Skip to main content

ഇ-വേസ്റ്റ്‌ സംസ്‌ക്കരണം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍  അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍

ഇ-വേസ്റ്റുകളും ഹസാര്‍ഡ്‌ വേസ്‌റ്റുകളും സംസ്‌ക്കരിക്കുന്നതില്‍ ജില്ലയിലെ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ ടി.വി. അനുപമ. ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ തദേശസ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ അധികാര പരിധിയില്‍നിന്നുള്ള ഇത്തരം മാലിന്യങ്ങള്‍ നിശ്ചയിച്ച സ്ഥലത്ത്‌ സംഭരിക്കണം. ഇതിനായി കണ്ടെത്തിയ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ സംഭരിക്കാത്ത തദേശസ്ഥാപനങ്ങള്‍ അവ അടിയന്തരമായി സംഭരിക്കണം. ജില്ലയിലെ മൂഴുവന്‍ തദേശസ്ഥാപനങ്ങളില്‍നിന്നും മാലിന്യം സംഭരിക്കാന്‍ ക്ലീന്‍ കേരള കമ്പനി തയ്യാറാണ്‌. ഫെബ്രുവരി 18 നു മുമ്പ്‌ ക്ലീന്‍ കേരള കമ്പനിക്ക്‌ മാലിന്യം കൈമാറാന്‍ സാധിക്കുന്ന രീതിയില്‍ നടപടികള്‍ കൈകൊള്ളണമെന്നും ജില്ലാ കളക്ടര്‍ തദേശസ്ഥാപന പ്രതിനിധികള്‍ക്ക്‌ നിര്‍ദേശം നല്‍കി. യോഗത്തില്‍ കോര്‍പ്പറേഷന്‍െ്‌റ 97 പദ്ധതി ഭേദഗതികളും ജില്ലാ പഞ്ചായത്തിന്‍െ്‌റ 38 പദ്ധതി ഭേദഗതികളും അംഗീകരിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ 67 ശതമാനവും ബ്ലോക്ക്‌ പഞ്ചായത്തുകള്‍ 69 ശതമാനവും ജില്ലാ പഞ്ചായത്ത്‌ 53 ശതമാനവും മുനിസിപ്പാലിറ്റികള്‍ 55 ശതമാനവും കോര്‍പ്പറേഷന്‍ 39.63 ശതമാനവും ഇതുവരെ പദ്ധതി വിഹിതം ചെലവഴിച്ചു. നിലവില്‍ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ജില്ലയുടെ സ്ഥാനം 10 ആണ്‌. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി ജില്ലയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ യോഗം തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കി. ബ്ലോക്ക്‌ തലത്തില്‍ 77.35 ശതമാനം വിഹിതം ചെലവഴിച്ച്‌ വെള്ളാങ്കല്ലൂര്‍ ഒന്നാംസ്ഥാനം നേടി. ഗ്രാമപഞ്ചായത്തുകളില്‍ 92.35 ശതമാനത്തോടെ പൂമംഗലം പഞ്ചായത്തും മുനിസിപ്പാലിറ്റികളില്‍ 61.01 ശതമാനത്തോടെ ചാവക്കാടുമാണ്‌ മുന്നില്‍. കിണര്‍ റീച്ചാര്‍ജിങ്‌ പദ്ധതി തൊഴിലുറപ്പു പദ്ധതിയുമായി ചേര്‍ന്ന്‌ നടപ്പിലാക്കാന്‍ യോഗം നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയ എജന്‍സികള്‍ക്ക്‌ അംഗീകാരം നല്‍കുന്നതിന്‌ ആസൂത്രണ സമിതി സബ്ബ്‌ കമ്മറ്റിക്ക്‌ രൂപം നല്‍കാനും യോഗം തീരുമാനിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ്‌, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി ഡോ. എം.എന്‍. സുധാകരന്‍, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ടി.ആര്‍. മായ, ജനപ്രതിനിധികള്‍, ഉദ്യേഗാസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date