Skip to main content

ഓഖി ചുഴലിക്കാറ്റ്: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 15 ന് പൂര്‍ത്തിയാകും ഇന്നലെ (ഡിസംബര്‍ 11) 111 പേര്‍ തിരിച്ചെത്തി

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കൊച്ചിയില്‍ നിന്നു പുറപ്പെട്ട 111 പേര്‍ കൂടി ഇന്നലെ (ഡിസംബര്‍ 11) കൊച്ചിയില്‍ തിരിച്ചെത്തി. 13 ബോട്ടുകളും തിരിച്ചെത്തി. ഇതോടെ ആകെ തിരിച്ചെത്തിയ ബോട്ടുകളുടെ എണ്ണം 213 ആയി. ഇതുവരെ ആകെ  2312 മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി. 23 ബോട്ടുകളാണ് ഇനി തിരിച്ചെത്താനുള്ളത്. ഇന്നലെ (ഡിസംബര്‍ 11 ) രാവിലെയും രാത്രിയുമായി രണ്ട് മൃതദേഹങ്ങള്‍ കൂടി കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതുള്‍പ്പടെ രണ്ട് മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലും രണ്ട് മറ്റു രണ്ടെണ്ണം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രയിലും ഒരു മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ആകെ എട്ട് മൃതദേഹങ്ങളാണ് കൊച്ചിയില്‍ ഇതുവരെ ലഭിച്ചത്. ഇതില്‍ രണ്ടെണ്ണമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജോയിന്റ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. 

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ദുരന്തഭൂമിയായി മാറിയ വൈപ്പിന്‍, ചെല്ലാനം മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 15 ന് പൂര്‍ത്തിയാക്കാന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍ദേശം നല്‍കി. ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ന്ന വീടുകളുടെ പൂര്‍ണ്ണ വിവരങ്ങളും സമര്‍പ്പിക്കണം. പരാതികള്‍ക്കിടയില്ലാത്ത വിധം റേഷന്‍ വിതരണം കാര്യക്ഷമമായി നടപ്പാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.

വൈപ്പിന്‍ മേഖലയില്‍ മാലിപ്പുറം സിഎച്ച്‌സിയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശുചീകരണം നടത്തി. 172 ടോയ്‌ലെറ്റുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് സ്ഥലങ്ങളില്‍ നിന്ന് വാട്ടര്‍ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ആറ് ആശ പ്രവര്‍ത്തകരും കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരും നാല് ജീവനക്കാരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 

ചെല്ലാനത്ത് 270 വീടുകള്‍ സന്ദര്‍ശിച്ചു. കേടുപാടുകള്‍ സംഭവിച്ച  പത്ത് വീടുകള്‍ സന്ദര്‍ശിച്ചു. 270 സ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറി. 43 ഒആര്‍എസ് പാക്കറ്റുകള്‍ വിതരണം ചെയ്തു. അഞ്ച് സെപ്റ്റിക് ടാങ്കുകള്‍ ശുചീകരിച്ചു. 43 സ്ഥലങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. 13, 18, 19, 20, 21 വാര്‍ഡുകളിലായി ആകെ 11 പേര്‍ പനി ബാധിച്ചതായി കണ്ടെത്തി. 29 സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. രാഷ്ട്രീയ കക്ഷി നേതാക്കള്‍, എന്‍സിസി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും 13 ആരോഗ്യവകുപ്പ് ജീവനക്കാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സബ് കളക്ടര്‍ ഇമ്പശേഖര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, ഡിഎംഒ, ഹെല്‍ത്ത് ഓഫീസര്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date