Skip to main content

കുന്നംകുളം മുനിസിപ്പാലിറ്റിയ്‌ക്ക്‌ കീഴില്‍ ചകിരിനാര്‌  യൂണിറ്റിന്റെ നിര്‍മ്മാണം തുടങ്ങി

കുന്നംകുളത്തെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരമായി പ്രവര്‍ത്തിക്കുന്ന കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്കില്‍ ചകിരി യൂണീറ്റിന്റെ നിര്‍മ്മാണം തുടങ്ങി. ബാക്ടീരിയ ഇനോക്കുലം ചേര്‍ത്ത ചകിരിച്ചോറാണ്‌ ഇവിടെ മാലിന്യ സംസ്‌കരണത്തിനായി ഉപയോഗിക്കുന്നത്‌. മാസത്തില്‍ നാലരടണ്‍ ചകിരിച്ചോറാണ്‌ ഇതിനായി ആവശ്യം വരുന്നത്‌. ധനമന്ത്രി ടിഎം തോമസ്‌ ഐസക്ക്‌ ഗ്രീന്‍പാര്‍ക്ക്‌ സന്ദര്‍ശിച്ചപ്പോഴാണ്‌ ചകിരി നിര്‍മ്മാണ യൂണീറ്റ്‌ സ്വന്തമായി തുടങ്ങുന്നതിനുള്ള ആശയം പങ്കുവെച്ചത്‌. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ കയര്‍ ബോര്‍ഡിന്റെ സഹകരണവും ലഭിച്ചു. ജൈവമാലിന്യ സംസ്‌കരണ യൂണീറ്റിന്‌ സമീപം പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ്‌ ചകിരി നിര്‍മ്മാണ യൂണീറ്റ്‌ പ്രവര്‍ത്തിക്കുക. കൊച്ചിയിലെ കയര്‍ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള പ്രവര്‍ത്തികളാണ്‌ ഇവിടെ നടക്കുന്നത്‌. യൂണീറ്റിന്‌ ആവശ്യമായ യന്ത്രങ്ങള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. മാര്‍ച്ച്‌ മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മാലിന്യ സംസ്‌കരണത്തിനാവശ്യമായ ചകിരിച്ചോര്‍ പൊള്ളാച്ചിയില്‍ നിന്നാണ്‌ നിലവില്‍ ഇറക്കുമതി ചെയ്യുന്നത്‌. ഇത്‌ ഇവിടെ തന്നെ ഉദ്‌പാദിപ്പിക്കാന്‍ സാധിച്ചാല്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും. ചകിരി സംസ്‌കരണ യൂണീറ്റില്‍ 5000-8000 ചകിരി സംസ്‌കരിക്കാനുള്ള സംവിധാനമുണ്ടാകും. നഗരസഭയിലും ചൊവ്വന്നൂര്‍ ബ്ലോക്കിന്‌ കീഴിലും വരുന്ന ക്ഷീര കര്‍ഷകരില്‍ നിന്നും ചകിരി സംഭരിക്കും. കുടുംബശ്രീ യൂണീറ്റുകള്‍ക്കും ചകിരി സംഭരണമുള്‍പ്പെടയുള്ള പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍ക്കാനാണ്‌ നഗരസഭ ലക്ഷ്യമിടുന്നത്‌. 

date