Skip to main content
മൂന്നാര്‍ ടൗണില്‍ നടന്ന പൊതു സ്മ്മേളനത്തില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സംസാരിക്കുന്നു.

ഇടുക്കിയിലെ തോട്ടം മേഖല സംരക്ഷിക്കപ്പെടണം: മന്ത്രി ടി പി രാമകൃഷ്ണന്‍

        നാടിന്റെ വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും തോട്ടങ്ങള്‍ വഹിക്കുന്ന
പങ്ക് വളരെ വലുതാണെന്നും ഇടുക്കി ജില്ലയിലെ തോട്ടം മേഖല
സംരക്ഷിക്കപ്പെടണം എന്നും സര്‍ക്കാര്‍ അതിനായി വിവിധ പദ്ധതികളാണ്
ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി
ടി പി രാമകൃഷണന്‍. മൂന്നാര്‍ കെ ഡി എച്ച് വില്ലേജില്‍ ന്യൂ  കോളനി
വാര്‍ഡില്‍ നിര്‍മ്മിക്കുന്ന ലേബര്‍ കോംപ്ലക്സിന്റെയും
തോട്ടംതൊഴിലാളികള്‍ക്കായി കുറ്റിയാര്‍വാലിയില്‍ നിര്‍മ്മിക്കുന്ന
വീടുകളുടെയും ശിലാസ്ഥാപന കര്‍മ്മവും നിര്‍വ്വഹിച്ച്
സംസാരിക്കുകയായിരുന്നു മന്ത്രി.  തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി
വീടെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഉടനെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍
പോകുന്നത്.  കേരളത്തില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീടു നല്‍കുകയാണ്
സര്‍ക്കാരിന്റെ ലക്ഷ്യം. തോട്ടം മേഖലയടങ്ങുന്ന ഇടുക്കി ജില്ലയ്ക്ക്
പ്രത്യേക പാക്കേജ് അനുവദിച്ചിട്ടുണ്ട്. ജില്ലയുടെ വികസനം
മുന്നില്‍കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് ഉണ്ടാകുക.
സര്‍ക്കാര്‍ നടപ്പിലാക്കിയ ലൈഫ് പദ്ധതി വലിയ മുന്നേറ്റമായിരുന്നു.
വീടില്ലാത്തവര്‍ക്ക് വീടു നല്‍കിയുള്ള  ഈ പദ്ധതി അതിവേഗത്തില്‍
മുന്നേറുന്നു. നിര്‍മ്മാണ ഘട്ടത്തിലുള്ള വീടുകളുടെ പണി മൂന്നുമാസത്തിനകം
പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറാന്‍ കഴിയുമെന്ന്
പ്രതീക്ഷിക്കുന്നു. തോട്ടംമേഖലയില്‍ തോട്ടം ഉടമകളുടെ സഹകരണത്തോടെ
പാര്‍പ്പിട സമുച്ചയം തീര്‍ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും
 മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള  മേഖലയിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട
സേവനം ഉറപ്പു വരുത്തകയെന്ന ലക്ഷ്യത്തോടെയാണ് ലേബര്‍ കോംപ്ലക്സ്
നിര്‍മ്മിക്കുന്നത്. ലേബര്‍ ഓഫീസുകള്‍ ജനസൗഹൃദ കേന്ദ്രങ്ങളാകുകയാണ് .
അന്യ സംസ്ഥാനത്തു നിന്നെത്തിയിട്ടുള്ള തൊഴിലാളികളെയും സര്‍ക്കാര്‍
ഇടപെടലിലൂടെ സമൂഹ്യസുരക്ഷാ പദ്ധതികളുടെ തണലില്‍ എത്തിക്കാന്‍
കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.    കെ ഡി എച്ച് വില്ലേജിലെ
ന്യൂകോളനിവാര്‍ഡില്‍ നിര്‍മ്മിക്കുന്ന ലേബര്‍ കോംപ്ലക്സിന്റെ നിര്‍മ്മാണം
8000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളായിട്ടാണ്  പണിയുക.
നിലവില്‍ മൂന്നാറിലെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍
ഡെപ്യൂട്ടി ലേബര്‍ ഓഫീസ്. ഇന്‍സ്പെകടര്‍ ഓഫ് പ്ലാന്റേഷന്‍സ്,
അസിസ്റ്റന്റ്  ലേബര്‍ ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനം ഒരു കുടക്കീഴില്‍
എത്തിക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിനുമുള്ള ഒരു കേന്ദ്രീകൃത സംവിധാനം ഒരുക്കുകയെന്ന
ലക്ഷ്യത്തോടൊണ്  പുതിയ ലേബര്‍ കോംപ്ലക്സ് മന്ദിരം പ്രവര്‍ത്തനം തുടങ്ങുക.
        ഇരു പദ്ധതികളുടെയും ശിലാസ്ഥാപന കര്‍മ്മത്തിനുശേഷം  മൂന്നാര്‍ ടൗണില്‍
നടന്ന പൊതുസമ്മേളനത്തില്‍  വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു.
തോട്ടംമേലകളിലെ തൊഴിലാളികളുടെ ചിരകാല സ്പനങ്ങളാണ് യാഥാര്‍ത്ഥ്യമാകാന്‍
പോകുന്നതെന്നും പദ്ധതികളുടെ പൂര്‍ത്തികരണം അതിവേഗത്തില്‍തന്നെ
നടത്തുമെന്നും മന്ത്രി എം എം മണി പറഞ്ഞു.

തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഉന്നമനത്തിനും  ഭവനരഹിതരായ
തൊഴിലാളികളുടെ ഉന്നമനത്തിനും മെച്ചപ്പെട്ട താമസ സൗകര്യം
ഒരുക്കുന്നതിനുമാണ് തോട്ടം മേഖലയിലെ ഭവനം പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ പതിനഞ്ച് വീടുകളാണ് പണിയുന്നത്. ദേവികുളം പഞ്ചായത്തിലെ
കെ ഡി എച്ച് വില്ലേജിലെ തോട്ടം തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുള്ള
പട്ടയഭൂമിയിലാണ് വീടുകള്‍ പണിയുന്നത്. രണ്ട് കിടപ്പുമുറികളും ഒരു ഹാളും
അടുക്കളയും പൊതു ടോയ്ലറ്റും അടങ്ങിയ വീടിന്റെ 400 ചതുരശ്ര അടി
വിസ്തീര്‍ണമുള്ളതാണ് ഓരോ വീടുകളും തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കായി
ആദ്യഘട്ടത്തില്‍ പണിയുന്ന വീടുകളുടെ നിര്‍മ്മാണം നാല്‍പത്തിയഞ്ച്
ദിവസത്തിനകം പൂര്‍ത്തിയാക്കും. ഇത്തരത്തില്‍ അതിവേഗത്തില്‍ നൂറുഭവനങ്ങള്‍
പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നാലു ലക്ഷം രൂപയാണ്
വീടിന്റെ നിര്‍മ്മാണ ചിലവ്.സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ്
ടെക്നോളജി ഗ്രൂപ്പിനാണ് വീടുകളുടെ നിര്‍മ്മാണ ചുമതല. ആദ്യഘട്ട
നിര്‍മ്മാണത്തിന് അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആദ്യഘട്ട തുകയും ചടങ്ങില്‍
വിതരണം ചെയ്തു.

        ചടങ്ങില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി എ കുര്യന്‍, മുന്‍ എം എല്‍ എ
കെ കെ ജയയചന്ദ്രന്‍,ലേബര്‍ കമ്മീഷ്ണര്‍ സി വി സജന്‍,ഊരാളുങ്കല്‍ ലേബരര്‍
കോണ്‍ട്രാക്ട് സൊസൈറ്റി ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ബി ബീന,
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെന്‍ട്രി ജോസഫ്, ദേവികുളം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പ സ്വാമി, ഭവനം ഫൗണ്ടേഷന്‍ കേരള
പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍
സംസാരിച്ചു.
 

date