Skip to main content

താഴെത്തട്ടിലുള്ള ആശുപത്രികൾ ശക്തിപ്പെടുത്തും: മന്ത്രി കെ.കെ.ശൈലജടീച്ചർ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ പത്ത് പദ്ധതികൾ ഉദ്ഘാടനം  ചെയ്തു

സർക്കാർ മെഡിക്കൽ കോളേജുകളുടെ വികസനത്തിനു സമാന്തരമായി താഴെത്തട്ടിലുള്ള ആശുപത്രികളും ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചർ പറഞ്ഞു. എന്നാൽ മാത്രമെ മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയൂ എന്നും മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി പ്രാഥമിക കുടുംബാരോഗ്യകേന്ദ്രങ്ങൾ ശക്തിപ്പെടുത്തുകയാണ്. താലൂക്ക് ആശുപത്രികളും വലിയ മികവിലേക്കു പോവുകയാണ്. താഴെത്തട്ടിലുള്ള ആശുപത്രികൾ മെച്ചപ്പെട്ടുതുടങ്ങിയതോടെ ആളുകൾ ഈ ആശുപത്രികളിലേക്കു കൂടുതലായി വന്നുതുടങ്ങിയതായും മന്ത്രി പറഞ്ഞു.  തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ 10 നൂതന സംവിധാനങ്ങളുടെ ഉദ്ഘാടനം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സെമിനാർ ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ആരോഗ്യരംഗത്തുണ്ടായ വ്യവസ്ഥാപരമായ ഈ മാറ്റത്തെ ലോകാരോഗ്യസംഘടന ഉൾപ്പെടെ അഭിനന്ദിച്ചതായും മന്ത്രി പറഞ്ഞു. കാൻസറിനെതിരായ സർക്കാരിന്റെ പോരാട്ടത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജുകളുടെ കാൻസർ വിഭാഗങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട് മിനി കാൻസർ സെന്ററുകളായി മെഡിക്കൽ കോളജുകൾ മാറുന്നത് രോഗികൾക്ക് ആശ്വാസമാവും. ഇതിന്റെ ഭാഗമായി സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, ഓങ്കോപത്തോളജി എന്നിവയ്ക്കായി 105 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. ഒട്ടേറെ പദ്ധതികളാണ് മികവിന്റെ കേന്ദ്രമായി മാറുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇതിനകം നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിലെ മാസ്റ്റർ പ്ലാൻ പദ്ധതികളുടെ നിർമാണോദ്ഘാടനം 26ന് മുഖ്യമന്ത്രി നിർവഹിക്കും.

ക്യാൻസർ രോഗികൾക്ക് ആശ്വാസമായ നൂതന ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള് ലിനാക് ബ്ലോക്ക്, ക്യാൻസർ രജിസ്ട്രി, 2.5 കോടി രൂപ ചെലവിൽ ന്യൂറോ സർജറി ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, അത്യാധുനിക 3 ഡി കളർ ഡോപ്ലർ എക്കോ മെഷീൻ, സമ്പൂർണ ഡിജിറ്റൽ എക്സ്റേ, ഇ.എൻ.ടി മെഡിസിൻ വിഭാഗങ്ങളിലെ രോഗികളെ ചികിത്സിക്കുന്നതിനുള്ള നവീകരിച്ച വാർഡ് 22, പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം, ബയോഗ്യാസ് പ്ലാന്റുകൾ, രണ്ടാമത്തെ മെഡിസിൻ ഐ.സി.യു., പീഡിയാട്രിക് കാർഡിയോളജി സർജറി, പുതിയ വെബ് പോർട്ടൽ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.

മേയർ അഡ്വ.വി.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.എസ്.സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.എ.റംലാബീവി, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ.സബൂറാബീഗം, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംസാരിച്ചു. ഇൻഫോസിസ് കേരള ഡെവലപ്‌മെന്റ് സെന്റർ മേധാവി സുനിൽ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. തോമസ് മാത്യു സ്വാഗതവും സൂപ്രണ്ട് ഡോ.എം.എസ്.ഷർമദ് നന്ദിയും പറഞ്ഞു.

പി.എൻ.എക്സ്. 552/19

date