Skip to main content

പൊങ്കാലയിടുന്ന പാതയോരങ്ങൾ ശുചിയാണെന്ന് ഉറപ്പുവരുത്തണം- മുഖ്യമന്ത്രി

 

* വകുപ്പുകൾ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കണം

* ആറ്റുകാൽ പൊങ്കാല അവലോകനയോഗം ചേർന്നു

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊങ്കാലയിടുന്ന പാതയോരങ്ങൾ ശുചിയാണെന്ന് കൃത്യമായി ഉറപ്പാക്കണം. ഏതൊക്കെ വകുപ്പുകളാണോ ഇതിന് ചുമതലപ്പെട്ടത് അവർ ഇക്കാര്യം ശ്രദ്ധിക്കണം. ഇപ്പോൾ കാണാത്ത ഏതെങ്കിലും പ്രശ്‌നം ഉയർന്നുവന്നാൽ അത് പരിഹരിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പാടാക്കണം. മറ്റു സ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് കുളിക്കാനും മറ്റും സൗകര്യങ്ങൾ ഒരുക്കണം. ഇതിനായി മൊബൈൽ ബാത്ത്‌റൂമുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊങ്കാലയുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ ഭംഗിയായും നല്ലനിലയിലും നടക്കുന്നതായാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊങ്കാല മെച്ചപ്പെട്ട തരത്തിൽ നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശുചിത്വത്തിന്റെ കാര്യം കൂടുതൽ ഗൗരവത്തോടെ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് പൊങ്കാലയെ ബാധിക്കാതിരിക്കാനുള്ള നടപടികൾ എടുത്തുകഴിഞ്ഞു. എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോവണമെന്നും മന്ത്രി പറഞ്ഞു.

ശുചീകരണവിഭാഗം തൊഴിലാളികളെ വിനിയോഗിക്കുന്നത് പൂർത്തിയായതായി മേയർ വി.കെ.പ്രശാന്ത് പറഞ്ഞു. 22 വാർഡുകളിൽ മരാമത്ത്് പണികൾ പൂർത്തീകരിച്ചുകഴിഞ്ഞു. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. തെരുവുവിളക്കുകൾ മാറ്റിസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

1240 ടാപ്പുകൾ ഉത്സവമേഖലയിൽ സ്ഥാപിക്കുന്നതിന്റെ പണികൾ ആരംഭിച്ചുകഴിഞ്ഞതായി ജല അതോറിറ്റി അറിയിച്ചു. 17നു മുമ്പ് എല്ലാ പണികളും പൂർത്തിയാക്കും. മണക്കാട് -കിള്ളിപ്പാലം റോഡ് പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 132 ലക്ഷം രൂപ ചെലവിൽ ബാക്കി റോഡുകളുടെ പണി പൂർത്തിയാക്കും.

പോലീസ് കൺട്രോൾ റൂം ഇന്നുമുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഏറ്റവുമധികം പോലീസ് സേനയെയാണ് ഈ പൊങ്കാലയ്്ക്കു വിന്യസിക്കുന്നത്. 3700 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. 600 വനിതാപോലീസും 50 വിമൺ കമാൻഡോകളും ഉണ്ടാവും. അഞ്ച് ഡ്രോണുകൾ വിന്യസിക്കും. സിസിടിവി നിരീക്ഷണം തുടങ്ങിക്കഴിഞ്ഞു. തമിഴ്‌നാട്, കർണാടകസംസ്ഥാനങ്ങളിൽനിന്നുള്ള വനിതാപോലീസ് ഓഫീസർമാരും ഉണ്ടാവും. ജനമൈത്രി വോളണ്ടിയർമാരും ഉണ്ടാവും. പൊങ്കാലദിവസം ഡ്യൂട്ടിക്കായി 400-ൽപരം പേരെ നിയോഗിച്ചതായി ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

മുഴുവൻ സമയവും ബസ് സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. പൂർണസമയവും പ്രവർത്തിക്കുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ആറ്റുകാലിൽ ആരംഭിക്കും. ഉൾനാടുകളിൽനിന്ന പൊങ്കാലയിടുന്നതിന് എത്തുന്ന സ്ത്രീകൾക്ക് സൗകര്യപ്രദമായ രീതിയിൽ സർവീസുകൾ ക്രമീകരിക്കും. പൊങ്കാലയിട്ടശേഷം തിരിച്ചുപോവുന്നതിന് മുന്നൂറോളം സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എട്ട് സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേയും അറിയിച്ചു. വിവിധ വകുപ്പുകൾ നേരത്തെതന്നെ ഉണർന്ന് പ്രവർത്തിച്ചത് പൊങ്കാലയുടെ ഒരുക്കങ്ങൾ കൂടുതൽ സുഗമമാക്കിയതായി ക്ഷേത്രം ട്രസ്റ്റ് ഭരവാഹികൾ പറഞ്ഞു.

തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ, എംഎൽഎമാരായ വി.എസ്.ശിവകുമാർ, ഒ.രാജഗോപാൽ, എഡിജിപിമാരായ മനോജ് എബ്രഹാം, അനിൽകാന്ത്്, ദേവസ്വം സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭ കൗൺസിലർമാർ, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.  

പി.എൻ.എക്സ്. 535/19

date