Skip to main content

മണ്ണെണ്ണ പെർമിറ്റിന് അപേക്ഷിക്കാം

ആലപ്പുഴ: മത്സ്യബന്ധനത്തിന് സബ്‌സിഡിയോടുകൂടി വെള്ള മണ്ണെണ്ണ ലഭിക്കാനുള്ള 2019- 2020 വർഷത്തെ പെർമിറ്റ് കാർഡ് പുതുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, , വള്ളത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിഷിങ്ങ് ലൈസൻസ് (പുതിയത്), ആധാർ കാർഡ് നമ്പർ,ഗുണഭോക്താവിന്റെ പേരിലുള്ള സിംഗിൾ ബാങ്ക് അക്കൗണ്ട്, ക്ഷേമനിധി ബോർഡ് അംഗത്വ നമ്പർ, സംഘത്തിന്റെ പേരും അംഗത്വ നമ്പരും സഹിതം മത്സ്യഫെഡ് ക്ലസ്റ്റർ ഓഫീസുകളിൽ ഫെബ്രുവരി 25നകം ഹാജരാക്കണം. പരിശോധന സമയത്ത് ഇവയുടെ ഒറിജിനൽ രേഖകൾ നേരിട്ട് ഹാജരാക്കണം. അപേക്ഷകൾ മത്സ്യഫെഡ് ക്ലസ്റ്റർ ഓഫീസിലും സഹകരണ സംഘങ്ങളിലും ലഭിക്കും. ഫോൺ: 0477-2241597, 9526041364, 9526041365, 9526041153, 9526041153, 9526041154

 

അപേക്ഷ ക്ഷണിച്ചു

വെളിയനാട് : വെളിയനാട്  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഭവനരഹിതരായ ഗുണഭോക്താക്കൾക്ക് പി.എം.എ.വൈ പദ്ധതിയിൽ ഭവന നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ  ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർക്ക് 21നകം നേരിട്ട് നൽകണം. വിവരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെടുക. 

 

ജില്ലയിൽ ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കും  :ശിൽപശാല

മുഹമ്മ:ജില്ലയിൽ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന്   മുഹമ്മയിൽ ചേർന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതി ഏകദിന ശിൽപശാല. സംസ്ഥാന ടൂറിസം വകുപ്പിന്റേയും   ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ആഭിമുഖ്യത്തിലാണ് മുഹമ്മയിൽ പദ്ധതിയുടെ ഉദ്ഘാടനവും

 ഏകദിന അവബോധ ശില്പശാലയും  നടന്നത്.  ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല കളക്ടർ എസ്.സുഹാസ്  മുഖ്യാതിഥിയായി. മുഹമ്മ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ മഞ്ജു അധ്യക്ഷത വഹിച്ചു.ടൂറിസം മേഖലയുടെ ഗുണഫലങ്ങൾ തദ്ദേശ വാസികൾക്ക് ലഭിക്കാനും ദോഷ ഫലങ്ങൾ കുറയ്ക്കുവാനും ലക്ഷ്യമിടുന്ന ഉത്തരവാദിത്വ ടൂറിസം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ  ഉത്തരവാദിത്വ ടൂറിസം മിഷൻ രൂപീകരിച്ചിരിക്കുന്നത്. പ്രവർത്തനം ആരംഭിച്ച്  ഒരു വർഷം തികയുമ്പോൾ സംസ്ഥാനത്താകെ  75000 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചിരിക്കുന്നത.്പ്രളയാനന്തരം ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്ക് ഉണർവ്വ് പകരാൻ പദ്ധതി സഹായിക്കുമെന്ന് ജില്ല കളക്ടർ പറഞ്ഞു.പദ്ധതിയിൽ കാർഷിക മേഖലയേയും  പാതിരമണലിന്റെ വികസനവും ഉൾപ്പെടുത്തണമെന്ന്   ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ചടങ്ങിൽ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി. ജി.അഭിലാഷ് കുമാർ,ഡി.   ടി. പി.സി.സെക്രട്ടറി എം.മാലിൻ, ഉത്തരവാദിത്വ മിഷൻ ജില്ല കോർഡിനേറ്റർ ഹരീഷ് എസ്.എന്നിവർ  സംസാരിച്ചു . ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ കേരളത്തിൽ,ഓണ്‌ലൈൻ പ്ലാറ്റ്ഫോമുകൾ,ആലപ്പുഴ ജില്ലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും നടന്നു. 

