Skip to main content

നവ്യാനുഭവം പകർന്ന് ജില്ലാതല ഉൾചേർച്ചാ കലോത്സവം

 

സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉൾചേർച്ചാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'മഴവില്ല്' കലോത്സവത്തിന് ജില്ലയിൽ തുടക്കമായി. ടാഗോർ വിദ്യാനികേതനിൽ കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ ഉയർത്തിക്കൊണ്ടുവരുന്നതിനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്തിരിക്കുന്ന ഉൾചേർച്ചാ കലോത്സവത്തിൽ ജില്ലയിലെ 15 ബി ആർ സി കളിൽ നിന്നായി 370 ൽപ്പരം ഭിന്നശേഷി കുട്ടികളാണ് പങ്കെടുത്തത്.  മത്സരമൊഴിവാക്കിക്കൊണ്ടാണ് കലോത്സവം സംഘടിപ്പിച്ചത്. 18 വിഭാഗങ്ങളിലായി നടന്ന കുട്ടികളുടെ കലാപ്രകടനം കാഴ്ചക്കാർക്ക് നവ്യാനുഭവം സമ്മാനിച്ചു. കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹനമായി സാക്ഷ്യപത്രവും ഉപഹാരവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാരം നേടിയ ടി പി ഹിബയെ ചടങ്ങിൽ ആദരിച്ചു. 

ജെയിംസ് മാത്യു എം എൽ എ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ രാജേഷ്, സ്റ്റേറ്റ് പ്രൊജക്ട് ഓഫീസർ ഡോ. എ പി കുട്ടികൃഷ്ണൻ, ജില്ലാ പ്രൊജക്ട് ഓഫീസർ കെ ആർ അശോകൻ, ടാഗോർ വിദ്യാനികേതൻ പ്രധാനധ്യാപകൻ തോമസ് ഐസക് തുടങ്ങിയവർ പങ്കെടുത്തു.

 

date