Skip to main content

പ്രത്യേക പത്രക്കുറിപ്പ്  സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം 20 മുതല്‍ 27 വരെ ജില്ലാതല ഉദ്ഘാടനം ഇന്ന്(20) പത്തനംതിട്ടയില്‍ മന്ത്രി കെ. രാജു നിര്‍വഹിക്കും

 

പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ പ്രദര്‍ശന വിപണന ഭക്ഷ്യമേള

എല്ലാ ദിവസവും സെമിനാറുകളും സാംസ്‌കാരിക പരിപാടികളും

വികസന ഡോക്യുമെന്ററി പ്രദര്‍ശനം

പ്രവേശനം സൗജന്യം. പ്രദര്‍ശനം രാവിലെ 10 മുതല്‍ രാത്രി 8 വരെ

സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ആയിരം ദിവസത്തെ ഭരണമികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടവും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് പത്തനംതിട്ട നഗരസഭയുടെ ഇടത്താവള മൈതാനത്ത് ഇന്നു(20) മുതല്‍ 27 വരെ വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (20) ഉച്ചയ്ക്ക് ശേഷം മൂന്നിന് വനംമന്ത്രി കെ.രാജു നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, എഡിഎം പി.റ്റി.എബ്രഹാം, നഗരസഭാധ്യക്ഷരായ ഗീതാ സുരേഷ്, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ഷൈനി ബോബി, റ്റി.കെ.സതി, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍   അഡ്വ. പീലിപ്പോസ് തോമസ്, ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍, ലേബര്‍ ഫെഡ് ചെയര്‍മാന്‍ അഡ്വ.മണ്ണടി അനില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.റ്റി.കെ.ജി.നായര്‍, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, നഗരസഭാ വൈസ്‌ചെയര്‍മാന്‍ എ.സഗീര്‍, നഗരസഭാ കൗണ്‍സിലര്‍ അന്‍സാര്‍ മുഹമ്മദ്, മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി.ഉദയഭാനു, എ.പി.ജയന്‍, ബാബുജോര്‍ജ്, അശോകന്‍ കുളനട, അലക്‌സ് കണ്ണമല തുടങ്ങിയവര്‍ പങ്കെടുക്കും. 

നിരവധി ക്ഷേമ വികസന പദ്ധതികളും നാടിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന ചരിത്ര ദൗത്യങ്ങളും ഏറ്റെടുത്ത് ആയിരം ദിവസങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നിടുകയാണ്. പ്രളയാനന്തര കേരളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേമപരിപാടികള്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കി മികച്ച ഗുണഫലങ്ങളാണ് സമൂഹത്തിന് ലഭ്യമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിവസങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായ ഡോക്യുമെന്ററികള്‍ വേദിയിലെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ആഘോഷ പരിപാടികളോടനുബന്ധിച്ച് പ്രദര്‍ശനങ്ങള്‍, വികസന സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടക്കും. ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമേറിയ രുചി വിഭവങ്ങള്‍ അണിനിരത്തുന്ന ഭക്ഷ്യമേളയും ഇതോടനുബന്ധിച്ച് നടക്കും. ഇന്ന്് (20) വൈകിട്ട് ആറ് മുതല്‍ കേരള ഫോക്ക്‌ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തായില്ലം തിരുവല്ലയും പാട്ടില്ലം മല്ലപ്പള്ളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന നാടന്‍ പാട്ടും  ദൃശ്യവിരുന്നും നടക്കും. 

21ന് രാവിലെ 11 മുതല്‍ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിക്ഷേപ സൗഹൃദ പ്രോത്സാഹന ആക്ടും കെ -സ്വിഫ്റ്റും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ജാഗ്രത സെമിനാര്‍ നടക്കും. വൈകിട്ട് ആറ് മുതല്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തവും ഗാനങ്ങളും അരങ്ങേറും. 

22ന് രാവിലെ 11 മുതല്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ നേതൃത്വത്തില്‍ വൈദ്യുതി സുരക്ഷ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് ആറ് മുതല്‍ കുടുംബശ്രീ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗോത്രകലാമേളയും നടക്കും. 

23ന് രാവിലെ 11 മുതല്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ പങ്ക് എന്ന വിഷയത്തില്‍ വനിതാശിശുവികസന വകുപ്പിന്റെ സെമിനാര്‍ നടക്കും. വൈകിട്ട് ആറിന് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാക്കാരശി നാടകം, ഓട്ടന്‍തുള്ളല്‍, മാജിക് ഷോ, പാവനാടകം എന്നിവ നടക്കും. 

24ന് രാവിലെ 11 മുതല്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും പൊതുസമൂഹവും എന്ന വിഷയത്തില്‍ എക്‌സൈസ് വകുപ്പിന്റെ സെമിനാര്‍ നടക്കും. വൈകിട്ട് അഞ്ച് മുതല്‍ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പടയണി, മുടിയാട്ടം, വാണിയക്കോലം, നാടന്‍പാട്ട് എന്നിവ നടക്കും. വൈകിട്ട് 6.30 മുതല്‍ കടമ്പനാട് ജയചന്ദ്രനും സംഘവും നാടന്‍പാട്ട് അവതരിപ്പിക്കും. 

25ന് രാവിലെ 10.30 മുതല്‍ പൊതുവിദ്യാഭ്യാസം മുന്നോട്ട് എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ പട്ടികജാതി സമൂഹവും നവോഥാന മുന്നേറ്റങ്ങളും എന്ന വിഷയത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകിട്ട് ആറ് മുതല്‍ മലപ്പുറം സംസ്‌കൃതിയുടെ പാവനാടകം. രാത്രി ഏഴ് മുതല്‍ സ്വരലയയുടെ ഗാനമേള. 

26ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ ഉത്തരവാദിത്ത ടൂറിസം എന്ന വിഷയത്തില്‍ ടൂറിസം വകുപ്പിന്റെ സെമിനാര്‍ നടക്കും. വൈകിട്ട് ആറ് മുതല്‍ മലപ്പുറം സംസ്‌കൃതിയുടെ പാവനാടകം. വൈകിട്ട് 6.30 മുതല്‍ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാടന്‍പാട്ട്. 

27ന് വൈകിട്ട് ആറ് മുതല്‍ മലപ്പുറം സംസ്‌കൃതിയുടെ പാവനാടകം. രാത്രി ഏഴു മുതല്‍ വവ്വാക്കാവ് യൗവന അവതരിപ്പിക്കുന്ന നാടകം - പൊട്ടന്‍. 

27ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വീണാ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എംഎല്‍എമാരായ രാജു ഏബ്രഹാം, അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, എഡിഎം പി.റ്റി. ഏബ്രഹാം, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.         (പ്രതേ്യക പത്രക്കുറിപ്പ് 7/19)

date