 

ജയിലിൽ മയക്കുമരുന്ന് ഉപഭോഗം കൂടുന്നു: ഡി.എൽ.എസ്.എ സബ് ജഡ്ജ് വി. ഉദയകുമാർ.

 

ആലപ്പുഴ : സംസ്ഥാനത്തെ ജയിലുകളിലെ അന്തേവാസികൾക്കിടയിൽ മയക്കുമരുന്ന് ഉപഭോഗം കൂടിയെന്ന് ഡി.എൽ.എസ്.എ സബ് ജഡ്ജ് വി. ഉദയകുമാർ.  ജയിൽ അന്തേവാസികളുടെ മയക്ക്മരുന്ന് ഉപയോഗ നിരോധനത്തിനായി ഉദ്യോഗസ്ഥർക്കുള്ള   ഏക ദിന പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷന്മാരെക്കാൾ ഒരു പടി മുന്നിലേക്ക് സ്ത്രീകളെത്തിയപ്പോൾ സാമൂഹ്യ പരമായി പല പ്രത്യാഘാതങ്ങളുമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.. വിദ്യാഭ്യാസ പരമായും ആരോഗ്യപരമായും സാമൂഹ്യ പരമായും ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ മയക്ക് മരുന്നിന്റെ ഉപയോഗം കേട്ടാൽ ഞെട്ടുന്നതാണ്.  വ്യാവസായിക വിപ്ലവത്തോടെ  കൂട്ടുകുടുംബ വ്യവസ്ഥ തകർന്നുവെന്നും   ഡേ കെയറുകളും റെസിഡെന്റ്ഷ്യൽ സ്‌കൂളുകളും  ഉയർന്നുവന്നതോടെ  സാമുഹ്യ പശ്ചാത്തലം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തുടർന്ന്  'മയക്ക് മരുന്ന് ഉപയോഗവും കാരണങ്ങളും, പരിഹാരങ്ങളും', 'മയക്ക് മരുന്ന് ഉപയോഗ നിയന്ത്രണം' എന്നീ വിഷയങ്ങളിൽ  ജില്ല മാനസിക ആരോഗ്യ പരിപാടി  മാനസിക രോഗ വിദഗ്ധൻ ഡോ. സന്ദീപ്, എറണാകുളം സെൻട്രൽ സോൺ എക്സൈസ് ജോയിന്റ് കമ്മിഷണർ എൻ. എസ്. സലിംകുമാർ എന്നിവർ   ക്ലാസെടുത്തു. പുന്നമടയിൽ നിന്നാരംഭിച്ച ഹൗസ് ബോട്ടിലാണ് ജില്ലാ ജയിൽ വകുപ്പും, വെല്ലൂർ  അക്കാദമി ഓഫ് പ്രിസൺ ആൻഡ് കറക്ഷണൽ അഡ്മിനിസ്‌ട്രേഷനും ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. പ്രിസൺസ് ഡി. ഐ. ജിയും എസ്. ഐ. സി. എ ഡയറക്ടറുമായ എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വെല്ലൂർ എ. പി. സി. എ.  സോഷ്യൽ വർക്ക് പ്രൊഫസർ ബ്യൂല ഇമ്മാനുവേൽ, റീജിയണൽ വെൽഫെയർ ഓഫീസർ ടി. ജി സന്തോഷ് ., ജയിൽ സൂപ്രണ്ട് ആർ. സാജൻ, പ്രിസൺസ് ഐ. ജി. എച്. ഗോപകുമാർ എന്നിവർ പങ്കെടുത്തു.

 

 

 

date