Skip to main content

ആദിവാസി കോളനികളുടെ മുഖച്ഛായ മാറുന്നു; അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ

 

നാടിന്റെ വികസനം അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയാവണം എന്ന ലക്ഷ്യത്തിലൂന്നി ആദിവാസി കോളനികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പട്ടികവർഗ വികസന വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. പ്രദേശത്തിന്റെ വികസനത്തോടൊപ്പം അവിടെയുള്ളവർക്ക്  ജീവിത മാർഗം ലഭ്യമാക്കുന്നതിന് നിരവധി പദ്ധതികളാണ് ജില്ലയിലെ വിവിധ കോളനികളിലായി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ ഐടിഡിപി നടപ്പാക്കുന്നത്. 

കോളയാട്, കേളകം പഞ്ചായത്തുകളിലെ രണ്ട് കോളനികളിൽ ഒരു കോടി രൂപ വീതം ചെലവിൽ ഐടിഡിപിയുടെ കോളനി സമഗ്ര വികസന പദ്ധതി പൂർത്തീകരിച്ചു. റോഡ് നിർമ്മാണം, കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം, തെരുവ് വിളക്ക് സ്ഥാപിക്കൽ, കുടിവെള്ള പദ്ധതി, കക്കൂസ് നിർമ്മാണം, വീടുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പ്യൂട്ടർ, ഓട്ടോ ഡ്രൈവിംഗ്, ടൈലറിങ് തുടങ്ങിയ മേഖലകളിൽ പരിശീലനവും ചെയ്യുന്നു. പരിശീലനം നേടിയവർക്ക് ഓട്ടോറിക്ഷയും ടൈലറിങ് യൂണിറ്റും നൽകി. ഈ കോളനികളിലെ നിരവധി കുടുംബങ്ങളാണ്  ഇതിലൂടെ ഉപജീവന മാർഗം കണ്ടെത്തിയത്. 

അയ്യങ്കുന്ന് പഞ്ചായത്തിലെ ഈന്തുംകരി കോളനിയിലെ വാസയോഗ്യമല്ലാത്ത 23 വീടുകൾ പൊളിച്ചു മാറ്റി കോൺക്രീറ്റ് വീടുകൾ നിർമ്മിക്കുന്ന പ്രവൃത്തിയും പൂർത്തിയാക്കിയിട്ടുണ്ട്. 400 ചതുരശ്ര അടി വിസ്തീണമുള്ള വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചത്. ഒരു വീടിന് 3.5 ലക്ഷം രൂപ എന്ന നിലയിൽ 80.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. 

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ആറളം ഫാമിലും നിരവധി പദ്ധതികളും നടപ്പാക്കുന്നു. 38.02 കോടി രൂപ ചെലവഴിച്ച് നബാർഡിന്റെ നേതൃത്വത്തിലാണ് ഇവിടെ പദ്ധതികൾ നടപ്പാക്കുന്നത്. ആറളം പുനരധിവാസ മേഖലയിൽ ഹയർസെക്കന്ററി സ്‌കൂൾ (2.71 കോടി), ബോയ്സ് ഹോസ്റ്റൽ (2.45 കോടി), അഞ്ച് കമ്മ്യൂണിറ്റി ഹാളുകൾ (2.59 കോടി), മൂന്ന് അങ്കണവാടികൾ (1.13 കോടി), വന്യമൃഗ ശല്യം തടയുന്നതിനായുള്ള ഫെൻസിംഗ് (3.1 കോടി), വൈദ്യുതി ശൃംഖല (1.03 കോടി), രണ്ട് എൽ.പി. സ്‌കൂളുകൾ (3.72 കോടി), കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (1.26 കോടി), അഞ്ച് സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ (2.17 കോടി),  ഇന്റേൺ റോഡുകളും പാർശ്വ ഭിത്തിയും  (3.78 കോടി), ഓടൻതോട്, വളയൻചാൽ എന്നിവിടങ്ങളിൽ പാലങ്ങൾ (9.96 കോടി), ഹോമിയോ ഡോക്ടറുടെ ക്വാർട്ടേഴ്സ് (50.57 ലക്ഷം), പാൽ സംഭരണ-വിതരണ കേന്ദ്രം (33.24 ലക്ഷം), അധ്യാപക ക്വാർട്ടേഴ്സ് (51.38 ലക്ഷം), ആയുർവേദ ഡിസ്പെൻസറി (28.31 ലക്ഷം), കുടിവെള്ള വിതരണ പദ്ധതികൾ (1.07 കോടി), കൃഷിഭവൻ (26.7 ലക്ഷം), വെറ്ററിനറി ഡിസ്പെൻസറി (25.18 ലക്ഷം), സ്റ്റേഡിയം (32.99 ലക്ഷം), മൂന്ന് ക്ലാസ് മുറികൾ, ഓഡിറ്റോറിയം (49 ലക്ഷം) എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന നബാർഡ് പദ്ധതികൾ. 

