Skip to main content
പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ തേന്‍ഗ്രാമം പദ്ധതിയുടെയും അഗ്രോ സര്‍വ്വീസ് സെന്ററിന്റെയും ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കുന്നു.

തേനീച്ച വളര്‍ത്തല്‍ കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രയോജനപ്രദമെന്ന് കൃഷിമന്ത്രി വി. എസ് സുനില്‍കുമാര്‍

 

 

ജൈവവൈവിധ്യത്തിനും കാര്‍ഷിക മേഖലയുടെ വികസനത്തിനും  തേനീച്ചകൃഷിക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ തേന്‍ഗ്രാമം പദ്ധതിയുടെയും അഗ്രോ സര്‍വ്വീസ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തേനീച്ച പെട്ടിയുടെ ആദ്യ വിതരണവും  കാര്‍ഷികോപകരണങ്ങളുടെ വിതരണവും

മന്ത്രി നിര്‍വഹിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഉദ്ഘാടനയോഗത്തില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെറുതേന്‍ കൃഷിക്കായി തേനീച്ചകളും പെട്ടിയും അടങ്ങിയ 745 കോളനികളാണ്  വനിതകള്‍ക്ക് വിതരണം ചെയ്യുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം തേന്‍ഗ്രാമം പദ്ധതിക്കായി 9.60 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി.ബിനു പറഞ്ഞു. പഞ്ചായത്തിലെ  കര്‍ഷക ജ്യോതിസ് എന്ന കര്‍ഷക സംഘമാണ് ആയിരം രൂപ നിരക്കില്‍ തേനീച്ച കോളനികള്‍ സജ്ജീകരിച്ച് നല്കുന്നത്. 7.45 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് തേന്‍ഗ്രാമം പദ്ധതിയ്ക്കായി ഈ വര്‍ഷം വിനിയോഗിക്കുന്നത്.

ഗുണഭോക്തൃവിഹിതമായി പൊതുവിഭാഗത്തിന് 40 ശതമാനവും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 25 ശതമാനവുമാണ് അടയ്‌ക്കേണ്ടത്. കാര്‍ഷിക മേഖല സംബന്ധമായി കര്‍ഷകര്‍ ആവശ്യപ്പെടുന്ന എല്ലാ സേവനങ്ങളും കൃഷിയിടത്തിലെത്തി ചെയ്തു നല്‍കുകയാണ് അഗ്രോ സര്‍വ്വീസ് സെന്റര്‍ കൊണ്ട് ലക്ഷ്യമിടുന്നത്. തെങ്ങുകയറ്റം, കാടുവെട്ടല്‍, തേനീച്ച കോളനി വേര്‍തിരിക്കല്‍ തുടങ്ങി എല്ലാവിധ സാങ്കേതിക സഹായങ്ങളും ലഭ്യമാക്കുന്ന ടെക്‌നീഷ്യന്‍മാരുടെ സേവനം ഈ സെന്ററില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭ്യമാകും. 20 ലക്ഷം രൂപ ചെലവഴിച്ചാണ് അഗ്രോ സര്‍വ്വീസ് സെന്റര്‍ ആരംഭിക്കുന്നത്.

 

പരിപാടിയുടെ ഭാഗമായി ചെറുതേന്‍ കൃഷി സംബന്ധിച്ച് ഡോ. സാജന്‍ ജോസ് സെമിനാര്‍ നയിച്ചു. യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി,  ജില്ലാപഞ്ചായത്തംഗം മോളി ഡൊമിനിക്ക്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള മോഹനന്‍, ത്രിതല ഗ്രാമപഞ്ചായത്തംഗങ്ങള്‍,  ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആന്‍സി ജോണ്‍ , പഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ്,  കൃഷി ഓഫീസര്‍ സജോമോന്‍ ജോസഫ്, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date