Skip to main content

ടൂറിസം വ്യവസായത്തിന്റെ ഭാവി സാംസ്‌കാരിക രംഗത്ത്: മന്ത്രി കടകംപള്ളി

 

കേരളത്തിന്റെ ടൂറിസം വ്യവസായത്തിന്റെ ഭാവി സാംസ്‌കാരിക വിനോദസഞ്ചാര രംഗത്താണെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിനോദസഞ്ചാര മേഖലയില്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പൈതൃക പദ്ധതികള്‍ ഇതു മുന്‍നിര്‍ത്തിയുള്ളതാണെന്നും മന്ത്രി പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) 30-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള വിനിമയം വിനോദ സഞ്ചാര രംഗത്ത് ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. മുസിരിസ് പദ്ധതി, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികള്‍ തുടങ്ങിയവ ഈ ലക്ഷ്യത്തിലുള്ളതാണ്. പുതിയ ടൂറിസം ഉത്പന്നങ്ങള്‍ കണ്ടെത്തേണ്ടത് ഈ വ്യവസായത്തിന്റെ തനിമ നിലനിര്‍ത്തുന്നതില്‍ അനിവാര്യമാണ്. ടൂറിസം മേഖലയിലെ ചര്‍ച്ചകളും പഠനങ്ങളും ഇതു മുന്‍നിര്‍ത്തിയാകണമെന്നും മന്ത്രി പറഞ്ഞു.

കിറ്റ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്ത് അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ വിദ്യാ മോഹന്‍, കിറ്റിസ് പ്രിന്‍സിപ്പാള്‍ ഡോ.  വി. രാജേന്ദ്രന്‍, കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 245/2019)

 

 

date