Skip to main content
ഫെബ്രുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്ന പിണറായി ഹൈടെക് വീവിംഗ് മിൽ

ആധുനിക നെയ്ത്തിൽ ചുവടുവച്ച് പിണറായി  ഹൈടെക് വീവിംഗ് മിൽ ഉദ്ഘാടനം 28 ന്

 

വ്യവസായ വളർച്ചയിൽ ഉത്തരമലബാറിന് തിലകക്കുറിയായി പിണറായി ഹൈടെക് വീവിംഗ് മിൽ ഉദ്ഘാടനത്തിനൊരുങ്ങി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഏവരുടെയും ചിരകാലസ്വപ്‌നം ഫെബ്രുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

പിണറായി ഗ്രാമപഞ്ചായത്തിലെ കിഴക്കുംഭാഗത്ത് ഒന്നരയേക്കർ സ്ഥലത്താണ് ഹൈടെക് വീവിംഗ് മിൽ സ്ഥിതി ചെയ്യുന്നത്. ബൽജിയം, ജർമ്മനി, ചൈന, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക വിദേശനിർമ്മിത യന്ത്രങ്ങളുൾപ്പെടെ 30 കോടി രൂപ ചെലവഴിച്ചാണ് മിൽ സ്ഥാപിച്ചത്. തുണിയുൽപാദന മേഖലയിൽ ഉണ്ടാവാൻ പോകുന്ന കുതിച്ചുചാട്ടത്തിന് പുറമെ നിരവധി തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കുന്നു. പ്രത്യക്ഷമായും പരോക്ഷമായും 900 ത്തിലധികം പേർക്ക് ഇതുവഴി തൊഴിൽ ലഭിക്കും. 

കേരള സ്റ്റേറ്റ് ടെക്‌സ്റ്റെയിൽ കോർപ്പറേഷന്റെ കീഴിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന ഏഴാമത്തെ സ്ഥാപനം കൂടിയാണിത്. ആഭ്യന്തര അന്താരാഷ്ട്ര വിപണികൾ ലക്ഷമിട്ട് വ്യാവസായികാടിസ്ഥാനത്തിൽ ഗുണമേന്മയുള്ള തുണി ഉൽപാദിപ്പിക്കുന്നതോടൊപ്പം യന്ത്രവൽകൃത ഡബ്ലിംഗ് പ്രവൃത്തിയും ഇവിടെ നടക്കും. 

24 മണിക്കൂറും പ്രവർത്തിക്കുന്ന മില്ലിൽ അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഒരു ദിവസം 15,000 മീറ്റർ തുണി ഉൽപാദിപ്പിക്കും. പൊതുമേഖലയിൽ പ്രതിദിനം 10,000 മീറ്ററിലധികം തുണി ഉൽപ്പാദിപ്പിക്കുന്ന ഏക സ്ഥാപനം കൂടിയാവുമിത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നെയ്ത്ത് നടക്കുന്നുണ്ട്. നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപറേഷന് വേണ്ടി നൂൽ ഡബ്ലിംഗ് ചെയ്ത് നൽകുന്നുമുണ്ട്.

തുണിയുൽപാദന രംഗത്ത് പൊതുമേഖയുടെ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്ന വീവിംഗ് മില്ലിന്റെ നിർമ്മാണ പ്രവൃത്തികൾ 2011 പൂർത്തീകരിച്ചിരുന്നു. ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട കോടതി നടപടികളും മറ്റ് ചില സാങ്കേതിക കാരണങ്ങളാലും ഉദ്ഘാടനം വൈകി. ഈ സർക്കാർ അധികാരത്തിലേറിയ ശേഷമാണ് ഹൈടെക് വീവിംഗ് മിൽ പ്രവർത്തനം ആരംഭിക്കുന്നതിന് ത്വരിതഗതിയിൽ നടപടിയെടുത്തത്. മില്ലിന് കൂടുതലായി ആവശ്യമുള്ള സ്ഥലം ഏറ്റെടുക്കുന്നതിനും ഗതാഗത സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനുമുള്ള നടപടികളും അനുബന്ധമായി പുരോഗമിക്കുകയാണ്.

 

date