Skip to main content

സിനിമാ മേഖലയില്‍ കുത്തകകളുടെ സ്വാധീനം ഇല്ലാതായി- മന്ത്രി എ.കെ.ബാലന്‍

 

സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം സിനിമാ മേഖലയില്‍ കുത്തകകളുടെ സ്വാധീനം ഇല്ലാതായെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലന്‍. ഏതു പടം ഏതു തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വിതരണക്കാര്‍ തീരുമാനിക്കുന്ന അവസ്ഥയ്ക്ക് ഇപ്പോള്‍ മാറ്റം വന്നു. പടം ഓടണ്ട എന്ന്് ആരു വിചാരിച്ചാലും നടക്കാത്ത അവസ്ഥയുണ്ടാവുകയും സിനിമാമേഖലയില്‍ പുത്തനുണര്‍വ് ഉണ്ടാവുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.പേരാമ്പ്രയില്‍ കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മിക്കുന്ന മള്‍ട്ടിപ്ലക്സ് തിയേറ്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ തിയറ്ററുകള്‍ കൊണ്ടുവരിക എന്ന തീരുമാനവും ഈ മേഖലയില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിന്റെ ഭാഗമാണ്. ഒരു പടം റിലീസ് ആയി ആറുമാസം കഴിഞ്ഞേ ഗ്രാമങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുന്നുള്ളൂ എന്ന അവസ്ഥ ഇതോടെ മാറും. ഈ വര്‍ഷം പേരാമ്പ്രയിലേതുള്‍പ്പെടെ പത്ത് മള്‍ട്ടിപ്ലക്സ് തിയറ്ററുകളാണ് കിഫ്ബിയുടെ സഹായത്തോടെ സംസ്ഥാനത്ത് കോര്‍പറേഷന്റെ കീഴില്‍  ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 16 തിയറ്ററുകളാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ തിയറ്ററുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും മന്ത്രി പറഞ്ഞു. പേരാമ്പ്രയിലെ മള്‍ട്ടിപ്ലക്സ് തിയറ്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 ന് തന്നെ ആരംഭിക്കുമെന്നും ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന അധ്യക്ഷയായി.മുന്‍ എംഎല്‍എ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍,പേരാമ്പ്ര വികസന മിഷന്‍ കണ്‍വീനര്‍ എം.കുഞ്ഞമ്മദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുജാത മനയ്ക്കല്‍, എ.കെ.ബാലന്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബിജു,കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ ദീപ ഡി നായര്‍,പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി.കെ.സുനീഷ്, മിനി പൊന്‍പാറ, ലതിക തുടങ്ങിയവര്‍ സംസാരിച്ചു. കെഎസ്എഫ്ഡിസി അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ഒ.വി.തദ്ദേവൂസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date