Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം: ജില്ലാതല മേളക്ക് ഇന്ന് തുടക്കം

 

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ ഇന്നു (ഫെബ്രുവരി 20) തുടങ്ങും. ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 21നു വൈകീട്ട് നാലിന് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരോഗ്യ, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. സി.കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി, പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള വായ്പാ വിതരണം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിളംബരം ചെയ്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനമേളയും രണ്ടുലക്ഷം പേര്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണവും ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ടൂറിസം കേന്ദ്രങ്ങളിലെ ഓണ്‍ലൈന്‍ ടിക്കറ്റിങ് ഉദ്ഘാടനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ തമ്പി, ടി എസ് ദിലീപ് കുമാര്‍, ലതാ ശശി, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എം നാസര്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍ സ്വാഗതവും എഡിഎം കെ അജീഷ് നന്ദിയും പറയും. 

കഴിഞ്ഞ മൂന്നു വര്‍ഷക്കാലം സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്നതാണ് ആയിരം ദിനാഘോഷത്തിന്റെ ലക്ഷ്യം. ഫെബ്രുവരി 20 മുതല്‍ 27 വരെയാണ് ആഘോഷപരിപാടികള്‍. എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ ആഘോഷ പരിപാടികളാണ് നടത്തുക. ജില്ലാതലത്തില്‍ വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം, കൃഷി, ആരോഗ്യം, ആദിവാസി വികസനം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും നടക്കും. ഫെബ്രുവരി 27നു ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

date