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി വിവധ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്താനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. സർക്കാർ നിർദേശത്തെത്തുടർന്നാണ് ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ ഈ വർഷം നേരത്തെ തന്നെ ആരംഭിച്ചതെന്ന് ഡി എം ഒ ഡോ. നാരായണ നായിക് അറിയിച്ചു.   

ചോർച്ചയുള്ള പൈപ്പുകൾ അടിയന്തരമായി അടക്കണമെന്നും അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ജലവിതരണ വകുപ്പിന് നിർദേശം നൽകി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലം മാപ്പ് ചെയ്ത് ആരോഗ്യവകുപ്പിന് നൽകാൻ തൊഴിൽ വകുപ്പ് അധികൃതരോടും യോഗം ആവശ്യപ്പെട്ടു. വിദ്യാലയങ്ങളും പരിസരങ്ങളും കൊതുക് മുക്തമാക്കുക, സ്‌കൂളുകളിലും വീടുകളിലും ഡ്രൈ ഡേ ആചരിക്കുക, കൃഷി സ്ഥലത്ത് കൊതുക് വർധന ഇല്ലാതാക്കുകയും മൃഗങ്ങൾക്ക് കൃത്യമായി കുത്തിവയ്പ്പ് നൽകുകയും ചെയ്യുക, ഓടകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുക, മലമ്പനി ബാധിത പ്രദേശങ്ങളിൽ നിന്നുവരുന്ന തീവണ്ടി കോച്ചുകളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിലുയർന്നു.

ഡിഎംഒ (ആയുർവേദം) ഡോ. എസ് ആർ ബിന്ദു, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ്, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date