Skip to main content

വികസനത്തോടൊപ്പം ചേര്‍ന്ന് ബേപ്പൂര്‍ നിയോജക മണ്ഡലം

 

സര്‍ക്കാര്‍ ആയിരം ദിനം തികയ്ക്കുമ്പോള്‍ എടുത്തു പറയേണ്ട ആയിരത്തിലധികം വികസന പ്രവര്‍ത്തനങ്ങളാണ് വി.കെ.സി മമ്മദ് കോയ എം.എല്‍.എയുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തിയത്. സംസ്ഥാനത്തിന്റെ വികസന പാതയില്‍ മാതൃക സൃഷ്ടിച്ച ലൈഫ്, ആര്‍ദ്രം, ഹരിത കേരള മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയ്ക്കൊപ്പം നവകേരള മിഷനും ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ വികസനത്തിന് മുതല്‍കൂട്ടായി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സാധിച്ചു. ഫറോക്ക് ഗവ. ഗണപത് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 6.71 കോടി രൂപ ചെലവിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. കൂടാതെ മികവിന്റെ കേന്ദ്രമാക്കുന്നതിനായി ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് 41 കോടി രൂപയും ബേപ്പൂര്‍ ഗവ. ഹൈസ്‌ക്കൂള്‍ 3.5 കോടി, കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നല്ലളം ഗവ. ഹൈസ്‌ക്കൂളിന് മൂന്ന് കോടിയും, നടുവട്ടം ഗവ. യു.പി. സ്‌കൂളിന് രണ്ട് കോടിയും നല്ലൂര്‍ ഗവ. ഗണപത് യു.പി. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി ഒരു കോടിയും അനുവദിച്ചു. പത്ത് കോടി ചെലവിലാണ് ഫറോക്ക് ഗവ. ഗണപത് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മിക്കുന്നത്. ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിനും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 4.5 കോടി അനുവദിച്ചപ്പോള്‍ ചെറുവണ്ണൂര്‍ ഗവ.വൊക്കേഷണല്‍ സ്‌കൂളിലെ സയന്‍സ് ലാബ് നവീകരണത്തിന് 22.5 ലക്ഷം രൂപയും കൂടാതെ മണ്ഡലത്തിലെ സര്‍ക്കാര്‍ -എയ്ഡഡ് മേഖലയിലെ എട്ട് മുതല്‍ 12 വരെയുള്ള ഒന്‍പത് സ്‌കൂളുകളിലെ 335 ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി. കരുവന്‍ത്തുരുത്തി ഗവ. മാപ്പിള എല്‍.പി സ്‌കൂള്‍ 75 ലക്ഷം, കടലുണ്ടി കടുക്ക ബസാര്‍ ഗവ.എല്‍.പി. സ്‌ക്കൂള്‍ 50 ലക്ഷം, ബേപ്പൂര്‍ ഗവ. റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂള്‍ ചുറ്റുമതില്‍ നിര്‍മ്മാണത്തിനും വൈദ്യുതീകരണത്തിനുമായി 40 ലക്ഷം രൂപയും അനുവദിച്ചു. നല്ലൂര്‍ ഗവ. ഗണപത് യുപി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി 50 ലക്ഷം, മുക്കത്ത് കടവ് ഗവ.എല്‍ പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി എം. എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപയും അനുവദിച്ചു.
റോഡ് ഗതാഗതം സുഖകരമാക്കുന്നതിനായി ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ച നിയോജക മണ്ഡലമാണ് ബേപ്പൂര്‍. മണ്ണൂര്‍ - കടലുണ്ടി - ചാലിയം റോഡ് നവീകരണത്തിനായി 45.54 കോടി രൂപയാണ് വകയിരുത്തിയത്. 19 കോടി ചെലവില്‍ ഫറോക്ക് റെയ്ല്‍ ഓവര്‍ ബ്രിഡ്ജ് (ഇളയിടത്ത് കുന്ന്) നിര്‍മ്മാണവും പൂത്തോളം -രാംകുളം മുതല്‍ കരുവന്‍തുരുത്തി പാലം വരെ (പാണ്ടിപാടം മുക്കോണം വഴി) പുതിയ റോഡ് നിര്‍മ്മാണത്തിനായി 30 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുത്ത് നവീകരിച്ച ബേപ്പൂര്‍ - ചെറുവണ്ണൂര്‍ റോഡിന് 25 കോടി, ബേപ്പൂര്‍ പുളിമുട്ട് മുതല്‍ വട്ടക്കിണര്‍ വരെ സ്ഥലമേറ്റെടുത്ത് റോഡ് നവീകരണത്തിന് 25 കോടി, ഫറോക്ക് കോളെജ് - രാമനാട്ടുകര റോഡ് നവീകരണത്തിനായി മൂന്ന് കോടി എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്. 