Skip to main content

സുരക്ഷിതയാത്ര ഉറപ്പാക്കി സേഫ് കേരള;  പദ്ധതിക്ക് ഇന്ന് തുടക്കമാകും 

 

വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങളും അപകടമരണങ്ങളും ഗണ്യമായി കുറച്ച് സുരക്ഷിതവും തടസ്സരഹിതവുമായ യാത്രാസൗകര്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പ് തയ്യാറാക്കിയ 'സേഫ് കേരള' പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ചടങ്ങിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുക. 
ശബരിമല തീര്‍ത്ഥാടന കാലത്ത് ഉണ്ടാകുന്ന അപകടങ്ങളും മരണനിരക്കും കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് വിജയകരമായി നടപ്പിലാക്കിയ സേഫ് സോണ്‍ പദ്ധതിയുടെ  ചുവട് പിടിച്ചാണ്, കേരളത്തിലെ നിരത്തുകളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സേഫ് കേരള പദ്ധതി ആരംഭിച്ചത്. 14 ജില്ലകളിലായി 14 എന്‍ഫോഴ്‌സ്‌മെന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ കീഴില്‍ 85 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ് കേരളത്തിന്റെ സുപ്രധാന നിരത്തുകളില്‍ എല്ലാ ദിവസവും 24 മണിക്കൂറും സേവനത്തിനും സഹായത്തിനുമായി വിന്യസിക്കുക.     14 എന്‍ഫോഴ്സ്മെന്റ് റീജിയ ണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരെ കൂടാതെ 65 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 187 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഈ സ്‌ക്വാഡില്‍ ഉണ്ടാകും.
    24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായ 14 കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തന സജ്ജമാക്കുന്നുണ്ട്.     ആധുനിക സാങ്കേതിക വിദ്യയുടെയും, ഉപകരണങ്ങളുടെയും സഹായത്തോടെ വാഹനങ്ങളെയും, വാഹനം ഓടിക്കുന്നവരെയും നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനും ഈ കണ്‍ട്രോള്‍ റൂം വഴി സാധ്യമാകും.    അപകടം ഇല്ലായ്മ ചെയ്യുന്നതിനും, അപകടമുണ്ടായാലുടന്‍ അടിയന്തിര സഹായത്തിനും വിവിധ വകുപ്പുളുടെ ഏകോപനത്തിനും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും റോഡുകളിലെ മറ്റ് സഹായങ്ങള്‍ക്കും ഈ സ് ക്വാഡുകള്‍ കര്‍മനിരതരാകും. 
വാഹന പരിശോധനകള്‍ക്കുപരിയായി സാങ്കേതിക സംവിധാനങ്ങളോടെ, റോഡ് സുരക്ഷ മുന്‍നിര്‍ത്തിയുമുള്ള ബോധവത്കരണത്തിലധിഷ്ടിതമായ വാഹന പരിശോധനയാണ് ഈ പദ്ധതിവഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.     കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള നിര്‍ദ്ദേശങ്ങളും സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും, റോഡ് ഉപയോഗിക്കുന്നതിനും, റോഡുപഭോക്തക്കളെ പ്രാപ്തരാക്കുന്നതരത്തിലുള്ള എന്‍ഫോഴ്സ്‌മെന്റ് സംവിധാനമാണ് ഈ പദ്ധതിവഴി നടപ്പില്‍ വരുത്തുന്നത്. ഇതിനായി 252 ഉദ്യോഗസ്ഥരെ നിയമിച്ച് പരിശീലനം നല്‍കിവരികയാണ്. 
2017 ല്‍ 4131 ഉം 2018 ല്‍ 4199 ഉം ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞത്. പ്രതിദിനം 97 അപകടങ്ങളിലായി 11 പേര്‍ മരിക്കുകയും 112 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു.  വര്‍ഷം തോറും മരണനിരക്കും അപകടനിരക്കും കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ നിരത്തുകള്‍ മരണക്കളമാകുന്നത് തടയാന്‍ സേഫ് കേരളയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.  

date