കിഫ്ബിയിൽ നിന്നുള്ള 17.75 കോടിയുടെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ നിർമ്മാണ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പൂർത്തിയാകാതെ കിടന്ന 879 വീടുകളാണ് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി 43.7 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയത്. 975 വീടുകളാണ് പൂർത്തിയാകാതെ കിടന്നിരുന്നത്. 2016-17 വർഷം 27.6 ലക്ഷം രൂപ ചെലവിൽ 31 വീടുകളും 2017-18 വർഷം 43.7 ലക്ഷം രൂപ ചിലവിൽ 33 വീടുകളും പുനരുദ്ധരിച്ചു. 2018-19 വർഷം 39 ലക്ഷം രൂപ ചെലവിൽ 50 വീടുകളുടെ പുനരുദ്ധാരണ പ്രവൃത്തികളാണ് നടന്നുവരുന്നത്. 

അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും അവരെ വിദ്യാലയങ്ങളിലേക്കെത്തിക്കുന്നതിനുമുള്ള നിരവധി പദ്ധതികളാണ് ഐടിഡിപി നടപ്പാക്കുന്നത്. കോളനികളോട് ചെർന്നുള്ള പൊതു കെട്ടിടങ്ങളിൽ കമ്പ്യൂട്ടർ, എൽഇഡി ടിവി, ലൈബ്രറി, ഫർണിച്ചർ തുടങ്ങിയ സൗകര്യങ്ങളൊരുക്കി പട്ടിക വർഗ വിഭാഗത്തിൽ നിന്ന് തന്നെയുള്ള ഫെസിലിറ്റേറ്ററെ നിയമിച്ച് ഒഴിവ് സമയങ്ങളിൽ വിദ്യാർഥികൾക്ക് ക്ലാസ് നൽകുന്ന സാമൂഹ്യ പഠനമുറി പദ്ധതിയാണ് അതിലൊന്ന്. കുട്ടികളെ സ്‌കൂളിലെത്തിക്കാനും പഠന നിലവാരം ഉയർത്താനും ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. 2017-18 വർഷം ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ നടപ്പാക്കിയ പദ്ധതി ഈ വർഷം 30 കേന്ദ്രങ്ങളിലാണ് നടപ്പാക്കുന്നത്. 

വിദ്യാർത്ഥികളുടെ സാമൂഹ്യ പുരോഗതിക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്നതിനായി ഒരു മോഡേൺ റസിഡൻഷ്യൽ സ്‌കൂൾ, ഏഴ് പ്രീമെട്രിക്  ഹോസ്റ്റലുകൾ ഒരു നഴ്സറി എന്നിവയാണ് ജില്ലയിൽ നടത്തി വരുന്നത്. കൂടാതെ ആറളം ഫാമിൽ മോഡേൺ റസിഡൻഷ്യൽ സ്‌കൂൾ ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. താമസം, ഭക്ഷണം, യൂണിഫോം, നൈറ്റ് ഡ്രസ്, പഠനോപകരണങ്ങൾ, ചികിത്സ, വെക്കേഷന് സ്‌കൂളിൽ പോയി വരാനുള്ള യാത്രബത്ത തുടങ്ങിയവ സൗജന്യമായാണ് കുട്ടികൾക്ക് നൽകിവരുന്നത്. ഈ വിദ്യാർത്ഥികളുടെ വിജയശതമാനത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. യാത്രാ ബുദ്ധിമുട്ട് കാരണം ഉണ്ടാകുന്ന കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപ്പാക്കുന്ന ഗോത്രസാരഥി പദ്ധതി വഴി നിരവധി കുട്ടികൾക്കാണ് പ്രയോജനം ലഭിച്ചിരിക്കുന്നത്. 

ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാനും ശിശുമരണ നിരക്ക് ഒഴിവാക്കാനും ഗർഭാവസ്ഥയുടെ മൂന്നാം മാസം മുതൽ കുട്ടിക്ക് ഒരു വയസ് തികയുന്നത് വരെ പ്രതിമാസം 2000 രൂപ നൽകുന്ന ജനനീ ജന്മരക്ഷ പദ്ധതി, മാതാപിതാക്കൾ നഷ്ടപ്പെട്ട് ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടികളുടെ ചെലവിനായി പ്രതിമാസം 1000 രൂപ നൽകുന്ന കൈത്താങ്ങ് പദ്ധതി, വിവിധ ആരോഗ്യ പരിപാലന പദ്ധതികൾ തുടങ്ങിയവയും വകുപ്പിന് കീഴിൽ നടപ്പാക്കുന്നു.

 

date