Skip to main content

മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ

 

മത്സ്യബന്ധന യാനങ്ങളുടെ സംരക്ഷണത്തിന് ഇൻഷ്വറൻസ് പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും അതിനായി ഒരു കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുള്ളതായും മത്സ്യബന്ധന വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.     

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് നിയമസഭാ ചേംമ്പറിൽ വിളിച്ചു ചേർത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ  യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

മത്സ്യത്തൊഴിലാളി സുരക്ഷയും മത്സ്യബന്ധന യാനങ്ങളുടെ സംരക്ഷണവും തുല്യമായി പരിഗണിക്കേണ്ട കാര്യങ്ങളാണ്.  മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനോടൊപ്പംതന്നെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ആവശ്യമായ ആധുനിക സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കി വരികയാണ്.  ഇതിനായി ലൈഫ്ജാക്കറ്റുകൾ മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്തിട്ടുണ്ട്.  സാറ്റലൈറ്റ് ഫോൺ നൽകുന്നതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്.   യാനങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ നാവിക് ഘടിപ്പിക്കുന്നുണ്ട്. വെസ്സൽ മോണിറ്ററിംഗ് സിസ്റ്റം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.  

ഹാർബറുകളുടെ ഫലപ്രദമായ മാനേജ്‌മെന്റിനും വികസനത്തിനുമായി ഫിഷറീസ് വകുപ്പ് കൊണ്ടുവന്ന ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളുടെ  ലക്ഷ്യം നേടുന്നതിനായി അതിൽ അംഗങ്ങളായി വരുന്ന തൊഴിലാളി സംഘടനാ പ്രതിനിധികൾ  ശ്രമിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. 

എല്ലാ ഹാർബറുകളും കേന്ദ്രീകരിച്ച് മോണിറ്ററിംഗ് കൺട്രേൾ ആന്റ് സർവേലൈൻസ് സിസ്റ്റം നടപ്പാക്കും. കൂടാതെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി വെസൽ മോണിറ്ററിംഗ് സിസ്റ്റവും പരിഗണനയിലാണ്. 

മണ്ണെണ്ണ സബ്‌സിഡി യഥാർത്ഥ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കണം. എല്ലാ തുറമുഖങ്ങളിൽ നിന്നും പോകുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം കണക്കാക്കി ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

മത്സ്യബന്ധന യാനങ്ങൾ കൈമാറുമ്പോൾ അത് മത്സ്യബന്ധനത്തിനുതന്നെ ഉപയോഗിക്കണം. ഇതിന് ആവശ്യമായ നടപടികൾ നിയമത്തിൽ കൊണ്ടുവരും.  യാനങ്ങൾ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടേയും ഉത്തരവാദിത്വം ഇക്കാര്യത്തിൽ ഉണ്ടാകത്തക്ക രീതിയിൽ നിയമത്തിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്. 

ബോട്ടുകളുടേയും വള്ളങ്ങളുടെയും രജിസ്‌ട്രേഷനു 2019 ജൂൺ 30 വരെ സമയം അനുവദിക്കും. ഇതിനുള്ളിൽ നിലവിൽ രജിസ്‌ട്രേഷനില്ലാത്ത എല്ലാ ബോട്ടുകളും വള്ളങ്ങളും രജിസ്റ്റർ ചെയ്യണം. സമയപരിധി ഇനി നീട്ടിനൽകുകയില്ല. 

പുതിയ ബോട്ടുകളും വള്ളങ്ങളും രജിസ്‌ട്രേഷൻ വ്യവസ്ഥകൾ പാലിച്ചു മാത്രമേ നിർമ്മിക്കാവു. മത്സ്യബന്ധന യാനങ്ങൾ നിർമ്മിച്ചു കഴിഞ്ഞു രജിസ്‌ട്രേഷനു അപേക്ഷിക്കുന്ന നടപടി  ശരിയല്ല. യാനങ്ങളുടെ നിർമ്മാണത്തിനു മുൻപ് തന്നെ ആവശ്യമായ അടിസ്ഥാന വിവരങ്ങൾ സമർപ്പിച്ച് ഉടമകൾ അനുമതി വാങ്ങുന്ന കാര്യം  സർക്കാരിന്റെ പരിഗണനയിലാണ്. 

20 മീറ്ററും അതിൽ കൂടുതലും നീളമുള്ള മത്സ്യബന്ധന യാനങ്ങൾക്ക് ഏർപ്പെടുത്തിയ പെർമിറ്റ് ഫീസിൽ കുറവുവരുത്തണമെന്നുള്ള നിർദേശം അനുഭാവ പൂർവ്വം പരിഗണിക്കും. 

ഏതെങ്കിലും വിഭാഗം യാനങ്ങൾക്ക് ഏർപ്പെടുത്തിയ പുതുക്കിയ ലൈസൻസ് ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ മുൻപ് ഉണ്ടായിരുന്ന നിരക്കിനെക്കാൾ  വളരെ ഉയർന്നതാണെങ്കിൽ ആവശ്യമായ ഇളവുകൾ നൽകുന്ന കാര്യം പരിശോധിക്കും. 

ചെറു മത്സ്യങ്ങളെ പിടിക്കുന്നത് കർശനമായി നിരോധിക്കും. ഇതിനായി  നിയമിച്ച ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ മത്സ്യബന്ധന യാനങ്ങളിൽ പരിശോധന നടത്തുകയുള്ളു. 

ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി, സി.പി. കുഞ്ഞിരാമൻ, പുല്ലുവിള സ്റ്റാൻലി, ഓസ്റ്റിൻ ഗോമസ്, പി.പ്രസാദ്, റ്റി. പീറ്റർ,  ചാൾസ് ജോർജ്ജ്, കെ.സി രാജീവ്, പീറ്റർ മത്യാസ്, ജാക്‌സൺ പൊള്ളയിൽ, കെ.ജോസഫ് കളപ്പുരക്കൽ, സി.പി രായദാസൻ, പി. ഫ്രാൻസിസ്, പി.പി ഗിരീഷ്, വി.ഡി രവീന്ദ്രൻ, സീറ്റ ദാസൻ മറ്റ് സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

പി.എൻ.എക്സ്. 536/19

date