Skip to main content

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷം 20 മുതൽ 27 വരെ

 

* ഉദ്ഘാടനം കോഴിക്കോട്ടും സമാപനം തിരുവനന്തപുരത്തും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഫെബ്രുവരി 20 മുതൽ 27 വരെ നടക്കുമെന്ന് സാംസ്‌കാരിക-പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ആയിരം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 20ന് വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് ബീച്ചിൽ നിർവഹിക്കും. സമാപനസമ്മേളനം 27ന് വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

നിരവധി പ്രതിസന്ധികൾക്കിടയിലും കേരളത്തെ പുതിയൊരു ദിശയിലേക്കു നയിക്കാനും പുരോഗതിയുടെയും വികസനത്തിന്റെയും പാത വെട്ടിത്തെളിക്കാനും സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. പ്രളയാനന്തരം ഒറ്റക്കെട്ടായി പുനർനിർമ്മാണത്തിന്റെ ഘട്ടത്തിലൂടെ മുന്നേറുകയാണ് കേരളം. 

ഈ പ്രതിസന്ധികൾക്കിടയിലും അസാധ്യമെന്നു കരുതിയിരുന്ന നിരവധി വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനായി. നീതി ആയോഗിന്റെ പഠനപ്രകാരം ഇന്ത്യയിലെ മികച്ച സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടതും ഈ ഭരണമികവിന്റെ ദൃഷ്ടാന്തമാണ്. ആയിരം ദിനങ്ങൾ പൂർത്തീകരിക്കുന്ന വേളയിൽ നവകേരളസൃഷ്ടിക്ക് ഊന്നൽ നൽകിയുള്ള മുന്നേറ്റത്തിനാണ് സർക്കാർ  ഒരുങ്ങുന്നത്. 

കോഴിക്കോട് നടക്കുന്ന ആയിരം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ സ്വാഗതം പറയും. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, എം.പിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി വൈകിട്ട് മൂന്നുമുതൽ പുഷ്പാവതിയും സംഘവും അവതരിപ്പിക്കുന്ന 'ദ്രാവിഡ ബാൻഡ്' സംഗീതപരിപാടി നടക്കും. രാത്രി ഏഴുമുതൽ പ്രശസ്ത ഗായകൻ ഹരിഹരൻ നയിക്കുന്ന 'ഗസൽ സന്ധ്യ'യും അരങ്ങേറും. 

ഫെബ്രുവരി 27ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച 1000 കലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് വിതരണവും ഇവരുടെ കലാപരിപാടികളും ഉണ്ടാകും. 

സംസ്ഥാനത്തു പൂർത്തിയായതും പുതുതായി ആരംഭിക്കുന്നതുമായ ആയിരം പദ്ധതികൾ ആയിരം ദിനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിൽ ഉദ്ഘാടനം ചെയ്യും. ജില്ലകളിൽ ഏഴു ദിവസം നീളുന്ന പ്രദർശനത്തിൽ വിവിധ വകുപ്പുകളും കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികളും പങ്കെടുക്കും. ഇതോടൊപ്പം കലാപരിപാടികളും വികസനസെമിനാറുകളും സംഘടിപ്പിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും അനുബന്ധ പരിപാടികൾ നടക്കും. ജില്ലകളിൽ നടക്കുന്ന മീഡിയ കോൺക്ലേവ് ആയിരം ദിനാഘോഷ പരിപാടിയുടെ പ്രത്യേകതയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ 1000 ദിനങ്ങൾ പൂർത്തിയാക്കുന്നത് ജനക്ഷേമത്തിനും സാമൂഹ്യ മുന്നേറ്റത്തിനും സഹായകമാകുന്ന ഒട്ടേറെ നടപടികളുമായി. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായ പ്രളയം കടന്ന് ഉയിർത്തെഴുന്നേൽക്കുന്ന കേരളത്തിന്റെ പുനർനിർമാണത്തിനാണ് പ്രതിസന്ധികൾക്കിടയിലും സർക്കാരിന്റെ ഊന്നലും കരുതലും. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ലിംഗനീതിയും തുല്യതയും ഉറപ്പാക്കുന്നതിലും സർക്കാർ വിട്ടുവീഴ്ച ചെയ്തില്ല. സുസ്ഥിരവികസനത്തിനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾത്തന്നെ, ക്രമസമാധാനനില ഭദ്രമാക്കുന്നതിനും മതസാമുദായികമൈത്രി നിലനിർത്തുന്നതിനും സർക്കാരിന് കഴിഞ്ഞു. വിലക്കയറ്റം പിടിച്ചുനിർത്തി. കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കി. ഒരുലക്ഷത്തിലേറെപ്പേർക്ക് പട്ടയം നൽകാനായി. സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും സർക്കാർ ഉറപ്പു വരുത്തുന്നു.  

അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തിൽ വലിയ മുന്നേറ്റം ഈ 1000 ദിനങ്ങളിൽ ഉണ്ടായി. കേരളത്തിന്് അഭിമാനമായി കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളം അന്തർദേശീയനിലവാരത്തിൽ സാക്ഷാത്കരിക്കപ്പെട്ടത്, കൊച്ചി എൽ.എൻ.ജി ടെർമിനൽ-മംഗലാപുരം 444 കിലോമീറ്റർ ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ പൂർത്തിയാക്കിയത്, കൊല്ലം ബൈപാസിന്റെ പൂർത്തീകരണം, പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖം, കൂടംകുളം പവർഹൈവേ, 45 മീറ്ററിലെ ദേശീയപാത, തലശ്ശേരി-മാഹി നാലുവരി ബൈപ്പാസ് തുടങ്ങിയ പദ്ധതികൾ എടുത്തുപറയേണ്ടതുണ്ട്. വൻവികസനത്തിലേക്കു നയിക്കുന്ന 1267 കി.മീറ്റർ മലയോരഹൈവേയും 657 കി.മീറ്റർ തീരദേശഹൈവേയും നിർമാണം തുടങ്ങി. 2020-ൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. കോവളം- ബേക്കൽ ദേശീയ ജലപാതയും 2020-ൽ യാഥാർഥ്യമാവും. കൊച്ചി മെട്രോ പേട്ടവരെ നീളുന്നതിനൊപ്പം വാട്ടർമെട്രോയും പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യം. വിഭവസമാഹാരണത്തിനായി രൂപീകരിച്ച കിഫ്ബിയിലൂടെ 41,000 കോടിരൂപയുടെ 500-ൽ അധികം പദ്ധതികൾക്കാണ്  അംഗീകാരം നൽകിയിരിക്കുന്നത്. 9000 കോടിയുടെ പദ്ധതികൾക്ക് ടെൻഡർ പൂർത്തിയായി. 5500 കോടിയുടെ പദ്ധതികൾ തുടങ്ങി. ശബരിമലയുടെ വികസനത്തിന് പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് 739 കോടി രൂപയാണ്. 

ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ അഭിമാനകരമായ നേട്ടങ്ങളാണ് സംസ്ഥാനം കൈവരിച്ചിരിക്കുന്നത്. രണ്ടുകൊല്ലത്തിനിടെ പൊതുവിദ്യാലയങ്ങളിൽ 3,41, 293 കുട്ടികൾ അധികമായെത്തി. ഭൗതികതലത്തിൽ പൊതുവിദ്യാലയങ്ങൾ ഉയർന്ന നിലവാരത്തിലേക്കെത്താനായി. 45,000 സ്‌കൂൾ ക്ളാസ് മുറികൾ ഹൈടെക്ക് ക്ളാസ് മുറികളായി. 14,096 സർക്കാർ, എയ്്ഡഡ് സ്‌കൂളുകൾക്ക് ബ്രോഡ്ബാൻഡ് കണക്ഷനായി. ആരോഗ്യമേഖലയിൽ സർക്കാരാശുപത്രികൾ കൂടുതൽ രോഗീസൗഹൃദമായതും വിദഗ്ധചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിച്ചതും എടുത്തുപറയേണ്ട മാറ്റമാണ്. 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടംബാരോഗ്യകേന്ദ്രങ്ങളായും ആറ് കുടുംബാരോഗ്യകേന്ദ്രങ്ങൾ താലൂക്ക് ആശുപത്രികളായും ഉയർത്തി. 44 ഡയാലിസിസ് കേന്ദ്രങ്ങൾ തുടങ്ങി.

സാമൂഹികക്ഷേമരംഗത്ത് ക്ഷേമപെൻഷനുകൾ ഇരട്ടിയാക്കി. 600 രൂപയിൽനിന്ന് 1200 രൂപയായാണ് വർധിപ്പിച്ചത്. കുടിശ്ശികയുമില്ലാതാക്കി. 51 ലക്ഷം പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. സ്‌കീം വർക്കേഴ്സിന്റെ വേതനവർധന 450 ശതമാനംവരെയാണ്. നഴ്സിംഗ് ഉൾപ്പെടെ 26 മേഖലകളിൽ മിനിമം വേതനം വർധിപ്പിച്ചു. നഴ്സുമാർക്ക് 20,000 രൂപ മിനിമം ശമ്പളം ഉറപ്പാക്കി. ചുമട്ടുതൊഴിലാളി മേഖലയിലെ അനാരോഗ്യപ്രവണതകൾ അവസാനിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾക്ക് അപ്നാഘർ ഭവനും ക്ഷേമപദ്ധതിയും നടപ്പാക്കി. കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നവർക്ക് ഇരിക്കാനുള്ള അവകാശം നിർബന്ധമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വിതരണം ചെയ്തത് 1300 കോടി രൂപയാണ്. സ്ത്രീശാക്തീകരണത്തിനായി വനിതാശിശുവികസനവകുപ്പ് രൂപീകരിച്ച ഈ സർക്കാർ പോലീസിലെ വനിതാപ്രാതിനിധ്യം 25 ശതമാനമാക്കുകയും ആദ്യമായി വനിതാപോലീസ്  ബറ്റാലിയൻ ആരംഭിക്കുകയും ചെയ്തു.  നിരാംലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും രാപാർക്കാൻ എന്റെ കൂട് പദ്ധതിയും ഷീ ലോഡ്ജും ആരംഭിച്ചു. 20,000 പുതിയ തസ്തികൾ സൃഷ്ടിച്ചു. 1.55 ലക്ഷം പേർക്ക്്് നിയമനം നൽകാനായി. ഐ.ടി.രംഗത്ത് മാത്രം ഒരുലക്ഷം പേർക്ക് ജോലി നൽകി. ഒരുലക്ഷം പേർക്കുകൂടി ജോലി നൽകും.

