Skip to main content

ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് സഹകരണ സംഘം ഏറെ പ്രയോജനം: മുഖ്യമന്ത്രി 

കൊച്ചി: ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് സഹകരണ സംഘം ഏറെ പ്രയോജനപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുകൂലമായി ഓട്ടോറിക്ഷ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സഹകരണ സംഘ രൂപീകരണം സംസ്ഥാനത്ത് ആദ്യമാണ്. ഇത്തരം ഇടപെടലുകളിലൂടെ തൊഴിലാളികളുടെ ക്ഷേമം, സുരക്ഷ എന്നിവ ആസൂത്രണം ചെയ്യാനാള്ള സാധ്യതയും ആലോചിക്കണം. ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്റെയും മെട്രോ ഫീഡര്‍ ഓട്ടോ സര്‍വീസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൊതു ഗതാഗത മേഖലയില്‍ സാധാരണ പരിഗണിക്കാത്ത  വിഭാഗമാണ് ഓട്ടോറിക്ഷ. എന്നാല്‍ സഹകരണ സംഘം വഴി ഇവര്‍ക്ക് പരിഗണന ലഭിക്കുകയും പൊതുഗതാഗത ശൃംഖലയുടെ ഭാഗമാവുകയും ചെയ്യും.  മെട്രോ റെയില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായ ഒന്നാണ്. ഇതുപോലെ പൊതുഗതാഗത ശാക്തീകരണത്തിനായി മെട്രോ,  ടാക്‌സി, ബസ്, ബോട്ട്, ഓട്ടോറിക്ഷ ഇവയുടെയെല്ലാം  പരസ്പരപൂരകമായ പ്രവര്‍ത്തനവും പരീക്ഷണടിസ്ഥാനത്തില്‍ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. ജില്ലയില്‍ പൊതുഗതാഗതവും നഗര ഗതാഗതവും പുനസംഘടിപ്പിക്കുന്നതിനും  പുനക്രമീകരിക്കുന്നതിനും കെ എം ആര്‍ എല്ലിനെയാണ് ചുമതലപ്പെടുത്തിയത്. ജില്ലയില്‍ 7 കമ്പനികള്‍ രൂപീകരിച്ച് ജിപിഎസ് സംവിധാനത്തോടെ പൊതുജനങ്ങള്‍ക്ക് സഹായകമായ രീതിയില്‍ യാത്ര-ആസൂത്രണ സംവിധാനം സ്വകാര്യബസുകളുടെ കാര്യത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. മെട്രോയില്‍ ഉപയോഗിച്ചുവരുന്ന കൊച്ചി വണ്‍ കാര്‍ഡ് സംവിധാനം ബസുകളിലും ഉപയോഗിക്കുന്നതിനുള്ള തീരുമാനം അന്തിമഘട്ടത്തിലാണ്. ഈ സംവിധാനം ഓട്ടോറിക്ഷകളിലും നടപ്പാക്കാവുന്നതാണ്. 

മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഫീഡര്‍ സര്‍വീസ് ബസ് സ്റ്റേഷന്‍, മൊബിലിറ്റി ഹബ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കണം. ഇലക്ട്രോണിക് ഓട്ടോറിക്ഷ ഉപയോഗിക്കുന്നത് നഗര മലിനീകരണം കുറയ്ക്കുന്നതിന് ഏറെ പ്രയോജനമാണ്. ഇത് സഹകരണ സംഘത്തിന്റെ സഹായത്തോടെ വിപുലീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 അഭിവൃദ്ധിക്കായി ഒരുമിക്കാം എന്ന കൈപുസ്തകം മുഖ്യമന്ത്രിയില്‍ നിന്നും കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ് ഏറ്റുവാങ്ങി.

ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും പൊതു ജനങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുംവിധം ഓട്ടോറിക്ഷ സര്‍വീസ് മേഖലയെ ആധുനികവല്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണസംഘം രൂപീകരിച്ചിരിക്കുന്നത്. ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ഓട്ടോറിക്ഷകളും ഒന്നിച്ച് ചേര്‍ത്തുകൊണ്ടാണ് സഹകരണ സംഘത്തിന്റെ ആരംഭം. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി ഓട്ടോറിക്ഷകളെ ഹയര്‍, ഷെയര്‍, റെന്റ് ഓട്ടോ, മെട്രോ, ബോട്ട്, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഫീഡര്‍ ഫോട്ടോ എന്നിങ്ങനെ ക്രമീകരിച്ച് തൊഴിലാളികളുടെ നിത്യ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുക, തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസം, ചികിത്സ, പാര്‍പ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങളില്‍ സഹായം നല്‍കുക, നിരവധി ക്ഷേമ പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കുക എന്നീ പ്രവര്‍ത്തന ലക്ഷ്യത്തോടെയാണ് സഹകരണ സംഘം ആരംഭിച്ചിരിക്കുന്നത്. 

എറണാകുളം ദര്‍ബാര്‍ ഹാളില്‍ ഗ്രൗണ്ടില്‍ വച്ച് നടന്ന പരിപാടിയില്‍ എം സ്വരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എ കെ ജെ മാക്‌സി , എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘം ചീഫ് പ്രമോട്ടര്‍ എം ബി സ്യമന്തഭദ്രന്‍, ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ കെ ഇബ്രാഹിം കുട്ടി, ട്രഷറര്‍ സൈമണ്‍ ഇടപ്പള്ളി, പൊതുപ്രവര്‍ത്തകരായ ആര്‍ ചന്ദ്രശേഖരന്‍, കെ ചന്ദ്രന്‍പിള്ള, കെ എന്‍ ഗോപി, അഡ്വ ടി ബി മിനി, കെ വി മധുകുമാര്‍  പിഎം ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.

date