Skip to main content

ആദിവാസികളെ വോട്ടു ചെയ്യിക്കാൻ വിപുലമായ പ്രചാരണം തുടങ്ങും

 

ആദിവാസി മേഖലയിൽ നിന്നുള്ളവരെ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ പ്രചാരണ പരിപാടികളുമായി സംസ്ഥാന ഇലക്ഷൻ വിഭാഗം. മുൻ വർഷങ്ങളിൽ ആദിവാസി മേഖലയിൽ വോട്ടിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിൽ സ്വീപ്പിന്റെ ഭാഗമായി ആദിവാസികൾക്കിടയിൽ വിപുലമായ ബോധവത്കരണം നടത്തുന്നത്. 

തെരുവുനാടകം ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് ബോധവത്ക്കരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (17ന് ) രാവിലെ 11 മണിക്ക് കുറ്റിച്ചൽ പഞ്ചായത്തിലെ മണ്ണാംകോണം സാംസ്‌കാരിക നിലയത്തിൽ നടക്കും. കുടുംബശ്രീയുടെ രംഗശ്രീ ട്രൂപ്പാണ് ഏഴ് മിനിട്ട് ദൈർഘ്യമുള്ള തെരുവുനാടകം അവതരിപ്പിക്കുന്നത്. 29 ഊരുകളിൽ നിന്നുള്ള 300 പേർ പങ്കെടുക്കും. ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ തന്നെയാണ് നാടകത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 

വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തൽ, വിവിപാറ്റ്, വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ തെരുവ് നാടകത്തിലൂടെ പരിചയപ്പെടുത്തും. ചടങ്ങ് ചീഫ് ഇലക്ട്രൽ ഓഫീസർ ടീക്കാറാം മീണ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. കെ. വാസുകി അധ്യക്ഷത വഹിക്കും. വോട്ടിന്റെ പ്രാധാന്യം മനസിലാക്കി നൽകുന്നതിനൊപ്പം സമ്മർദമില്ലാതെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും. 

ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസി മേഖലകളിൽ ബോധവത്ക്കരണം നടക്കും. പരിപാടിയുടെ ഭാഗമായി ആദിവാസികളുടെ തനത് കലാരൂപങ്ങളും അവതരിപ്പിക്കും.

പി.എൻ.എക്സ്. 618/19

date