2.39 കോടി ചെലവില്‍ നിര്‍മ്മിച്ച കുണ്ടായിത്തോട് റെയ്ല്‍വെ അണ്ടര്‍ ബ്രിഡ്ജ് (ആര്‍.യു.ബി) ഗതാഗതപ്രശ്നത്തിന് ഏറെ ആശ്വാസകരമാണ്. കൂടാതെ അരീക്കോട്-കുന്നത്ത് പാലം -മാത്തറ - പാലാഴി - കോവൂര്‍ റോഡ് നവീകരണത്തിത് 10കോടി, മണ്ഡലത്തിലെ അഞ്ച് തീരദേശ റോഡുകളുടെ നവീകരണത്തിനായി 3 കോടി 57 ലക്ഷം രൂപയും ഈ സര്‍ക്കാറിന്റെ കാലയവില്‍ ഉപയോഗപ്പെടുത്തി. 
ആര്‍ദ്രം പദ്ധതിയിലൂടെ മണ്ഡലത്തിലെ ആരോഗ്യമേഖലയ്ക്കും പുത്തന്‍ ഉണര്‍വുണ്ടായി. ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിച്ചു. ഒപിയില്‍ എല്ലാ വിഭാഗത്തിനും സ്പെഷ്യലൈസ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുകയും ഒപി നവീകരണത്തിന് ഒരു കോടി ചെലവഴിക്കുകയും ചെയ്തു. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചതും ഈ കാലയളവിലാണ്. രാമനാട്ടുകര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുകയും ചാലിയം, ബേപ്പൂര്‍ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടിയും സ്വീകരിച്ചു. ഈ വര്‍ഷം അവസാനത്തോടെ എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി രാമനാട്ടുകരയില്‍ കുടിവെള്ള വിതരണ ലൈന്‍ - ടാങ്ക് നിര്‍മ്മിക്കാന്‍ 27 കോടി രൂപ ചെലവഴിച്ചു. ഫറോക്കില്‍ സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്ക് പുറമെ എം.എല്‍.എ ഫണ്ടില്‍ നിന്നും 18.65 കോടി രൂപയും നീക്കിവെച്ചു. കടലുണ്ടി പ്രദേശത്തെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി 3.5 കോടി രൂപയും ബേപ്പൂര്‍ - ചെറുവണ്ണൂര്‍ എന്നിവിടങ്ങളില്‍ അമൃത് പദ്ധതിയ്ക്ക് പുറമെ 90 ലക്ഷം രൂപ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മാറ്റി വെച്ചിട്ടുണ്ട്. 
സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിച്ച ബേപ്പൂരില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നല്ലൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മ്മിച്ചു. രാമനാട്ടുകര കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിന് പുതിയ കെട്ടിടം പണിയുന്നതിനായി 65 ലക്ഷം രൂപയും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 26 കോടി രൂപയും ചെലവഴിച്ചു. നാടിന്റെ വികസനം സമൂഹത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും എത്തിച്ചു കൊടുക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നു. ഇതിന്റെ ഫലമായാണ് എസ്.സി/എസ്.ടി കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു വന്നതും കോളനിവാസികള്‍ സാധാരണ ജീവിതം നയിക്കുന്നതും. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ കടലുണ്ടി പഞ്ചായത്തിലെ വടകൊടിതറ കോളനി - കൊല്ലാര്‍ക്കുന്ന് കോളനി - പൈക്കുറ്റി കോളനി എന്നിവയുടെ   നവീകരണത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വീതവും മൂന്ന് ഘട്ടങ്ങളിലായി പ്രവൃത്തി നടക്കുന്ന ചെറുവണ്ണൂര്‍ നല്ലെക്കം മങ്ങുനിത്തോട് നവീകരണത്തിന് 140 ലക്ഷം രൂപയും വകയിരുത്തി. കൂടാതെ ചാലിയം ഷിപ്പിങ് ലാന്റിങ് സെന്ററിന് 18 കോടി രൂപയും എം.എല്‍.എ ഫണ്ടില്‍ നിന്നും വിനിയോഗിച്ചു. 

date