Skip to main content

ലൈഫ് മൂന്നാം ഘട്ടം: അഞ്ചിടത്ത് ഭവന  സമുച്ചയത്തിന് സ്ഥലം കണ്ടെത്തി

 

തല ചായ്ക്കാനിടമില്ലാത്തവർക്കായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതർക്ക് അഞ്ചിടങ്ങളിലായി ഭവന സമുച്ചയത്തിന് സ്ഥലം കണ്ടെത്തി. കുറുമാത്തൂർ, പയ്യന്നൂർ, കണ്ണപുരം, കൂടാളി, കടമ്പൂർ എന്നിവിടങ്ങളിലാണ് ഭവന സമുച്ചയം നിർമ്മിക്കുക.  എടക്കാട് ബ്ലോക്കിലെ കടമ്പൂർ ഗ്രാമപഞ്ചായത്തിൽ ആദ്യ ഭവന സമുച്ചയം പണിയുന്നതിന് സംസ്ഥാന ലൈഫ് മിഷൻ തൃശ്ശൂർ ആസ്ഥാനമായ ടി.ഡി.എൽ.സി.എസ് എന്ന സ്ഥാപനത്തിന് ടെണ്ടർ നൽകിയിട്ടുണ്ട്.   അവർ  സ്ഥലസന്ദർശനം നടത്തുകയും സ്ഥലത്തിന്റെ രേഖകൾ കടമ്പൂർ ഗ്രാമപഞ്ചായത്ത് കൈമാറുകയും ചെയ്തു.   മണ്ണു പരിശോധന നടത്തിയിട്ടുണ്ട്.

കൂടാതെ, പ്രളയ ബാധിത പ്രദേശത്തെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രീഫാബ് ടെക്‌നോളജി ഉപയോഗിച്ച് ചെലവു കുറഞ്ഞരീതിയിലുളള വാസഗൃഹ നിർമ്മാണം  സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഭവന നിർമ്മാണ സാങ്കേതികവിദ്യയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് കണ്ണൂർ കളക്ടറേറ്റിൽ പ്രസ്തുത മാതൃകയിൽ ഒരു മോഡൽസ്ഥാപിക്കുന്നതിന് ലൈഫ് മിഷൻ സി. ഇ. ഒ.   നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് വേണ്ട സ്ഥലം കണ്ടെത്തി പണി ആരംഭിക്കുന്നതിനുളള പ്രവർത്തനങ്ങൾ നടന്നുവരുന്നു.    

മുൻകാലങ്ങളിൽ ധനസഹായം ലഭിച്ചിട്ടും ഭവന നിർമ്മാണം പാതിവഴിയിലായവർ, ഭൂരഹിത ഭവന രഹിതർ, ഭൂമിയുളള ഭവന രഹിതർ, എന്നിവരെയും വാസയോഗ്യമല്ലാത്ത വീടുളളവർ എന്നീ വിഭാഗങ്ങളെയെല്ലാം സർക്കാർ പരിഗണിച്ചിട്ടുണ്ട്. പൂർത്തിയാവാതെ സ്പിൽ ഓവറായ വീടുകളുടെ പൂർത്തീകരണത്തിനുള്ള ഒന്നാം ഘട്ടത്തിൽ ജില്ല 93.84 ശതമാനം നേട്ടം കൈവരിച്ചു. 2682 സ്പിൽ ഓവർ വീടുകളിൽ 2517 എണ്ണം പൂർത്തീകരിച്ചു. 165 എണ്ണമാണ് പൂർത്തീകരിക്കാൻ ബാക്കിയുള്ളത്. ഇതിന് കൂട്ടായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്പിൽ ഓവർ വീടുകളുടെ പൂർത്തീകരണത്തിന് ഗ്രാമപഞ്ചായത്തുകൾ 5.99 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകൾ 5.72 കോടി രൂപയും, മുനിസിപ്പാലിറ്റി കോർപ്പറേഷൻ 2.85 കോടി രൂപയും വിവിധ വകുപ്പുകൾ മുഖേന 15.39 കോടി രൂപയും നാളിതുവരെ ചെലവഴിച്ചിട്ടുണ്ട്. ലൈഫിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 12 സുനാമി വീടുകളുടെ താക്കോൽദാനം 2018 മാർച്ചിൽ മന്ത്രി കെ. കെശൈലജ ടീച്ചർ നിർവ്വഹിച്ചു. 

ഭൂമിയുള്ള ഭവന രഹിതരുടെ വീട് നിർമ്മാണമാണ് രണ്ടാം ഘട്ടം. ഇതിനായി ജില്ലയിൽ 4879 ഗുണഭോക്താക്കളെ കുടുംബശ്രീ സർവ്വേയിലുടെ കണ്ടെത്തിയതിൽ 2302 ഗുണഭോക്താക്കൾ നിലവിൽ അർഹരാണെന്നു കണ്ടെത്തിയിട്ടുമുണ്ട്.  ഇതിൽ 61 പേർ മുനിസിപ്പാലിറ്റി പി. എം. എ. വൈ. ഗുണഭോക്താക്കളും ശേഷിക്കുന്ന 2241 പേർ ഗ്രാമ പഞ്ചായത്തുകളിലെ ഗുണഭോക്താക്കളുമാണ്. ഇതിൽ 679 പേർ വീടുനിർമാണം പൂർത്തീകരിച്ചു. രണ്ടാംഘട്ടം മുഴുവൻ പണിയും പൂർത്തീകരിച്ച 77 വീടുകളുടെ താക്കോൽദാനം ഇതുവരെ നടന്നിട്ടുണ്ട്. ഫെബ്രുവരി 25 നകം 250 ഭവനങ്ങളുടെ താക്കോൽദാനം കൂടി നിർവ്വഹിക്കും.

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ഉജ്ജ്വൽയോജന, കേന്ദ്ര സംസ്ഥാന ആവിഷ്‌കൃത പദ്ധതികൾ എന്നിവയിലൂടെ ലഭ്യമാക്കാവുന്ന ആനൂകൂല്യങ്ങൾകൂടി സംയോജിപ്പിച്ച് തൊഴിലും വരുമാനവും ലഭ്യമാക്കുക എന്ന ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ടുളള സാമൂഹിക സാമ്പത്തിക ശാക്തീകരണ പദ്ധതിയാണ് ലൈഫ്.

ഭൂമിയുളള ഭവനരഹിതർ, ഭൂരഹിത ഭവന രഹിതർ, പൂർത്തിയാകാത്ത, വാസയോഗ്യമല്ലാത്ത ഭവനം ഉളളവർ, പുറമ്പോക്കിലോ, തീരദേശമേഖലയിലോ താൽക്കാലിക ഭവനം ഉളളവർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കുന്ന ഭവനപദ്ധതികൾ സംയോജിപ്പിച്ചാണ് പദ്ധതി  നടപ്പിലാക്കിയിരിക്കുന്നത്. പട്ടികവർഗ ഗുണഭോക്തക്കൾക്ക്  ഭവനനിർമ്മാണം പൂർത്തീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയാണ്  ധനസഹായം ലഭ്യമാക്കിയിട്ടുളളത്.

 

date