Skip to main content

ഭാരതീയ ചികിത്സാരീതികളെ ശക്തമാക്കുന്നതിൽ കേരളത്തിന് നേതൃസ്ഥാനം: ഗവർണർ പി.സദാശിവം *അന്താരാഷ്ട്ര ആയുഷ് കോൺക്‌ളേവിനു തുടക്കം

 

എല്ലാ പഞ്ചായത്തുകളിലും ജില്ലകളിലും ആയുഷ് ഡിസ്‌പെൻസറികളുള്ള സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് ഭാരതീയ ചികിത്സാരീതികളെ ശക്തിപ്പെടുത്തുന്നതിൽ നേതൃത്വപരമായ പങ്കാണുള്ളതെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. സംസ്ഥാനം ഇന്ത്യൻ ചികിത്സാസമ്പ്രദായങ്ങൾക്കും ഹോമിയോപ്പതിക്കും പ്രത്യേക വകുപ്പുകൾ രൂപീകരിച്ചിരിക്കുന്നതും അവയെ ആരോഗ്യരക്ഷയ്ക്കുള്ള ബദൽ ചികിത്സാരീതിയായി അംഗീകരിച്ചിരിക്കുന്നതും പ്രശംസനീയമാണ്. ഉത്തരകേരളത്തിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആഗോള ആയുർവേദ ഗവേഷണത്തിന്റെ പ്രമുഖകേന്ദ്രമാവുമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന ആയുഷ് വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട ആയുഷ് കോൺക്‌ളേവിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുഷ് സമ്പ്രദായങ്ങളുടെ വികസനത്തിനായി മികച്ച നിർദേശങ്ങളാണ് സർക്കാരിന്റെ ആരോഗ്യനയത്തിലുള്ളതെന്നും ഗവർണർ പറഞ്ഞു. ആയുർവേദ ടൂറിസത്തിന്റെ കാര്യത്തിലും കേരളം ഏറെ മുന്നേറിയതായി ഗവർണർ പറഞ്ഞു. സാമ്പ്രദായിക ചികിത്സാരീതികളും പ്രകൃതിഭംഗിയും നാടിന്റെ സാംസ്‌കാരികസമ്പത്തും യോജിപ്പിച്ച് വിപണനം ചെയ്യുന്നതിൽ കേരളം വലിയ മാതൃകയാണെന്നും ഗവർണർ പറഞ്ഞു. ആയുർവേദ, യോഗ, ധ്യാനം തുടങ്ങിയവയെ ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചുകൊണ്ട് അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ ആരോഗ്യടൂറിസം വ്യവസായത്തിന് കഴിയണം. ഈ രംഗത്ത് കേരളത്തിന്റെ ശേഷിയും പരിചയസമ്പത്തും ആഗോളതലത്തിൽ പങ്കിടാനുള്ള അവസരമാണ് ആയുഷ് കോൺക്‌ളേവും ആരോഗ്യ എക്‌സ്‌പോയും നൽകുന്നതെന്നും ഗവർണർ പറഞ്ഞു. ആയുർവേദത്തിലും മറ്റു തദ്ദേശീയചികിത്സാസമ്പ്രദായങ്ങളിലും കൂടുതൽ ഗവേഷണങ്ങളും ഗവേഷണപദ്ധതികൾക്ക് സ്‌പോൺസർമാരുണ്ടാവേണ്ടതിന്റെ ആവശ്യകതയും ഗവർണർ എടുത്തുപറഞ്ഞു.

ആരോഗ്യരംഗത്ത് എല്ലായ്‌പ്പോഴും കേരളം മാതൃകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചർ പറഞ്ഞു. ഈ കേരളവികസനമാതൃകയിൽ ആയുഷ് ചികിത്‌സാരീതികളെക്കൂടി കൂടുതലായി ഉൾച്ചേർക്കുന്നതിനാണ് ശ്രമിക്കുന്നത്. ആയുഷ് സമ്പ്രദായത്തിന്റെ അനന്തമായ സാധ്യതകളെ ഉപയോഗിക്കുന്നതിന് കോൺക്‌ളേവിനു കഴിയണം. വ്യവസായ, ടൂറിസം മേഖലകളിലും ആയുഷിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, കേന്ദ്ര ആയുഷ് വകുപ്പ് ജോയിന്റ് സെക്രട്ടറി പി.എൻ.രഞ്ജിത്കുമാർ, ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.സി.നായർ എന്നിവർ സംസാരിച്ചു. ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ എൻ. ഖോബ്രഗഡെ സ്വാഗതവും ദേശീയ ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ കേശവേന്ദ്രകുമാർ നന്ദിയും പറഞ്ഞു.

ഫെബ്രുവരി 19ന് കോൺക്‌ളേവിന്റെ സമാപനച്ചടങ്ങ് ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി ബിസിനസ്സ്, ഗുഡ്ഫുഡ്, ഹെൽത്ത് ടൂറിസം മീറ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.  

പി.എൻ.എക്സ്. 598/19

date