സർക്കാർ വിവിധ മേഖലകളിൽ കൈവരിച്ച മുന്നേറ്റം ദേശീയതലത്തിൽതന്നെ ശ്രദ്ധയും ബഹുമതികളും നേടി. നീതി ആയോഗിന്റെ സുസ്ഥിരവികസനലക്ഷ്യ സൂചികയിൽ നമ്മുടെ കേരളം ഇന്ത്യയിൽ ഒന്നാമതായി. മികച്ച ഭരണത്തിന് പബ്ളിക് അഫയേഴ്സ് സെന്ററിന്റെ അംഗീകാരം തുടർച്ചയായി മൂന്നാം വർഷവും നേടി. അതുപോലെ മികച്ച ക്രമസമാധാനപാലനത്തിന് ഇന്ത്യാടുഡേയുടെ പുരസ്‌കാരവും. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ സെന്റർ ഫോർ മീഡിയ സ്റ്റഡീസും തിരഞ്ഞെടുത്തു. മാനവവികസനസൂചിക, സാക്ഷരത, ആരോഗ്യം, സമ്പൂർണവൈദ്യുതീകരണം എന്നീ മേഖലകളിലും കേരളം ദേശീയതലത്തിൽ മുന്നിലാണ്.  കേരളമാണ് ട്രാൻസ്ജെൻഡർ നയം പ്രഖ്യാപിച്ച ആദ്യസംസ്ഥാനം. 

മഹാപ്രളയം കേരളത്തെ തകർത്തെറിഞ്ഞ നാളുകളെ നിപ്പയും ഓഖിയും ആഘാതമേല്പിച്ചപ്പോഴെന്നപോലെ മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയോടും കരുത്തോടെയുമുള്ള നേതൃത്വത്തിൽ മറികടക്കാൻ കേരളത്തിനായി. പ്രളയബാധിതമായ 6,87,143 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നല്കി. പതിനായിരക്കണക്കിന് വീടുകൾ വാസയോഗ്യമാക്കി.  25020 വൈദ്യുതി ബന്ധങ്ങൾ പുനഃസ്ഥാപിച്ചു. രണ്ടു ലക്ഷം കിണറുകൾ ശുദ്ധീകരിച്ചു.  അഞ്ചു കോടി പുതിയ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു.  2764 കോടി രൂപ റോഡുകളുടെ പുനർനിർമ്മാണത്തിനായി  ചെലവഴിച്ചു. 9341 വീടുകൾക്ക് ആദ്യഗഡു സഹായം നൽകി പണി ആരംഭിച്ചു. ബാക്കിയുളള വീടുകളും പണിയുന്നതിന് ക്രമീകരണമായി.  ഭാഗികമായി വീടുതകർന്ന 1,30,606 വീടുകൾക്ക് ധനസഹായം നൽകി. തകർന്ന റോഡുകളും പാലങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കുന്നതിനായി. സമാനതകളില്ലാത്ത ഈ ആശ്വാസപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാനായെങ്കിലും വെല്ലുവിളികൾ നിറഞ്ഞ പ്രളയാനന്തര പുനർനിർമാണത്തിന്റെ പാതയിലാണ് ഇപ്പോൾ നാം.

വിവിധ ജില്ലകളിലായി അനവധി പദ്ധതികൾക്ക് 1000 ദിനാഘോഷങ്ങളോടനുബന്ധിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് തുടക്കമാകും. 14 എൻഫോഴ്സ്മെൻറ് ആർ.ടി ഓഫീസും 85 സ്‌ക്വാഡുമായി പുതുതായി ആരംഭിക്കുന്ന 'സേഫ് കേരള' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 1000 ദിനാഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന, ജില്ലാ തലങ്ങളിൽ അനേകം പദ്ധതികളാണ് 1000 ദിനങ്ങൾ പൂർത്തിയാകുന്നതി നോടനുബന്ധിച്ച് കേരളത്തിന്റെ വികസനക്കുതിപ്പിന് ഊർജമേകാൻ ആരംഭമാകുന്നത്.

പി.എൻ.എക്സ്. 606/19

date